പൊട്ടിത്തെറിച്ചത് സ്ഫോടക വസ്തുവെന്ന് ഡി.ജി.പി; അന്വേഷണത്തിന് പ്രത്യേക സംഘം
text_fieldsകൊച്ചി: കളമശേരി കൺവെൻഷൻ സെന്‍ററിൽ പൊട്ടിത്തെറിച്ചത് സ്ഫോടകവസ്തുവെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബ് പറഞ്ഞു. അന്വേഷണത്തിന് ഇന്ന് തന്നെ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കമീഷണർ ഉൾപ്പെടെയുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വിശദമായ അന്വേഷണം നടത്തുകയാണ്. എല്ലാ സാധ്യതകളും പരിശോധിച്ച് സ്ഫോടനത്തിന് പിന്നിലുള്ളവരെ കണ്ടെത്തും. എല്ലാവരോടും സമാധാനം പാലിക്കാനും സമൂഹമാധ്യമങ്ങളിൽ പ്രകോപനം സൃഷ്ടിക്കാതിരിക്കാനും അഭ്യർഥിക്കുകയാണ്. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും.
ഐ.ഇ.ഡി (ഇംപ്രവൈസ്ഡ് എക്സ്പ്ലൊസീവ് ഡിവൈസ്) പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിന്‍റെ സ്വഭാവം തുടങ്ങിയ കാര്യങ്ങൾ അന്വേഷണത്തിന് ശേഷമേ പറയാനാകൂം. ഇന്ന് തന്നെ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്നും ഡി.ജി.പി പറഞ്ഞു.
രാവിലെ 9.40ഓടെ കളമശേരി കൺവൻഷൻ സെന്‍ററിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിന സമ്മേളനം നടക്കുന്നതിനിടെയായിരുന്നു സ്ഫോടനം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സാരമായി പൊള്ളലേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

