കാഫിർ സ്ക്രീൻഷോട്ട്: ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ എസ്.ഐ.ടി ചോദ്യം ചെയ്യുന്നു
text_fieldsവടകര: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച കാഫിർ സ്ക്രീൻഷോട്ട് കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അന്വേഷണം ഊർജിതമാക്കി. കേസിൽ ആരോപണവിധേയനായ ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ അടക്കമുള്ളവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. വടകര ക്രൈം ബ്രാഞ്ച് ഓഫിസിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.
'അമ്പാടിമുക്ക് സഖാക്കൾ' ഫേസ്ബുക്ക് പേജ് അഡ്മിൻ മനേഷ്, റെഡ് ബറ്റാലിയൻ വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗമായ അതുൽ എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിട്ടുണ്ട്. സ്ക്രീൻഷോട്ട് ആദ്യം പങ്കുവെക്കപ്പെട്ടത് ഇത്തരം ഗ്രൂപ്പുകളിലാണെന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.
കാഫിർ സ്ക്രീൻഷോട്ട് കേസിൽ ആരോപണവിധേയനായതിനെ തുടർന്ന് റിബേഷ് രാമകൃഷ്ണൻ ഡി.വൈ.എഫ്.ഐ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിഞ്ഞു. ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റായിരുന്ന അദ്ദേഹം, കേസിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഔദ്യോഗിക പദവി രാജിവെച്ചത്. മുൻ അന്വേഷണ സംഘം നേരത്തെ റിബേഷിനെ ചോദ്യം ചെയ്തിരുന്നു. എന്നാൽ എവിടെനിന്നാണ് സ്ക്രീൻഷോട്ട് ലഭിച്ചതെന്ന് റിബേഷ് വെളിപ്പെടുത്തിയിരുന്നില്ല.
തുടർന്ന് സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്താനായില്ലെന്ന റിപ്പോർട്ട് മുൻ അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. യു.ഡി.എഫ് അധികാരത്തിൽ എത്തിയതോടെ പുതുതായി എത്തിയ എസ്.ഐ.ടി കേസിൽ അന്വേഷണം വ്യാപിപ്പിച്ചു. തുടർന്നാണ് ഡി.വൈ.എഫ്.ഐ തിരുവള്ളൂർ ബ്ലോക്ക് കമ്മിറ്റി അംഗം ജിതിൻ ഭാസ്കറിലേക്ക് അന്വേഷണം എത്തിയത്.
സി.പി.എം അനുകൂല വാട്സ്ആപ്പ് ഗ്രൂപ്പായ വടകര സ്ക്വാഡിൽ നിന്നാണ് കാഫിർ സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിച്ചത് എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. സ്ക്രീൻഷോട്ട് ആദ്യം ഷെയർ ചെയ്തതായി കണ്ടെത്തിയ റിബേഷ് രാമകൃഷ്ണന് ജിതിൻ ഭാസ്കറിൽ നിന്നാണ് ഈ സ്ക്രീൻഷോട്ട് ലഭിച്ചത് എന്നാണ് സൂചനചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

