പോറ്റിയുടെ വീട്ടിൽ പോയത് കുട്ടിയുടെ ചടങ്ങിൽ പങ്കെടുക്കാനെന്ന് കടകംപള്ളി, ഫോട്ടോയെക്കുറിച്ച് ഉത്തരമില്ല
text_fieldsതിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്.ഐ.ടിക്ക് ഉണ്ണികൃഷ്ണൻ പോറ്റി തനിക്കെതിരെ നൽകിയ മൊഴിയിൽ വിശദീകരണവുമായി മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. 2017ലാണ് പോറ്റിയുടെ വീട്ടിൽ പോയത്. അത് ഒരു കുട്ടിയുടെ ചടങ്ങിൽ പങ്കെടുക്കാനായിരുന്നെന്നാണ് മന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചത്.
മന്ത്രിയായ ശേഷമുള്ള ആദ്യ ശബരിമല തീർഥാടന കാലത്താണ് പോറ്റിയെ പരിചയപ്പെടുന്നത്. പോറ്റിയുടെ നിർബന്ധപ്രകാരമാണ് ചടങ്ങിന് പോയത്. മറ്റൊരു ചടങ്ങിലും പങ്കെടുത്തിട്ടില്ല. തന്റെ മണ്ഡലത്തിൽ സ്‌പോൺസർഷിപ്പ് പരിപാടികളൊന്നും പോറ്റി ചെയ്തിട്ടില്ല. ഗിഫ്റ്റുകളൊന്നും പോറ്റിയിൽ നിന്ന് വാങ്ങിയിട്ടില്ല. ശബരിമല സ്വാമിയുടെ ഭക്തൻ എന്ന നിലയിലാണ് പോറ്റിയെ പരിചയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ സംഘത്തോട് ഈ കാര്യം പറഞ്ഞിരുന്നു. ദേവസ്വം മന്ത്രിയെന്ന നിലയിലും വ്യക്തിപരമായും തനിക്കുള്ള പോറ്റിയുമായുള്ള ബന്ധം പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
നിർബന്ധത്തിന് വഴങ്ങി പൊലീസ് അകമ്പടിയോടെയാണ് പോറ്റിയുടെ വീട്ടിൽ പോയത്. താൻ ഉദാരമതികളായ വ്യക്തികളിൽ നിന്നും പാവങ്ങൾക്ക് സഹായം നൽകണമെന്ന് അഭ്യർഥിക്കും. അതേസമയം, പോറ്റിയുമായുള്ള ബാംഗ്ലൂർ വെച്ചുളള കൂടിക്കാഴ്ചയെക്കുറിച്ചോ പോറ്റിക്കൊപ്പമുള്ള ഫോട്ടോയെ കുറിച്ചോ ഉള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകിയില്ല.
2017 മുതൽ കടകംപിള്ളിയുമായി പരിചയമുണ്ടെന്നും അദ്ദേഹം വീട്ടിൽ വന്നിട്ടുണ്ടെന്നും ഉണ്ണിക്കൃഷ്ണൻ പോറ്റി പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

