കാലടി വി.സിയെ കൈയേറ്റം ചെയ്ത കേസ്: എസ്.എഫ്.ഐ പ്രവർത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി
text_fieldsകേരള ഹൈകോടതി
കൊച്ചി: കാലടി സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസിനെ തടഞ്ഞുവെച്ച് കൈയേറ്റം ചെയ്തെന്ന കേസിൽ 17 എസ്.എഫ്.ഐ പ്രവർത്തകരുടെ അറസ്റ്റ് ഹൈകോടതി തടഞ്ഞു. വൈസ് ചാൻസലറുടെ പ്രതീകാത്മക ശവസംസ്കാരം നടത്തിയെന്നും സിൻഡിക്കേറ്റ് യോഗം കഴിഞ്ഞ് മടങ്ങിയ വി.സിയെയും ജീവനക്കാരെയും ആക്രമിച്ചുവെന്നുമടക്കം പരാതിയിൽ കാലടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഇടക്കാല ഉത്തരവ്. ഹരജി വീണ്ടും സെപ്റ്റംബർ 11ന് പരിഗണിക്കാൻ മാറ്റിയ കോടതി അതുവരെയാണ് പി.എസ്. അർച്ചനയടക്കം ഹരജിക്കാരുടെ അറസ്റ്റ് തടഞ്ഞ് ഉത്തരവിട്ടത്.
ആഗസ്റ്റ് 13ന് സർവകലാശാലയിലെ ഭരണപരമായ വീഴ്ചകൾക്കെതിരെ എസ്.എഫ്.ഐ നടത്തിയ സമരമാണ് കേസിലേക്ക് നയിച്ചത്. വി.സിയുടെ മുടിയിൽ പിടിച്ചുവലിച്ചെന്നും വാഹനത്തിന് കേടുപാടുണ്ടാക്കിയെന്നും എഫ്.ഐ.ആറിലുണ്ട്. എന്നാൽ, സമാധാനപരമായാണ് പ്രതിഷേധിച്ചതെന്നും തിയറ്റർ വകുപ്പിലെ ലൈറ്റുകൾ പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് ലൈറ്റുകളുടെ പ്രതീകാത്മക ശവസംസ്കാരമാണ് നടത്തിയതെന്നും ചിത്രങ്ങൾ ഹാജരാക്കി ഹരജിക്കാർ വാദിച്ചു. നേരത്തെ എറണാകുളം ജില്ല സെഷൻസ് കോടതി ഹരജി തള്ളിയതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. കേസിലെ മറ്റ് മൂന്ന് പ്രതികൾക്ക് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

