ഏത് വകുപ്പ് കിട്ടിയാലും സന്തോഷം -കടന്നപ്പള്ളി
text_fieldsതിരുവനന്തപുരം: ഏത് വകുപ്പ് കിട്ടിയാലും സന്തോഷമെന്ന് നിയുക്ത മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. വകുപ്പിനെ കുറിച്ചൊന്നും ഞാൻ സംസാരിച്ചിട്ടേയില്ല. ഏത് വകുപ്പായാലും അതിനോട് പൂർണമായി നീതി പുലർത്തും. സത്യസന്ധമായി ചുമതല നിർവഹിക്കും. ഇടതുമുന്നണിയുടെ മുൻ തീരുമാനമാണ് ഇപ്പോൾ പ്രാവർത്തികമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.എസ്.ആർ.ടി.സിയെ നന്നാക്കി ലാഭത്തിലാക്കാമെന്ന മണ്ടത്തരം പറയുന്നില്ല -ഗണേഷ്കുമാർ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയെ നന്നാക്കി ലാഭത്തിലാക്കാമെന്ന മണ്ടത്തരം താന്‍ പറയുന്നില്ലെന്ന് നിയുക്ത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. കെ.എസ്.ആര്‍.ടി.സിയില്‍ സാമ്പത്തിക അച്ചടക്കം പാലിക്കും. ഒരു പൈസയും ചോരില്ല. ഒരു ക്രമക്കേടും അനുവദിക്കില്ല. സ്വിഫ്റ്റുമായി മുന്നോട്ട് പോകും. പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്താന്‍ പദ്ധതികളുണ്ട്. തൊഴിലാളികളെ വിശ്വാസത്തിലെടുക്കും. അവര്‍ സഹകരിക്കുമെന്നാണ് വിശ്വാസം. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്താല്‍ ഉദ്ഘാടനങ്ങള്‍ക്കും മറ്റും പോകില്ല. ശ്രദ്ധ മുഴുവന്‍ വകുപ്പ് മെച്ചപ്പെടുത്തുന്ന കാര്യങ്ങളിലായിരിക്കും. മുഖ്യമന്ത്രി അനുവദിച്ചാൽ മാത്രം സിനിമയില്‍ അഭിനയിക്കും. വകുപ്പിന്‍റെ അവസ്ഥ പഠിക്കാന്‍ സമയം തരണമെന്നും വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗണേഷ് കുമാറിനെ മന്ത്രിയാക്കരുത് -വി.ഡി. സതീശൻ
കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിന്‍റെ പേരില്‍ കേസ് നേരിടുന്ന കെ.ബി. ഗണേഷ് കുമാറിനെ മന്ത്രിയാക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിന്‍റെ ഹൃദയത്തിലുള്ള ഉമ്മന്‍ ചാണ്ടിയെ അപമാനിക്കാനുള്ള ശ്രമത്തില്‍ പ്രധാന പങ്കാളിയായ ആളെ മന്ത്രിയാക്കിയതിലൂടെ അധികാരത്തില്‍ എത്തിയതിന് പിണറായി നന്ദി പ്രകാശിപ്പിക്കുകയാണ്. നൂറുകണക്കിന് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ മര്‍ദനമേറ്റ് ആശുപത്രിയിലാണ്. ഈ സാഹചര്യത്തില്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞ യു.ഡി.എഫ് ബഹിഷ്‌കരിക്കുമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

