Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലയാളിയെ...

മലയാളിയെ പൊട്ടിച്ചിരിപ്പിച്ച കലാഭവൻ നവാസ് കണ്ണീരണിയിച്ച് മടങ്ങി...

text_fields
bookmark_border
മലയാളിയെ പൊട്ടിച്ചിരിപ്പിച്ച കലാഭവൻ നവാസ് കണ്ണീരണിയിച്ച് മടങ്ങി...
cancel

കൊച്ചി: മലയാളിയെ പൊട്ടിച്ചിരിപ്പിച്ച കലാഭവൻ നവാസ് ഒടുവിൽ എല്ലാവരെയും കണ്ണീരണിയിച്ച് മടങ്ങി. വിയോഗ വിവരം വിശ്വസിക്കാനാകാതെ ഓടിയെത്തിയവർ ചേതനയറ്റ ഭൗതികശരീരം കണ്ട് വിങ്ങിപ്പൊട്ടി. നൊമ്പരം നിറയുന്ന കാഴ്ചകൾക്കാണ് ആശുപത്രിയും നവാസിന്‍റെ വീടും ആലുവ ടൗൺ ജുമാമസ്ജിദ് പരിസരവും സാക്ഷ്യംവഹിച്ചത്.

ഭാര്യയും നടിയുമായ രഹ്നയുടെയും മക്കളുടെയും കണ്ണീർ നാടിന്‍റെയാകെ വേദനയായി. താങ്ങാനാകാത്ത സങ്കടം കണ്ണീരായൊഴുകിയപ്പോൾ സഹോദരനും നടനുമായ നിയാസിനെ ആശ്വസിപ്പിക്കാനും സഹപ്രവർത്തകർ വിഷമിച്ചു. നവാസിന്‍റെ ഓർമകൾ പങ്കുവെച്ച സിനിമ സുഹൃത്തുക്കളൊക്കെ കണ്ണീരടക്കാൻ പാടുപെട്ടു.

ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ഹോട്ടൽ മുറിയിലെത്തിയ നവാസിനെ വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണെന്നാണ് നിഗമനം. വെള്ളിയാഴ്ച അർധരാത്രിയോടെ ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് കളമശ്ശേരി ഗവ. മെഡിക്കൽ കോളജിലേക്ക് മൃതദേഹം എത്തിച്ചു. സഹോദരൻ നിയാസ് ഉൾപ്പെടെ കുടുംബാംഗങ്ങൾ അനുഗമിച്ചു. ഈ നേരം സിനിമ മേഖലയിലുള്ളവരടക്കം മെഡിക്കൽ കോളജിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു.

രാവിലെ ഒമ്പതോടെ ചോറ്റാനിക്കര സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് കളമശ്ശേരി മെഡിക്കൽ കോളജിലെത്തി ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനുശേഷം 12.30ഓടെ ബന്ധുക്കൾക്ക് വിട്ടുനൽകി. തുടർന്ന് ഒന്നുമുതൽ മൂന്നുവരെ ആലുവ നാലാംമൈലിലെ വീട്ടിലും ശേഷം അഞ്ചുവരെ ആലുവ ടൗൺ ജുമാമസ്ജിദിലും പൊതുദർശനത്തിന് വെച്ചു. ബന്ധുക്കൾ, സുഹൃത്തുക്കൾ, സിനിമ-രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് ആലുവ ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

മന്ത്രി പി. രാജീവ്, ഹൈബി ഈഡൻ എം.പി, സിനിമ താരങ്ങളായ ദിലീപ്, രമേഷ് പിഷാരടി, കലാഭവൻ ഷാജോൺ, കലാഭവൻ റഹ്മാൻ, കെ.എസ്. പ്രസാദ്, അസീസ്, കലാഭവൻ പ്രജോദ്, സിദ്ദീഖ്, ദേവൻ, സായ്കുമാർ, ബിന്ദു പണിക്കർ, വിനോദ് കോവൂർ, കോട്ടയം നസീർ, ലാൽ, ഷാജു ശ്രീധർ, അസീസ്, പ്രിയങ്ക, സാജു നവോദയ, ധർമജൻ, പൗളി വിത്സൻ തുടങ്ങിയവർ രാത്രി മുതൽതന്നെ ആശുപത്രിയിലും വീട്ടിലുമൊക്കെ എത്തിയിരുന്നു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയവർ സമൂഹമാധ്യമങ്ങളിലൂടെ നവാസിനെ അനുസ്മരിച്ചു.

ഹൃദയംതകർന്ന് നവാസിന്‍റെ കുടുംബം

ആലുവ: പ്രിയതമന്‍റെ വേർപാട് താങ്ങാനാവാതെ തളർന്ന ഭാര്യ രഹ്ന, സ്നേഹനിധിയായ പിതാവിനെ നഷ്ടമായ വേദനയിൽ വിലപിക്കുന്ന മക്കളായ മെഹ്റിനും റൈഹാനും റിദ്വാനും... കലാഭവൻ നവാസിന്‍റെ വേർപാടിൽ ഹൃദയം തകർന്ന അവസ്ഥയിലാണ് കുടുംബം. കുടുംബത്തെയാകെ സാന്ത്വനിപ്പിക്കാൻ ശ്രമിക്കുമ്പോൾ സഹോദരൻ നിയാസും തേങ്ങിപ്പോയി. വെള്ളിയാഴ്ച രാത്രി നവാസിന്‍റെ അപ്രതീക്ഷിത വേർപാട് അറിഞ്ഞതോടെ കുടുംബാംഗങ്ങളാകെ തകർന്നുപോയി. കുട്ടികളുടെ കരച്ചിൽകേട്ട് ബന്ധുക്കളും നാട്ടുകാരും കണ്ണീരിലായി.

രഹ്നയെയും മക്കളെയും ആശ്വസിപ്പിക്കാൻപോലും ആർക്കും കഴിയുമായിരുന്നില്ല. പോസ്റ്റ്മോർട്ടത്തിനുശേഷം ശനിയാഴ്ച ഉച്ചക്ക് 2.30ഓടെയാണ് മൃതദേഹം വീട്ടിൽ കൊണ്ടുവന്നത്. നാലാംമൈൽ പള്ളിയിലേക്ക് കൊണ്ടുപോകാനെടുത്തപ്പോൾ മക്കളുടെ നിലവിളി നിയന്ത്രണംവിട്ടു. ഇതിനിടയിൽ നാലാംമൈൽ പള്ളിയിലെ മയ്യിത്ത് നമസ്കാരം കഴിഞ്ഞ് മൃതദേഹം ആലുവ ടൗൺ മസ്ജിദിലേക്ക് കൊണ്ടുവന്നു. സിനിമ, രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക രംഗങ്ങളിലെ പ്രമുഖരും നവാസിന്‍റെ സുഹൃത്തുക്കളും അയൽവാസികളുമൊക്കെ അന്തിമോപചാരം അർപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:film actorKalabhavan Navas
News Summary - Kalabhavan Navas left everyone in tears
Next Story