കളമശ്ശേരി സ്ഫോടനം: ദൗർഭാഗ്യകരമായ സംഭവമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കളമശ്ശേരി സ്ഫോടനം അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റ് വിശദാംശങ്ങൾ പരിശോധിച്ചുവരികയാണ്. ഡി.ജി.പി അടക്കമുള്ള ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിക്കുന്നുണ്ട്. മറ്റ് വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഫോടനത്തിൽ ഒരാൾ മരിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവർ ചികിത്സയിലാണ്. ഗൗരവമായി എടുത്തുകൊണ്ട് കാര്യങ്ങൾമുന്നോട്ട് നീക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഏതു തരത്തിലുള്ള സ്ഫോടനമാണു നടന്നതെന്നു വിദഗ്ധ പരിശോധനയ്ക്കുശേഷം മാത്രമേ പറയാനാകൂവെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഡൽഹിയിലുള്ള രാജീവ് കേരളത്തിലേക്ക് പുറപ്പെടും. ഫലസ്തീൻ വിഷയത്തിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള നടപടിയാണിതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു.
അവധിയിലുള്ള ആരോഗ്യപ്രവർത്തകരോട് തിരിച്ചെത്താൻ ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശം നൽകിയിരുന്നു. കളമശ്ശേരിയിലെ കൺവൻഷൻ സെന്ററിൽ സ്ഫോടനമുണ്ടായതിന് പിന്നാലെ സംസ്ഥാനത്ത് ജാഗ്രത നിർദേശം നൽകിയിരുന്നു. എറണാകുളത്തും തൃശൂരും അതീവ ജാഗ്രത പുലർത്താനാണു സംസ്ഥാന പൊലീസിന്റെ നിർദേശം. പ്രധാന റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കാനും നിർദേശം നൽകി. തീവ്രവാദ വിരുദ്ധ സ്ക്വാഡും ഫോറൻസിക് വിദഗ്ധരും കളമശേരിയിലെത്തിയിട്ടുണ്ട്.
ഇന്ന് രാവിലെയാണ് കളമശ്ശേരി സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

