ആൻറണിക്കൊപ്പം ഇടതിലേക്ക് ചേക്കേറിയ കടന്നപ്പള്ളി
text_fieldsതിരുവനന്തപുരം: 1980ലാണ് എ.കെ. ആൻറണിക്കൊപ്പം രാമചന്ദ്രൻ കടന്നപ്പള്ളി കോൺഗ്രസ് വിട്ട് ഇടത് മുന്നണിയിലേക്ക് പോവുന്നത്. 1980ൽ ഇരിക്കൂറിൽനിന്ന് എൽ.ഡി.എഫ് സ്ഥാനാർഥിയായി നിയമസഭയിലുമെത്തി. എന്നാൽ 1982ൽ ആൻറണി കോൺഗ്രസിലേക്ക് തിരിച്ചുപോയെങ്കിലും കടന്നപ്പള്ളി ഇടതുപക്ഷത്ത് ഉറച്ചുനിന്നു. ഘടകകക്ഷികളിൽനിന്ന് സീറ്റ് പിടിച്ചുവാങ്ങുമ്പോഴും സ്വന്തം സീറ്റ് നൽകിയാണ് സി.പി.എം കടന്നപ്പള്ളിയെ ഒരോ തെരഞ്ഞെടുപ്പിനും ആശീർവദിച്ചയക്കുന്നത്.
പി.സി. ചാക്കോ പ്രസിഡൻറും കടന്നപ്പള്ളി സെക്രട്ടറിയുമായി കോൺഗ്രസ് -എസ് രൂപവത്കരിച്ചെങ്കിലും ചാക്കോ പിന്നീട് കോൺഗ്രസിലേക്ക് പോയി. 1990 മുതൽ കടന്നപ്പള്ളിയാണ് കോൺഗ്രസ് -എസ് പ്രസിഡൻറ്. 2001ൽ എൻ.സി.പിയിൽ ചേർന്നെങ്കിലും 2003ൽ അത് വിട്ട് സ്വന്തം പാർട്ടിയുമായി മുന്നോട്ട്. പാർലമെൻറിൽ കരിനിയമമായ ‘പോട്ട’ക്ക് അനുകൂലമായി എൻ.സി.പി നിലപാട് സ്വീകരിച്ചതാണ് മധുവിധു തീരുംമുമ്പുള്ള വഴിപിരിയലിന് ആക്കംകൂട്ടിയത്.
പയ്യന്നൂർ കടന്നപ്പള്ളി ചെറുവാഞ്ചേരി പി.വി. കൃഷ്ണൻ ഗുരുക്കളുടെയും ടി.കെ. പാർവതിയുടെയും മകനായി 1944 ജൂലൈ ഒന്നിനാണ് കടന്നപ്പള്ളിയുടെ ജനനം. ഏഴ് വരെ എടമന യു.പി സ്കൂളിൽ. തുടർപഠനം മാടായി ഹൈസ്കൂളിൽ. സി.പി.എം കോട്ടയിൽ കോൺഗ്രസുകാരെ പോലും അമ്പരപ്പിച്ച് സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടതായിരുന്നു ആദ്യ രാഷ്ട്രീയ വിജയം. കണ്ണൂർ എസ്.എൻ കോളജിലായിരുന്നു തുടർ വിദ്യാഭ്യാസം. 1960ൽ കെ.എസ്.യു കണ്ണൂർ താലൂക്ക് പ്രസിഡൻറായി. പിന്നീട് ജില്ല പ്രസിഡൻറ്. 1965ൽ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയും 1969ൽ സംസ്ഥാന പ്രസിഡൻറുമായിരുന്നു.
തിരുവനന്തപുരം ലോ അക്കാദമിയിൽ ചേർന്നെങ്കിലും 1969ലെ നായനാർക്കെതിരെയുള്ള മത്സരത്തിൽ സ്ഥാനാർഥിയായതിനെ തുടർന്ന് നിയമപഠനം തുടരാനായില്ല. 1980ൽ ഇരിക്കൂറിൽനിന്നും 2006ൽ എടക്കാട് നിന്നും 2016ലും 2021ലും കണ്ണൂരിൽനിന്നും നിയമസഭയിലേക്കെത്തി. 2009ൽ വി.എസ് മന്ത്രിസഭയുടെ പുനഃസംഘടനയിലാണ് ആദ്യമായി മന്ത്രിസഭയിലേക്കെത്തുന്നത്. 2009 ആഗസ്റ്റ് 17 മുതൽ 2011 മേയ് 14 വരെ ദേവസ്വം മന്ത്രിയായി. 2016 ഒന്നാം പിണറായി സർക്കാറിലും തുറമുഖമന്ത്രിയായി. ഭാര്യ: സരസ്വതി ടി.എം. മകൻ: പി.വി. മിഥുൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

