കളമശ്ശേരി സ്ഫോടനം; തൃശൂരിൽ കീഴടങ്ങിയത് കൊച്ചി സ്വദേശി, ചോദ്യംചെയ്യൽ തുടരുന്നു
text_fieldsകൊച്ചി: കളമശ്ശേരി സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തമേറ്റെടുത്ത് തൃശൂർ കൊടകരയിൽ ഒരാൾ കീഴടങ്ങി. കൊച്ചി സ്വദേശിയായ ഡൊമിനിക് മാർട്ടിൻ (48) എന്നയാളാണ് കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് സുരക്ഷാ ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത് കുമാർ പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഡൊമിനിക് മാർട്ടിൻ പൊലീസ് സ്റ്റേഷനിൽ ബൈക്കിലെത്തിയത്. താനാണ് കളമശേരിയിൽ ബോംബ് വെച്ചതെന്ന് അറിയിച്ച് ഇയാൾ സ്‌റ്റേഷനിലെത്തുകയായിരുന്നു. താൻ യഹോവ സാക്ഷി വിശ്വാസിയാണെന്ന് ഇയാൾ അവകാശപ്പെട്ടതായി എ.ഡി.ജി.പി പറഞ്ഞു.
ഇയാളെ തൃശൂർ പൊലീസ് ക്യാംപിലേക്ക് മാറ്റി ചോദ്യംചെയ്യുകയാണ്. സ്‌ഫോടനം നടന്ന സമയം മാർട്ടിൻ സംഭവസ്ഥലത്തുണ്ടായിരുന്നോ എന്നതടക്കമാണ് പൊലീസ് പരിശോധിക്കുന്നത്.
അതേസമയം, കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പൊലീസ് പരിശോധനക്കിടെ സംശയകരമായി തോന്നി കസ്റ്റഡിയിലെടുത്തയാളെ വിട്ടയക്കുമെന്ന് പൊലീസ് അറിയിച്ചു. ഝാർഖണ്ഡ് സ്വദേശിയെയാണ് ബാഗ് പരിശോധിച്ചപ്പോൾ സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്തത്. ഇയാൾക്ക് സംഭവവുമായി ബന്ധമില്ലെന്നും മോചിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.
ഇന്ന് രാവിലെ 9.40ഓടെയാണ് കളമശേരി കൺവൻഷൻ സെന്‍ററിൽ പ്രാർഥനക്കിടെ സ്ഫോടനമുണ്ടായത്. ഒരാൾ മരിക്കുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിന സമ്മേളനം നടക്കുന്നതിനിടെയായിരുന്നു സ്ഫോടനം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. 18 പേർ ഐ.സി.യുവിൽ ചികിത്സയിലാണ്. ആറ് പേരുടെ നില ഗുരുതരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

