കടകംപള്ളിയുടെ കുമ്പസാരം:ശബരിമല വീണ്ടും പ്രചാരണ വിഷയമാകുന്നു
text_fieldsയു.ഡി.എഫ്, ബി.ജെ.പി
നിലപാടുകൾ
എൽ.ഡി.എഫിനെ പ്രതിരോധത്തിലാക്കിയെന്നതിെൻറ സൂചനയാണ് ഖേദപ്രകടനം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളെപ്പോലെ നിയമസഭ തെരഞ്ഞടുപ്പിലും ശബരിമലയും വിശ്വാസ സംരക്ഷണവും പ്രധാന വിഷയമാകുന്നു. ശബരിമലയിൽ യുവതീപ്രവേശനം തടയുന്നതിന് നിയമനിർമാണം നടത്തുമെന്ന് യു.ഡി.എഫ് പ്രഖ്യാപിച്ചപ്പോൾ ഒരുപടി കൂടി കടന്ന് ശബരിമല ജില്ലയെന്ന വാഗ്ദാനമാണ് ബി.ജെ.പി മുന്നോട്ടുവെക്കുന്നത്.
ഇൗ നിലപാടുകൾ എൽ.ഡി.എഫിനെ പ്രതിരോധത്തിലാക്കിയെന്നതിെൻറ സൂചനയാണ് കഴിഞ്ഞദിവസം ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തിയ ഖേദപ്രകടനം.
ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് മാറ്റുന്നെന്ന സൂചന നൽകുന്ന നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. മീനമാസപ്പൂജക്ക് ശബരിമലയിൽ 10,000 പേർക്ക് പ്രവേശനം നൽകാൻ തീരുമാനിച്ചുകഴിഞ്ഞു. എന്നാൽ, കടകംപള്ളിയുടെ ഖേദപ്രകടനത്തെ പരിഹസിക്കുകയാണ് ബി.ജെ.പി നേതാക്കൾ. കഴക്കൂട്ടത്ത് കഴിഞ്ഞതവണ കടകംപള്ളിക്കുപിന്നിൽ രണ്ടാംസ്ഥാനത്ത് ബി.ജെ.പിയുടെ വി. മുരളീധരനായിരുന്നു. ഇത്തവണയും മുരളീധരനോ, സുരേന്ദ്രനോ അവിടെ മത്സരിക്കുമെന്നാണ് വിവരം.
സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുകയാണ് സർക്കാർ ചെയ്തതെന്നും ഇനി കോടതി മറിച്ചൊരു തീരുമാനമെടുത്താൽ എല്ലാവരോടും ആലോചിച്ച് മാത്രമേ തീരുമാനമെടുക്കൂവെന്നുമുള്ള നിലപാടിലാണ് സി.പി.എം. ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനേറ്റ തിരിച്ചടിക്ക് കാരണമായത് ശബരിമലയാണെന്ന് എൽ.ഡി.എഫ് വിലയിരുത്തിയിരുന്നു. യുവതീപ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ഇടത് നേതാക്കൾ കൈക്കൊണ്ട നിലപാടുകൾ വ്യക്തമാക്കുന്ന വിഡിയോകൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുള്ള പ്രചാരണവും സജീവമാണ്. മന്ത്രിയുടെ ഖേദപ്രകടനത്തിൽ എൻ.എസ്.എസും പന്തളം കൊട്ടാരവും പരസ്യ പ്രസ്താവനയുമായി രംഗത്തെത്തിയതും തെരഞ്ഞെടുപ്പിൽ ഇൗ വിഷയം വീണ്ടും ചർച്ച ചെയ്യപ്പെടുമെന്ന സൂചനയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

