Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാടിന്റെ ഐക്യത്തിന്...

നാടിന്റെ ഐക്യത്തിന് നേരെയുള്ള സി.പി.എമ്മിന്റെ വിഷം നിറച്ച ബോംബായിരുന്നു കാഫിർ സ്ക്രീൻഷോട്ട്, അന്വേഷണം ഉന്നതരിലേക്ക് നീളണം -ഷാഫി പറമ്പിൽ എം.പി

text_fields
bookmark_border
നാടിന്റെ ഐക്യത്തിന് നേരെയുള്ള സി.പി.എമ്മിന്റെ വിഷം നിറച്ച ബോംബായിരുന്നു കാഫിർ സ്ക്രീൻഷോട്ട്, അന്വേഷണം ഉന്നതരിലേക്ക് നീളണം -ഷാഫി പറമ്പിൽ എം.പി
cancel

കോഴിക്കോട്: വടകര നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് വലിയ വിവാദങ്ങൾക്ക് വഴിവെച്ച ‘കാഫിർ സ്ക്രീൻഷോട്ട്’ കേസിൽ പൊലീസ് അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുവന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എം.പി രംഗത്ത്. നാടിന്റെ ഐക്യത്തിന് നേരെ കമ്മ്യൂണൽ പോയ്സൺ (വർഗീയ വിഷം) നിറച്ച് സി.പി.എം എറിഞ്ഞ ഒരു ബോംബായിരുന്നു ഈ വ്യാജ സ്ക്രീൻഷോട്ടെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ പൊതുസമൂഹം ഒരു ബോംബ് സ്ക്വാഡായി മാറി ഇത് മുൻകൂട്ടി കണ്ടെത്തുകയും ഡിഫ്യൂസ് (നിർവീര്യമാക്കുക) ചെയ്യുകയും ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കേസിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി സത്യാവസ്ഥ നിയമപരമായി പുറത്തുകൊണ്ടുവരാൻ മുൻകൈയെടുത്ത കേരള പൊലീസിന് നാടിന്റെ ജനതക്ക് വേണ്ടി താൻ നന്ദി പറയുകയാണ്.

ഈ കേസിൽ മുൻ എം.എൽ.എ. പാറക്കൽ അബ്ദുല്ല നടത്തിയ സജീവമായ ഫോളോ അപ്പുകളെ ഷാഫി പറമ്പിൽ പ്രത്യേകം പരാമർശിച്ചു. പല കോണുകളിൽ നിന്നും നിശിതമായ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടും, യാഥാർഥ്യം പുറത്തുകൊണ്ടുവരുക എന്നത് നാടിനോട് ചെയ്യേണ്ട നീതിയാണെന്ന തിരിച്ചറിവിലാണ് പാറക്കൽ അബ്ദുല്ല നിയമപോരാട്ടത്തിന് തുടക്കമിട്ടതെന്ന് അദ്ദേഹം പറഞ്ഞു.

ആരോപണമുയർന്ന സമയത്ത് ആരും തകർന്നുപോകാവുന്ന സാഹചര്യത്തിൽ, തന്റെ സത്യസന്ധത കൈമുതലാക്കി സ്വന്തം ഫോണുമായി നേരിട്ട് പൊലീസ് സ്റ്റേഷനിലേക്ക് ചെല്ലാൻ കാണിച്ച മുഹമ്മദ് കാസിം എന്ന ചെറുപ്പക്കാരന്റെ ‘പ്രസൻസ് ഓഫ് മൈൻഡ്’ ഈ കേസിൽ നിർണായക വഴിത്തിരിവായെന്നും ഷാഫി പറമ്പിൽ ഓർമിപ്പിച്ചു.

സിപിഎം പ്രവർത്തകർ എന്തെങ്കിലും തെറ്റ് ചെയ്താലോ ബോംബ് നിർമ്മാണത്തിനിടയിൽ ആളപായമുണ്ടായാലോ പാർട്ടിക്ക് അതിൽ പങ്കില്ലെന്ന നിലപാടാണ് സാധാരണ അവർ സ്വീകരിക്കാറുള്ളതെന്ന് എം.പി. പരിഹസിച്ചു. എന്നാൽ യു.ഡി.എഫ്. അനുഭാവികൾ ഒരു ചെറിയ കമന്റിട്ടാൽ പോലും സോണിയാ ഗാന്ധി വരെ മറുപടി പറയണമെന്ന മട്ടിലായിരുന്നു അവരുടെ സമീപനം.

ഈ കേസിൽ തങ്ങൾ തുടക്കത്തിലേ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. അന്നത്തെ എൽ.ഡി.എഫ് സ്ഥാനാർഥി മുതൽ കഴിഞ്ഞ ദിവസം വരെ പ്രതികരിച്ച എൽ.ഡി.എഫ് കൺവീനർ, പാർട്ടി സെക്രട്ടറി, ഡി.വൈ.എഫ്.ഐ നേതാക്കൾ ഉൾപ്പെടെയുള്ള മുഴുവൻ പാർട്ടി സംവിധാനവും ഈ വ്യാജനിർമ്മിതിയെ സ്വന്തം അജണ്ടയായി ഏറ്റെടുത്ത് കള്ള പ്രചാരണത്തിന് പിന്നാലെ ഓടുകയായിരുന്നു.

സ്വയം ഒരു വ്യാജനിർമ്മിതി ഉണ്ടാക്കി, അതിൽ മറ്റുള്ളവരുടെ പേരിൽ വലിയ രോഷം കൊള്ളുകയും, തങ്ങളെപ്പോലുള്ളവരെ വർഗീയവാദികളായി ചിത്രീകരിക്കാൻ ഹീനമായ ശ്രമം നടത്തുകയുമാണ് സി.പി.എം ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇപ്പോൾ നിയമപരമായ ഒരു തിരിച്ചടി കൂടിയാണ് സി.പി.എമ്മിന് നേരിട്ടിരിക്കുന്നത്. എന്നാൽ അന്വേഷണം ഇവിടെക്കൊണ്ട് അവസാനിക്കരുത്. ‘സി.പി.എം ഒരു കമ്മ്യൂണൽ പോയ്സൺ ആവാൻ പാടില്ലായിരുന്നു’ എന്ന് ഇപ്പോൾ കേരളീയ പൊതുസമൂഹം ഒന്നടങ്കം പറയുന്നുണ്ട്. ഈ വ്യാജ സ്ക്രീൻഷോട്ട് യഥാർഥിത്തിൽ സൃഷ്ടിച്ചവരെക്കൂടി കേരളത്തിന് മുൻപിൽ കൊണ്ടുവരേണ്ടതുണ്ട്.

കേരളത്തിലെ പൊലീസിന് വിചാരിച്ചിരുന്നെങ്കിൽ രണ്ടാഴ്ച കൊണ്ട് തീർക്കാവുന്ന ഈ കേസ് രണ്ടു വർഷത്തോളമാണ് നീട്ടിക്കൊണ്ടുപോയത്. ഏതെങ്കിലും ഒരു യു.ഡി.എഫ്. പ്രവർത്തകന് ഇതിൽ പങ്കുണ്ടായിരുന്നെങ്കിൽ പിണറായി വിജയന്റെ പൊലീസ് എപ്പോഴേ നടപടിയെടുക്കുമായിരുന്നു. ഡി.വൈ.എഫ്.ഐ നേതാവായ റിബേഷിലേക്ക് അന്വേഷണം എത്തിയപ്പോൾ അത് ഒതുക്കിതീർക്കാൻ ശ്രമിച്ചതിന് പിന്നിലെ കാരണം വ്യക്തമാണ്.

ഇത് താഴെത്തട്ടിൽ ആരുടെയെങ്കിലും തലയിൽ വിരിഞ്ഞ ബുദ്ധിയല്ല, മറിച്ച് പാർട്ടിയുടെ ഉന്നത നേതൃത്വത്തിന്റെയും അന്നത്തെ ഭരണ നേതൃത്വത്തിന്റെയും അറിവോടെ വടകരയുടെ മണ്ണിൽ വിഷം കലർത്താൻ നടത്തിയ ബോധപൂർവ്വമായ ശ്രമമാണെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.

സി.പി.എമ്മിന്റെ ഇത്തരം തന്ത്രങ്ങൾ കാഫിർ സ്ക്രീൻഷോട്ടിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് എം.പിചൂണ്ടിക്കാണിച്ചു. ടി.പി. ചന്ദ്രശേഖരനെ കൊല്ലാൻ ഉപയോഗിച്ച വാഹനത്തിൽ ‘മാഷാ അള്ളാ’ സ്റ്റിക്കർ ഒട്ടിച്ചതും, ഫസലിനെ കൊലപ്പെടുത്തിയ ശേഷം ചോരപുരണ്ട തൂവാല അമ്പലപ്പറമ്പിലേക്ക് എറിഞ്ഞതും നാട് മറന്നിട്ടില്ല.

വടകരയിൽ രാഷ്ട്രീയ എതിരാളികളെ തകർക്കാനും നാടിന്റെ ഐക്യം തകർക്കാനും സി.പി.എം നേതാക്കൾ ശ്രമിച്ചപ്പോൾ, അതിന് നിന്നു കൊടുക്കാതിരുന്ന വടകരയിലെ ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയെ ആദരിക്കുന്നതായും ഷാഫി പറമ്പിൽ എം.പി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VadakaraShafi ParambilCPMKafir Screenshot
News Summary - Kafir Screenshot Was CPM’s Communal Poison Bomb Against State’s Unity- Shafi Parambil MP
Next Story