ബോംബ് വെച്ചത് ചോറ്റുപാത്രത്തിൽ; നീല കാറിനെക്കുറിച്ച് അന്വേഷണം
text_fieldsകൊച്ചി: കളമശ്ശേരിയിലെ യഹോവ സാക്ഷികളുടെ കൺവെൻഷനിൽ ഒരാളുടെ മരണത്തിനിടയാക്കിയ സ്ഫോടനം നടന്നത് ചോറ്റുപാത്രത്തിൽ വെച്ച ബോംബ് പൊട്ടിത്തെറിച്ചെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഹാളിന്റെ മധ്യഭാഗത്തെ വെള്ള കസേരകളിൽ ഒന്നിന്റെ താഴെയാണ് ചോറ്റുപാത്രമുണ്ടായിരുന്നത്. ഇതിനു തൊട്ടടുത്ത് നിന്ന സ്ത്രീയാണ് സ്ഫോടനത്തിൽ മരിച്ചത്. ഹാളിന്റെ മധ്യഭാഗത്ത് പ്രാർഥനക്ക് നിന്നവർക്കാണ് പരിക്കേറ്റത്. ചോറ്റുപാത്രത്തിൽ ഐ.ഇ.ഡി ബോംബാണ് ഉണ്ടായിരുന്നതെന്ന് വിവരം ലഭിച്ചിട്ടുണ്ട്.
ആദ്യം ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കണ്ണടച്ച് പ്രാർഥിക്കുകയായിരുന്ന വിശ്വാസികളെല്ലാം കണ്ണുതുറന്നു നോക്കുമ്പോൾ കണ്ടത് വലിയ തീഗോളം മുകളിലേക്ക് ഉയരുന്നതും തൊട്ടുപിന്നാലെയുണ്ടായ രണ്ട് തുടർ സ്ഫോടനങ്ങളുമാണ്. ഹാളിലെങ്ങും പുകയും കരിയും നിറഞ്ഞതോടെ ആളുകൾ പ്രാണരക്ഷാർഥം ഇറങ്ങി ഓടുകയായിരുന്നു. വെടിമരുന്നിന്റെ മണവും എങ്ങും നിറഞ്ഞതായി ദൃക്സാക്ഷികൾ പറയുന്നു.
ഇതിനിടെ സ്ഫോടന സമയത്ത് കൺവെൻഷൻ സെന്ററിൽനിന്ന് പുറത്തേക്ക് പോയ നീല സുസുകി ബെലേനോ കാറിലുണ്ടായിരുന്നത് പ്രതി ഡൊമിനിക് മാർട്ടിനാണെന്നാണ് പ്രാഥമിക നിഗമനം. കാറിലിരുന്ന് റിമോട്ട് ട്രിഗർ ചെയ്താണ് ബോംബ് പൊട്ടിച്ചതെന്ന് കണ്ടെത്തി. സെന്റർ വളപ്പിൽനിന്ന് പുറത്തിറങ്ങിയ ശേഷം മെഡിക്കൽ കോളജ്-എൻ.എ.ഡി റോഡിലൂടെ ആലുവ ഭാഗത്തേക്കാണ് കാർ പോയതെന്നാണ് സി.സി ടി.വി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുള്ളത്. സ്ഥാപനത്തിനു സമീപത്തെ മണലിമുക്ക് എ വൺ എന്ന കടയിൽനിന്നുള്ള സി.സി ടി.വിയിലും കാർ പോവുന്നതിന്റെ ദൃശ്യങ്ങളുണ്ട്. എന്നാൽ, കാറിന്റെ നമ്പർ വ്യാജമാണ്. നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ചെങ്ങന്നൂർ സ്വദേശിയുടേതാണെന്നാണ് കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

