കിഴക്കമ്പലം: കടമ്പ്രയാര്‍ ഇക്കോ ടൂറിസം പദ്ധതി കോവിഡ് വ്യാപനത്തോടെ നിലക്കുന്നു. കോടികള്‍ ചെലവഴിച്ച പദ്ധതി നേരേത്ത തന്നെ അലങ്കോല പെട്ടിരുന്നു. കോവിഡ് കൂടിയെത്തിയതോടെ വിനോദസഞ്ചാരികള്‍ തിരിഞ്ഞുനോക്കാത്ത അവസ്ഥയാണ്. പദ്ധതി ഇനി എന്ന് പഴയനിലയിലെത്തുമെന്ന ആശങ്കയിലാണ് കരാറുകാര്‍.
എടത്തല, കിഴക്കമ്പലം പഞ്ചായത്തുകളിലൂടെ ഒഴുകിയെത്തുന്ന തോടുകളുടെ സംഗമസ്ഥാനത്താണ് വിനോദസഞ്ചാരത്തിെൻറ മുഖ്യകേന്ദ്രം. ഇവിടെയെത്തുന്നവര്‍ക്കായി ഒരു ഭക്ഷണശാലയും പ്രവര്‍ത്തിച്ചിരുന്നു. പെഡല്‍ ബോട്ടുകളും മോട്ടോര്‍ ബോട്ടുകളും െകാട്ടവഞ്ചികളും ഉണ്ടായിരുന്നു. ഇവയെല്ലാം അനക്കമില്ലാതെ സര്‍വനാശത്തിലേക്ക് നീങ്ങുകയാണ്. ഇവിടെ പല ഭാഗങ്ങളിലായി ഉണ്ടാക്കിയ ഇരിപ്പിടങ്ങളും നശിക്കുന്ന അവസ്ഥയിലാണ്. തൂക്കുപാലവും തുരുമ്പെടുത്ത് തുടങ്ങി.