ബാലഭാസ്കറിൻെറ മരണം: തനിക്ക് ഭീഷണിയുണ്ടെന്ന് കലാഭവൻ സോബി
text_fieldsകൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിെൻറ അപകടമരണവുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലിനെത്തുടർന്ന് മിമിക്രി താരം കലാഭവൻ സോബി ജോർജിനെതിരെ ഭീഷണി. അദ്ദേഹംതന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, പറഞ്ഞ വാക്കുകളിൽ ഉറച്ചുനിൽക്കുന്നതായും മൊഴി കൊടുക്കാൻ തയാറാണെന്നും സോബി പറഞ്ഞു.
‘‘സംഭവം നടന്ന സമയം അതുവഴി പോയപ്പോൾതന്നെ ദുരൂഹമായ പലകാര്യങ്ങളും ശ്രദ്ധയിൽപെട്ടിരുന്നു. ബാലുവിെൻറ സംസ്കാരവും മറ്റും കഴിഞ്ഞ് വിവാദം ഉയർന്നപ്പോൾ, നിലവിൽ സ്വർണക്കടത്ത് കേസിൽ ജയിലിൽ കഴിയുന്ന പ്രകാശ് തമ്പിയെ വിളിച്ച് കാര്യങ്ങളെല്ലാം പറഞ്ഞു. എന്നാൽ, ആദ്യം അനുകൂലമായല്ല പ്രതികരിച്ചത്. കഴിഞ്ഞ കുറെ ദിവസങ്ങളായി പഞ്ചാബിലായിരുന്നു. നാട്ടിലെത്തിയപ്പോഴാണ് അയാൾ അറസ്റ്റിലായത് അറിഞ്ഞത്.
ശനിയാഴ്ച ബാലഭാസ്കറിെൻറ പിതാവ് കെ.സി. ഉണ്ണിയെ വിളിച്ച് കാര്യങ്ങളെല്ലാം പറഞ്ഞു. വെളിപ്പെടുത്തൽ വാർത്തയായതോടെയാണ് ഫോണിലൂടെയും മറ്റും നിരവധി ഭീഷണികൾ വന്നത്. എന്നാൽ, ഇതിൽ ഉറച്ചുനിൽക്കാൻതന്നെയാണ് തീരുമാനം. ഭീഷണിയെ പേടിക്കുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥർ മൊഴിയെടുക്കാൻ വിളിപ്പിച്ചാൽ പോവും. എറണാകുളം ജില്ലക്കുപുറത്താണെങ്കിൽ സുരക്ഷ ഏർപ്പെടുത്തണം. ജില്ലയിൽ എവിടെയാണെങ്കിലും സുരക്ഷയില്ലാതെ ചെല്ലും’’- സോബി ജോർജ് ‘മാധ്യമ’ത്തോട് പറഞ്ഞു.
2018 സെപ്റ്റംബർ 25ന് തിരുവനന്തപുരം പള്ളിപ്പുറത്താണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടത്. അപകടം നടന്നതിനുപിന്നാലെ ഇതുവഴി വണ്ടി ഓടിച്ചുപോയപ്പോൾ കണ്ട കാര്യങ്ങളാണ് സോബി ജോർജ് വെളിപ്പെടുത്തിയത്.
‘‘അപകടസ്ഥലത്ത് നല്ല ഇരുട്ടായിരുന്നു. റോഡിെൻറ ഇടതുവശം ചേർന്ന് 20-25 വയസ്സുള്ള ഒരാൾ ഓടിപ്പോകുന്നതും വലതുഭാഗത്ത് തടിച്ച ഒരാൾ ബൈക്ക് തള്ളിക്കൊണ്ടുപോകുന്നതും ശ്രദ്ധയിൽപെട്ടു. തടിച്ചയാൾക്ക് കാലിനെന്തോ പറ്റിയതുകൊണ്ടാണ് വണ്ടി തള്ളിനീക്കിയതെന്ന് ഞാൻ ഊഹിച്ചു. ബാലുവിെൻറ കാർ മറിഞ്ഞുകിടക്കുന്നതും കണ്ടു. എന്നാൽ, ഇവർ ഒരുവണ്ടിക്കും കൈ കാണിക്കുന്നില്ല. സഹായിക്കാമെന്നുകരുതി ഹോണടിച്ചെങ്കിലും ശ്രദ്ധിച്ചില്ല. പിറകിൽനിന്ന് വാഹനങ്ങൾ നിർത്താതെ ഹോണടിച്ചപ്പോൾ വണ്ടിയോടിച്ച് നീങ്ങുകയും ചെയ്തു’’-അന്നത്തെ സംഭവം സോബി ഓർക്കുന്നു.
പിന്നീടാണ് അപകടത്തിൽപെട്ടത് ബാലഭാസ്കറാണെന്ന് അറിഞ്ഞത്. തുടർന്ന് അദ്ദേഹത്തിെൻറ ബന്ധു മധു ബാലകൃഷ്ണൻ മുഖേന പ്രകാശ് തമ്പിയെ ഫോണിൽ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ വിളിച്ചാൽ മൊഴി നൽകണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ, ആരും ഇതുവരെ ബന്ധപ്പെട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥേൻറതെന്നുപറഞ്ഞ് കിട്ടിയ രണ്ടുനമ്പറിലും ഇതുവരെ ബന്ധപ്പെടാനായില്ലെന്നും സോബി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
