‘സ്‌പോണ്‍സര്‍’ ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമെന്ന് കടകംപള്ളി; സ്വർണം പൂശൽ തീരുമാനങ്ങൾ ദേവസ്വം ബോർഡിന്റേതെന്നും മൊഴി
text_fieldsതിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയെ ‘സ്പോൺസർ’ എന്ന നിലയിൽ അറിയാമെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. ശബരിമല ഭക്തനെന്ന നിലയിലും സംഭാവനകൾ നൽകിയ വ്യക്തിയെന്ന നിലയിലും പരിചയപ്പെട്ടിട്ടുണ്ട്. വ്യക്തിപരമായി മറ്റ് ബന്ധങ്ങളോ ഇടപാടുകളോ ഉണ്ടായില്ല.
സ്വർണം പൂശൽ തീരുമാനങ്ങളെല്ലാം ദേവസ്വം ബോർഡിന്റേതാണ്. വകുപ്പിന് ഒരു അറിവുമില്ലെന്നും അദ്ദേഹം അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിലുണ്ട്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ തനിക്കെതിരായ എല്ലാ ആരോപണങ്ങളും തള്ളുകയാണ് മുന്‍ ദേവസ്വം മന്ത്രി. സ്വര്‍ണം പൂശുന്നതുമായി ബന്ധപ്പെട്ട ഒരു അപേക്ഷയും സര്‍ക്കാറിന് വന്നിട്ടില്ല. സ്വര്‍ണം പൂശാനുള്ള ഒരു ഫയല്‍ നീക്കവും വകുപ്പ് നടത്തിയിട്ടില്ലെന്നും അന്വേഷണ സംഘത്തോട് അദ്ദേഹം വ്യക്തമാക്കി.
പത്മകുമാറിന്‍റെ ഹരജി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി
കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധൻ എന്നിവരുടെ ജാമ്യ ഹരജികൾ ഹൈകോടതി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി. ഇരുവരുടെയും ജാമ്യ ഹരജികൾ അവധിക്കാല ബെഞ്ച് മുമ്പാകെ പരിഗണനക്കെത്തിയെങ്കിലും പതിവായി പരിഗണിക്കുന്ന ബെഞ്ചിൽ തന്നെ വരുന്നതാണ് ഉചിതമെന്ന് വിലയിരുത്തി ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ ജനുവരി ആറിന് പരിഗണിക്കാൻ മാറ്റുകയായിരുന്നു. ശ്രീകോവിൽ വാതിൽപാളി ചെമ്പെന്ന പേരിൽ കൈമാറിയ കേസിൽ എട്ടാം പ്രതിയാണ് പത്മകുമാർ. ഈ കേസിൽ 10ാം പ്രതിയും ദ്വാരപാലക ശിൽപങ്ങളുടെ കേസിൽ 13ാം പ്രതിയുമാണ് ഗോവർധൻ. അന്വേഷണം മന്ദഗതിയിലാണെന്നും വമ്പൻ സ്രാവൂകളിലേക്ക് എത്തുന്നില്ലെന്നും പറയുന്നുണ്ടല്ലോയെന്ന് വാദത്തിനിടെ കോടതി വാക്കാൽ ചോദിച്ചു.
എസ്.ഐ.ടിയിൽ രണ്ട് സി.ഐമാർകൂടി
കൊച്ചി: ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘത്തിൽ (എസ്.ഐ.ടി) രണ്ട് സർക്കിൾ ഇൻസ്പെക്ടർമാരെ കൂടി ഉൾപ്പെടുത്താമെന്ന് ഹൈകോടതി. മറ്റ് സംസ്ഥാനങ്ങളിലടക്കം അന്വേഷണം നടത്തുകയും നിശ്ചിത സമയത്തിനകം പൂർത്തിയാക്കുകയും ചെയ്യേണ്ടതിനാൽ കൂടുതൽ പേരെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് എസ്.ഐ.ടി സമർപ്പിച്ച ഉപഹരജിയിലാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
പാലക്കാട് ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ വി.പി. സുധീഷ്, പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ഡി. ഷിബുകുമാർ എന്നിവരെ പ്രത്യേക അന്വേഷണസംഘത്തിൽ ഉൾപ്പെടുത്താനാണ് അനുമതി. അന്വേഷണത്തിന് ദേവസ്വം ബെഞ്ചാണ് പ്രത്യേക സംഘം രൂപവത്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

