ഗീതാനന്ദന്‍റെ നിര്യാണം: മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചിച്ചു
text_fieldsതിരുവനന്തപുരം: തുള്ളൽ കലയെ ജനകീയമാക്കുന്നതിൽ വലിയ സംഭാവനകൾ നൽകിയ കലാമണ്ഡലം ഗീതാനന്ദന്‍റെ ആകസ്മിക വേർപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. 33 വർഷം കലാമണ്ഡലം അധ്യാപകനായി സേവനമനുഷ്ഠിച്ച അദ്ദേഹം തുള്ളൽ കലയിൽ നൂറുകണക്കിന് കലാകാരന്മാരെ വളർത്തിയെടുത്തു. രാജ്യത്തിനകത്തും പുറത്തുമായി അയ്യായിരത്തിലേറെ വേദികളിൽ ഓട്ടൻ തുള്ളൽ അവതരിപ്പിച്ച അദ്ദേഹത്തിന്‍റെ വേർപാട് കലാരംഗത്തിന് വലിയ നഷ്ടമാണ്. സിനിമകളിലൂടെ അഭിനയ രംഗത്തും ഗീതാനന്ദൻ തന്‍റെ കഴിവ് തെളിയിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കലാമണ്ഡലം ഗീതാനന്ദന്‍റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. 33 വര്‍ഷം കേരള കലാമണ്ഡലം അധ്യാപകനായിരുന്ന ഗീതാനന്ദന്‍ അയ്യായിരത്തോളം വേദികളില്‍ ഓട്ടം തുള്ളല്‍ അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ വിയോഗത്തിലൂടെ ഓട്ടന്‍തുള്ളല്‍ എന്ന കലാരൂപത്തെ ജനകീയമാക്കിയ വലിയ കലാകാരനെയാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കലാമണ്ഡലം ഗീതാനന്ദന്‍റെ ആകസ്മിക നിര്യാണത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ അനുശോചിച്ചു. തുള്ളൽക്കാരനായ പിതാവിൽ നിന്നും വാശിപിടിച്ച് പഠിച്ചെടുത്ത കലയെ ജീവതാവസാനം വരെ കൊണ്ടു നടന്ന ഓട്ടൻതുള്ളലിനെ ജനകീയമാക്കിയ മഹാനായ കലാകാരനാണ് ഗീതാനന്ദനെന്ന് മന്ത്രി പറഞ്ഞു.
നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അഭിനേതാവ് എന്നതിലുപരി തുളളൽ കലാകാരനായിട്ടാണ് അദ്ദേഹം അറിയപ്പെട്ടത്. തുള്ളൽ കലയിലെ ഓട്ടൻ തുള്ളലിലും പറയൻ തുള്ളലിലും ശീതങ്കൻ തുള്ളലിലും ഒരുപോലെ പ്രഗത്ഭനായിരുന്നു അദ്ദേഹം. കേരള സംഗീത നാടക അക്കാദമി അവാര്‍ഡുള്‍പടെ 12 ഓളം പ്രശസ്ത അവാര്‍ഡുകള്‍ കരസ്ഥമാക്കി.
കലാമണ്ഡലത്തിൽ പഠിച്ച് കാൽ നൂറ്റാണ്ടോളം അവിടെതന്നെ അധ്യാപകനായും സേവനമനുഷ്ഠിച്ചു. തുള്ളൽ കലയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച കലാകാരനായിരുന്നു അദ്ദേഹം. തുള്ളൽ കലയെ ജീവനോളം സ്നേഹിച്ചിരുന്ന ഗീതാനന്ദന്റെ വിയോഗം കലാ കേരളത്തിന് തീരാനഷ്ടമാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
