കാഫിർ സ്ക്രീൻഷോട്ട്: പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസും യൂത്ത് ലീഗും
text_fieldsകോഴിക്കോട്: വടകരയിലെ കാഫിർ സ്ക്രീൻഷോട്ടുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസും യൂത്ത് ലീഗും. മുൻ എം.എൽ.എ കെ.കെ. ലതിക അടക്കമുള്ളവരുടെ ഫെയ്സ്ബുക് പേജിൽ തന്‍റെ പേരിൽ പ്രചരിച്ച സ്ക്രീൻഷോട്ട് ഇപ്പോഴുമുണ്ട്. ഇതിനെതിരെ നടപടി വേണമെന്നും യൂത്ത് ലീഗ് തിരുവള്ളൂർ ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ് കാസിം ആവശ്യപ്പെട്ടു. കെ.കെ. ലതികയെ ചോദ്യം ചെയ്താൽ പോസ്റ്റ് തയാറാക്കിയ ആളെയും കണ്ടെത്താനാകുമെന്ന് ഡി.സി.സി പ്രസിഡന്‍റ് കെ. പ്രവീൺകുമാർ പറഞ്ഞു.
കെ.കെ. ലതികയുടെ ഫെയ്സ്ബുക് പേജിൽ ഇപ്പോഴും സ്ക്രീൻഷോട്ട് ഉള്ളത് കലാപാഹ്വാനത്തിന് തുല്യമാണെന്ന് മുഹമ്മദ് കാസിം പറഞ്ഞു. തന്നെയും ലീഗിനെയും ഇകഴ്ത്തുന്ന സമീപനമാണ് എതിർ കക്ഷികളിൽനിന്ന് ഉണ്ടായിട്ടുള്ളത്. കുറ്റക്കാരെ കണ്ടെത്തുകയെന്നത് പ്രധാനമാണ്. നിയമ നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും കാസിം വ്യക്തമാക്കി.
പ്രഥമദൃഷ്ട്യാ സ്ക്രീൻഷോട്ട് തയാറാക്കിയത് കാസിമല്ല എന്ന റിപ്പോർട്ട് പൊലീസ് കോടതിയിൽ നൽകിയിട്ടുണ്ട്. ഇടത് അനുകൂല സമൂഹമാധ്യമ അക്കൗണ്ടുകളിലാണ് സ്ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം പേജുകൾ കൈകാര്യം ചെയ്യുന്നത് ആരെന്ന് കണ്ടെത്താനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പൊലീസ് കോടതിയിൽ അറിയിച്ചു. യൂത്ത് ലീഗിന് പങ്കില്ലെന്ന് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുമ്പോഴും കെ.കെ. ലതിക അടക്കമുള്ള നേതാക്കൾ പോസ്റ്റ് പിൻവലിക്കാൻ തയാറാകുന്നില്ലെന്ന് കാസിം ചൂണ്ടിക്കാണിക്കുന്നു.
മേയ് 25ന് വൈകീട്ടാണ് തിരുവള്ളൂരിലെ എം.എസ്.എഫ്. നേതാവ് പി.കെ. മുഹമ്മദ് കാസിമിന്റെ വാട്സാപ്പ് സന്ദേശമെന്ന പേരില്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ കാഫിറെന്ന് വിളിക്കുന്ന പരാമര്‍ശമാണ് ഇതിലുള്ളത്. ഈ സന്ദേശം പെട്ടെന്നുതന്നെ സാമൂഹികമാധ്യമങ്ങളില്‍ വ്യാപിച്ചു. ഇത് ലതികയും പങ്കുവെച്ചു. സന്ദേശത്തിന്റെ പേരില്‍ എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി നല്‍കിയ പരാതിയില്‍ വടകര പൊലീസ് 25ന് രാത്രി കേസെടുത്തിരുന്നു. സന്ദേശം മുഹമ്മദ് കാസിമിന്റെ പേരില്‍ വ്യാജമായി ഉണ്ടാക്കിയതാണെന്ന് കാണിച്ച് യൂത്ത് ലീഗും കാസിമും പരാതി നല്‍കി. ഇതില്‍ യൂത്ത് ലീഗ് നല്‍കിയ പരാതിയിലും അന്നുതന്നെ കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

