മനുഷ്യാവകാശ കമീഷൻ നാടിന് ശാപമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: കൊല്ലപ്പെട്ട വിദേശ വനിതയുടെ സംസ്കാരചടങ്ങിനെ ചൊല്ലി മനുഷ്യാവകാശ കമീഷനും സർക്കാറും തമ്മിൽ തുറന്നപോര്. ബി.ജെ.പി ജില്ലാ പ്രസിഡൻറ് എസ്. സുരേഷ് നൽകിയ പരാതിയിന്മേൽ യുവതിയുടെ ശരീരം ദഹിപ്പിക്കരുതെന്നും ക്രൈസ്തവ വിശ്വാസപ്രകാരം അടക്കംചെയ്യണമെന്നുമുള്ള കമീഷെൻറ ഉത്തരവ് സംസ്ഥാന സർക്കാർ തള്ളിയതാണ് വിവാദത്തിന് വഴിെവച്ചത്. കമീഷൻ നാടിന് ശാപമാണെന്നും ഉത്തരവ് മനുഷ്യത്വരഹിതവുമാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
യുവതിയുടെ ബന്ധുക്കളുടെ താൽപര്യമാണ് കമീഷെൻറ രാഷ്ട്രീയത്തേക്കാൾ വലുത്. വൈദ്യുതി ശ്മശാനം ഉപയോഗിക്കാനാണ് സർക്കാർ തീരുമാനിച്ചതെങ്കിലും വിറക് കൊണ്ടുള്ള ചിത തന്നെ വേണമെന്ന് ആവശ്യപ്പെട്ടത് ബന്ധുക്കളാണ്. പരാതി നൽകുംമുമ്പ് അവരുടെ വിശദീകരണംപോലും തേടാൻ കമീഷൻ തയാറായില്ലെന്നും കടകംപള്ളി കുറ്റപ്പെടുത്തി. എന്നാൽ കമീഷെൻറ ഉത്തരവ് മറികടന്ന് മൃതശരീരം ദഹിപ്പിച്ചതിനെതിരെ സർക്കാറിനോട് വിശദീകരണം തേടുമെന്ന് മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർമാൻ പി. മോഹനദാസ് പറഞ്ഞു.
സംസ്കാരചടങ്ങ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി എസ്. സുരേഷ് ഡി.ജി.പിയുടെ ഓഫിസിലെത്തി ഉത്തരവ് കൈമാറിയെങ്കിലും സംസ്കാരചടങ്ങുകൾ അധികംവൈകാതെ സർക്കാർ നേതൃത്വത്തിൽ പൂർത്തിയാക്കുകയായിരുന്നു. സർക്കാറിന് പലതും മറച്ചുവെക്കാനുള്ളതിനാലാണ് മൃതദേഹം ദഹിപ്പിച്ചതെന്ന് ബി.ജെ.പി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
