മോഹിനിയാട്ട നർത്തകി കലാമണ്ഡലം ലീലാമ്മ അന്തരിച്ചു
text_fieldsവടക്കാഞ്ചേരി: പ്രശസ്ത മോഹിനിയാട്ടം കലാകാരിയും കേരള കലാമണ്ഡലം നൃത്തവിഭാഗം മുൻ മേധാവിയുമായിരുന്ന അത്താണി മിണാലൂർ ബൈപാസ് ഗ്രീൻ പാർക്ക് റോഡിൽ ‘കൗസ്തുഭം’ വീട്ടിൽ കലാമണ്ഡലം ലീലാമ്മ (65) നിര്യാതയായി. മോഹിനിയാട്ടത്തിന് തനതായ ശൈലി സംഭാവന ചെയ്യുന്നതിൽ നിസ്തുല പങ്ക് വഹിച്ച ലീലാമ്മയുടെ വിയോഗം വ്യാഴാഴ്ച 11 മണിയോടെയായിരുന്നു.
കോട്ടയം മറ്റക്കര നെടുങ്ങാട്ടിൽ രാമകൃഷ്ണൻ നായർ - ലക്ഷ്മിക്കുട്ടിയമ്മ ദമ്പതികളുടെ മകളായി ജനിച്ച ലീലാമ്മ ഭരതനാട്യം പഠിക്കാനാണ് കലാമണ്ഡലത്തിലെത്തിയത്. തുടർന്ന് മോഹിനിയാട്ടത്തിൽ ആകർഷകയായി. കലാമണ്ഡലം സത്യഭാമ, കലാമണ്ഡലം ചന്ദ്രിക എന്നിവരുടെ ശിഷ്യയായി ഭരതനാട്യവും, കുച്ചിപ്പുടിയും പഠിച്ചു. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ റീഡറായിട്ടുണ്ട് .
പതിനെട്ടാം വയസ്സിൽ കലാമണ്ഡലത്തിൽ നൃത്തവിഭാഗം അധ്യാപികയായി. നിള കാമ്പസ് ഡയറക്ടറായി വിരമിച്ചശേഷം എമിരറ്റസ് പ്രഫസറായി പ്രവർത്തിക്കുകയായിരുന്നു. പാരീസിൽ നൃത്താധ്യാപികയായി പ്രവർത്തിച്ച ലീലാമ്മക്ക് സ്വദേശത്തും, വിദേശത്തുമായി നിരവധി ശിഷ്യസമ്പത്തുണ്ട്. ഒ.എൻ.വി. കുറുപ്പിെൻറ ഉജ്ജയിനി, അമ്മ എന്നീ കവിതകൾക്ക് നൃത്തരൂപമൊരുക്കി. അടൂർ ഗോപാലകൃഷ്ണെൻറ ഡോക്യുമെൻററിയിൽ നൃത്തം അവതരിപ്പിച്ചു.
1990 ൽ കേരള സംഗീത നാടക അക്കാദമി അവാർഡ്, കുഞ്ചൻ നമ്പ്യാർ സ്മാരക പുരസ്കാരം, 2007 ൽ കേരള കലാമണ്ഡലം അവാർഡ് , 2008 ൽ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടി. ‘മോഹിനിയാട്ടം: സിദ്ധാന്തവും പ്രയോഗവും’ എന്ന പുസ്തകം പുറത്തിറക്കി. മൃതദേഹം വെള്ളിയാഴ്ച ഒമ്പതിന് കലാമണ്ഡലം കൽപിത സർവകലാശാലയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് പാമ്പാടി ഐവർമഠത്തിൽ സംസ്കരിക്കും. സാഹിത്യകാരൻ കിളിമാനൂർ മധുവാണ് ഭർത്താവ് . മക്കൾ:- കൃഷ്ണപ്രിയ, കൃഷ്ണപ്രസാദ്. മരുമക്കൾ: -ഗോപാൽ, രമ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
