കലാമണ്ഡലം ലീലാമ്മ: അരങ്ങൊഴിഞ്ഞത് ലാസ്യഭാവത്തിെൻറ പൂർണത
text_fieldsഷൊർണൂർ: ലാസ്യഭാവമില്ലാതെ മോഹിനിയാട്ടം പൂർണമാകുന്നില്ല. അതിനാൽതന്നെ, മോഹിനിയാട്ടത്തിൽ ലാസ്യഭാവത്തെ ഇത്രയേറെ സന്നിവേശിപ്പിക്കാൻ കഴിഞ്ഞ കലാകാരിയെന്ന നിലയിലാണ് വ്യാഴാഴ്ച നിര്യാതയായ കലാമണ്ഡലം ലീലാമ്മ ടീച്ചറുടെ പ്രശസ്തി. കലാമണ്ഡലം ശൈലിയിലുള്ള മോഹിനിയാട്ടത്തെ കലർപ്പില്ലാതെ രംഗത്തവതരിപ്പിക്കാൻ കഴിഞ്ഞ നർത്തകിയാണവർ.
ഗുരുനാഥ കലാമണ്ഡലം സത്യഭാമയിൽനിന്ന് പകർന്നുകിട്ടിയ കഴിവുകൾ മരണംവരെ കൂടെയുണ്ടായിരുന്നു. പുതുതലമുറയിലുള്ളവർ ദൃശ്യഭംഗിയുടെയും വേഷവിധാനങ്ങളുടെയും സാധ്യതകൾ തേടിപ്പോയപ്പോൾ ലീലാമ്മ ഒരു വായ്പാട്ടുകാരനെയും ഇടയ്ക്കക്കാരനെയും മാത്രം കൂട്ടുപിടിച്ച് സദസ്സിനെ പലപ്പോഴും വിസ്മയിപ്പിച്ചു. രംഗാവതരണത്തിലും നൃത്തസംവിധാനത്തിലും അപൂർവസിദ്ധി പ്രകടിപ്പിച്ചു അവർ.
കലാമണ്ഡലത്തിൽ നൃത്തം പഠിക്കാനെത്തിയതും മോഹിനിയാട്ടത്തെ ഇന്നത്തെ രൂപത്തിൽ വാർത്തെടുക്കാൻ കഴിഞ്ഞ സത്യഭാമ ടീച്ചറുടെ ശിഷ്യയാവാൻ കഴിഞ്ഞതുമാണ് ലീലാമ്മക്ക് വഴിത്തിരിവായത്. ഭൂരിഭാഗംപേരും സത്യഭാമ ടീച്ചറിൽനിന്ന് നൃത്തം അഭ്യസിച്ച് വഴിപിരിഞ്ഞെങ്കിലും ലീലാമ്മ എന്നും നിഴലായ് പിന്തുടർന്നു. കലാമണ്ഡലത്തിൽ ചേർന്ന് പഠിച്ചെന്ന് മാത്രമല്ല നീണ്ട 36 വർഷം ഗുരുനാഥയായി അവിടെ സേവനമനുഷ്ഠിക്കുകയും ചെയ്തു.
നൃത്തവിഭാഗം മേധാവിയായി വിരമിച്ചിട്ടും മരണം വരെ അവർ കലാമണ്ഡലവുമായി ബന്ധം തുടർന്നു. കഴിഞ്ഞ മാർച്ച് അവസാനം വരെ കലാമണ്ഡലം നിള കാമ്പസിൽ വിസിറ്റിങ് പ്രഫസറായിരുന്നു. അർബുദരോഗം അലട്ടിയപ്പോഴും ജീവിത ദൗത്യം നിറവേറ്റി. വല്ലായ്മകൾ മറന്ന ലീലാമ്മ ടീച്ചർ വേദിയിലും ക്ലാസിലും സംവാദങ്ങളിലും സദാ സന്നിഹിതയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
