കളമശ്ശേരി സ്ഫോടനം: യുദ്ധകാല അടിസ്ഥാനത്തിൽ എല്ലാ ചികിത്സ സൗകര്യങ്ങളും ഉറപ്പാക്കിയെന്ന് വി.എൻ വാസവൻ
text_fieldsകൊച്ചി: കളമശ്ശേരി സാമ്രാ കൺവെൻഷൻ സെന്ററിൽ ഉണ്ടായ സ്ഫോടനത്തിൽ പരുക്കേറ്റവർക്ക് യുദ്ധകാല അടിസ്ഥാനത്തിൽ എല്ലാ ചികിത്സ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി വി.എൻ വാസവൻ. സ്ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ കളമശ്ശേരിയിലെ എറണാകുളം മെഡിക്കൽ കോളജിൽ സന്ദർശിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
അടിയന്തരമായി എല്ലാ ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കാൻ മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നുള്ളവരാണ് പരുക്കേറ്റവരിൽ ഉള്ളത്.
കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് പൊള്ളൽ ചികിത്സയിൽ വിദഗ്ധരായ അഞ്ചു ഡോക്ടർമാരും മെഡിക്കൽ കോളേജിലേക്ക് എത്തിയിട്ടുണ്ട്. മെഡിക്കൽ കോളജും മറ്റു ആശുപത്രികളും അടക്കമുള്ള ആധുനിക സേവനരംഗം അതീവ ജാഗ്രതയോടെ യുദ്ധകാല അടിസ്ഥാനത്തിൽ സാധ്യമായ രീതിയിലുള്ള എല്ലാ ചികിത്സയും പരുക്കേറ്റവർക്ക് ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
സംഭവം അതീവ ഗൗരവകരമാണ്. അതീവ ജാഗ്രതയോടെ പോലീസും മറ്റു സർക്കാർ സംവിധാനങ്ങളും അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. എല്ലാ ഏജൻസികളും ചേർന്നുള്ള പഴുതടച്ച അന്വേഷണം നടക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരായ കെ. രാജൻ, ആന്റണി രാജു, മേയർ എം. അനിൽകുമാർ, ചീഫ് സെക്രട്ടറി ഡോ. വി. വേണു, കൊച്ചി കലക്ടർ എൻ.എസ്.കെ ഉമേഷ് തുടങ്ങിയവരും പരുക്കേറ്റവരെ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

