സ്ഫോടനം നടന്നത് കണ്ണടച്ച് പ്രാർഥിക്കുന്നതിനിടെ; ആദ്യം പൊട്ടിത്തെറി, തുടർസ്ഫോടനം കേട്ടെന്ന് ദൃക്സാക്ഷികൾ
text_fieldsകൊച്ചി: കളമശേരിയിലെ കൺവെൻഷൻ സെന്‍ററിൽ സ്ഫോടനം നടന്നത് പ്രാർഥനക്കിടെ. പ്രാർഥന തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ തന്നെ സ്ഫോടനമുണ്ടായതായി ദൃക്സാക്ഷികൾ പറഞ്ഞു. എല്ലാവരും കണ്ണടച്ച് പ്രാർഥിക്കുകയായിരുന്നതിനാൽ സംഭവിച്ച കാര്യത്തിൽ വ്യക്തതയില്ലെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ഈ മാസം 27 മുതല്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന് കളമശേരിയിലെ സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്‍ററിൽ നടന്നത്. 2000ലേറെ ആളുകൾ പങ്കെടുത്തിരുന്നു. ഹാളിൽ നിരനിരയായി കസേരയിട്ടാണ് ആളുകൾ ഇരുന്നിരുന്നത്.
പ്രാർഥന തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ തന്നെ മധ്യഭാഗത്തായി സ്ഫോടനമുണ്ടായതായി ദൃക്സാക്ഷികളിലൊരാൾ മാധ്യമങ്ങളോട് പറഞ്ഞു. കണ്ണടച്ചുള്ള പ്രാർഥനയായതിനാൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. പുറത്തേക്ക് കടക്കാനായി ആളുകളുടെ തിക്കുംതിരക്കുമായിരുന്നു. കസേരയിട്ടതിനാൽ എളുപ്പം ഓടിരക്ഷപ്പെടാനും സാധിക്കുമായിരുന്നില്ല. അതിനിടെ വേദിക്ക് അരികെ വീണ്ടും സ്ഫോടനശബ്ദം കേട്ടു -ദൃക്സാക്ഷികൾ പറഞ്ഞു.
രാവിലെ 9.40ഓടെയുണ്ടായ സ്ഫോടനത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇവരിൽ സാരമായി പൊള്ളലേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സ്ഫോടനവസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് ഡി.ജി.പി പറഞ്ഞു. സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കർശന ജാഗ്രതയിലാണ് പൊലീസ്.
പരിക്കേറ്റവർ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായാണ് ചികിത്സയിലുള്ളത്. കൺവെൻഷൻ സെന്‍റർ പൂട്ടി സീൽ ചെയ്തിട്ടുണ്ട്. ബോംബ് സ്ക്വാഡ്, എൻ.ഐ.എ, തീവ്രവാദ വിരുദ്ധ സ്ക്വാഡ് തുടങ്ങിയവർ സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

