കലാമണ്ഡലത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും -മന്ത്രി പി.സി. വിഷ്ണുനാഥ്
text_fieldsകലാമണ്ഡലം 96ാം വാർഷിക സമ്മേളനം സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യുന്നു
ചെറുതുരുത്തി: കേരള കലാമണ്ഡലത്തിലെ എല്ലാ പ്രശ്നങ്ങളും ജനപ്രതിനിധികളുമായി ചർച്ച ചെയ്ത് മുൻഗണനാ ക്രമത്തിൽ പരിഹരിക്കുമെന്ന് സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്. കേരള കലാമണ്ഡലം കൽപിത സർവകലാശാല 96ാം വാർഷികവും വള്ളത്തോൾ ജയന്തി ആഘോഷവും കൂത്തമ്പലത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഗുരുകുല വിദ്യാഭ്യാസ മാതൃകയും ആധുനിക പാരമ്പര്യവും സമന്വയിക്കുന്ന കലാവിദ്യാഭ്യാസ സ്ഥാപനമെന്ന നിലയിലാണ് മഹാകവി വള്ളത്തോൾ കലാമണ്ഡലം വിഭാവനം ചെയ്തത്. കലാമണ്ഡലത്തിന് സർക്കാറിന്റെ എല്ലാ പിന്തുണയും നൽകും. ടൂറിസം വകുപ്പുമായി സഹകരിച്ച് കലാമണ്ഡലത്തിൽ നടപ്പാക്കിവരുന്ന ഡേ വിത്ത് ദ മാസ്റ്റേഴ്സ് പോലുള്ള പദ്ധതികൾക്ക് പ്രത്യേക പരിഗണന നൽകും. കലാമണ്ഡലത്തിലെ ഹോസ്റ്റൽ കെട്ടിടങ്ങളുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കുമെന്നും ലോകത്തിന് തന്നെ മാതൃകയായ സാംസ്കാരിക സർവകലാശാലയായി കലാമണ്ഡലത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചാൻസലർ പ്രഫ. ബി. അനന്തകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. രാധാകൃഷ്ണൻ എം.പി വിശിഷ്ടാതിഥിയായി. വിവിധ അംഗീകാരങ്ങൾ നേടിയ പ്രമുഖർക്ക് പുരസ്കാരങ്ങളും എൻഡോവ്മെന്റുകളും മന്ത്രി വിതരണം ചെയ്തു.
റിട്ട. ജസ്റ്റിസ് കെ. സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്തംഗം പി.എ. അബ്ദുൽ കബീർ, കലാമണ്ഡലം ഭരണസമിതി അംഗങ്ങളായ ശിവൻ നമ്പൂതിരി, രവീന്ദ്രനാഥ് വള്ളത്തോൾ, കലാമണ്ഡലം എംപ്ലോയീസ് യൂനിയൻ സെക്രട്ടറി ഹരിനാരായണൻ, എംപ്ലോയീസ് അസോസിയേഷൻ സെക്രട്ടറി ജി. കൃഷ്ണകുമാർ, പി.ടി.എ പ്രസിഡന്റ് അലോഷ്യസ് ആന്റണി, സ്റ്റുഡന്റ്സ് യൂനിയൻ പ്രസിഡന്റ് അതുൽ തുടങ്ങിയവർ സംസാരിച്ചു.

