അനധികൃത സ്വത്ത് സമ്പാദനം: സക്കീർ ഹുസൈനെതിരെ ആരോപണങ്ങൾ ശരിവെച്ച് പാർട്ടി
text_fieldsകൊച്ചി: കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെതിരായ ആരോപണങ്ങൾ ഔദ്യോഗികമായി ശരിവെച്ച് സി.പി.എം നേതൃത്വം. ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തുള്ള പാർട്ടി നടപടി സംസ്ഥാന നേതൃത്വം അംഗീകരിച്ചതോടെയാണ് വിലയിരുത്തലുകൾ പരസ്യമാക്കിയത്. ഒരു സി.പി.എം കാഡറെന്ന നിലയിൽ സക്കീർ പാർട്ടിയോടും ജനങ്ങളോടും സത്യസന്ധത പുലർത്തിയില്ലെന്ന് ജില്ല കമ്മിറ്റി പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ വ്യക്തമാക്കുന്നു.
കമ്യൂണിസ്റ്റ് കാഡർ എന്ന നിലയിൽ അരുതാത്ത വിധം സ്വത്തുസമ്പാദനം നടത്തുകയും പാർട്ടി അനുവാദമില്ലാതെ നിഗൂഢമായി വിദേശയാത്ര നടത്തുകയും ചെയ്തു. നേതാവെന്ന നിലയിൽ സക്കീർ ഹുസൈെൻറ നടപടികൾ ജനമനസ്സിൽ പാർട്ടിയെക്കുറിച്ച് അവമതിപ്പിന് ഇടയാക്കിയിരുെന്നന്നും ജില്ല സെക്രട്ടറി സി.എൻ. മോഹനൻ വ്യക്തമാക്കി.
2019 ജൂൺ 13ന് കളമശ്ശേരിയിൽനിന്നുള്ള പാർട്ടി ബ്രാഞ്ച് സെക്രട്ടറി കെ.കെ. ശിവൻ ജില്ല കമ്മിറ്റിക്ക് നൽകിയ പരാതിയിൽ അന്വേഷണം നടത്തിയാണ് നടപടി. സംസ്ഥാന കമ്മിറ്റി അംഗം സി.എം. ദിനേശ് മണി, ജില്ല സെക്രേട്ടറിയറ്റ് അംഗം പി.ആർ. മുരളി എന്നിവരാണ് അന്വേഷണം നടത്തിയത്. ആരോപണങ്ങൾ ശരിവെക്കുന്ന നിഗമനമാണ് അന്വേഷണത്തിൽ വ്യക്തമായത്.
സക്കീറിെൻറ ബന്ധങ്ങളും യാത്രകളും സംബന്ധിച്ച ചില ദുരൂഹതകൾ അന്വേഷണസംഘം റിപ്പോർട്ടിൽ രേഖപ്പെടുത്തി. യുവ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ സക്കീർ ജയിലിലായതും അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്തിെൻറ ആത്മഹത്യക്കുറിപ്പിൽ സക്കീറിെൻറ പേര് പരാമർശിക്കപ്പെട്ടതുമെല്ലാം അന്വേഷണ പരിധിയിലെത്തിയതോടെ സക്കീറിനെതിരായ കുരുക്ക് മുറുകി.
മുതിർന്ന പല പാർട്ടി നേതാക്കളുടെ അപ്രീതിക്കും പാത്രമായിട്ടുള്ള ഇദ്ദേഹത്തിെൻറ പൊലീസ് ഉദ്യോഗസ്ഥരുമായുള്ള തർക്കങ്ങൾ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചത് അവമതിപ്പുണ്ടാക്കിയെന്നും വിലയിരുത്തലുണ്ടായി. തുടർന്ന് കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ നേരിട്ട് വിളിച്ചുവരുത്തിയെങ്കിലും വിശദീകരണം തൃപ്തികരമായിരുന്നില്ല. സക്കീർ ഹുസൈനെതിരായ ആരോപണങ്ങൾ വ്യക്തമായതോടെയാണ് പാർട്ടി കടുത്ത നടപടിയിലേക്ക് നീങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

