‘കോടിയേരിയുമായി അദ്ദേഹത്തിന്റെ ഫ്ലാറ്റിലും എ.കെ.ജി സെന്ററിലും വെൽഫെയർ പാർട്ടി നേതാക്കൾ ചർച്ച നടത്തിയാണ് സീറ്റ് ധാരണയായത്’ -വെൽഫെയർ പാർട്ടി നേതാവ് കെ.എ. ഷഫീഖ്
text_fieldsആലപ്പുഴ: നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് പിന്തുണ പ്രഖ്യാപിച്ച വെൽഫെയർ പാർട്ടിക്കെതിരെ സി.പി.എം ഉന്നയിക്കുന്ന ആരോപണങ്ങൾ അവസരവാദപരമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ഷഫീഖ്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി സി.പി.എം ധാരണ ഉണ്ടാക്കിയാണ് മത്സരിച്ചതെന്നും കോടിയേരിയുമായി അദ്ദേഹത്തിന്റെ ഫ്ലാറ്റിലും എ.കെ.ജി സെന്ററിലും ചർച്ച നടത്തിയാണ് സീറ്റ് ധാരണ ഉണ്ടാക്കിയതെന്നും അദ്ദേഹം ചാനൽ ചർച്ചയിൽ ഓർമിപ്പിച്ചു. ചർച്ചയിൽ പങ്കെടുത്ത സി.പി.എം നേതാവ് അനിൽകുമാറിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു കെ.എ ഷഫീഖ്. ആ തെരഞ്ഞെടുപ്പിൽ സി.പി.എമ്മുമായി തങ്ങൾ ധാരണയിലേർപ്പെട്ട് മത്സരിച്ച അത്രയും സീറ്റുകൾ എൽ.ഡി.എഫിലെ പല ഘടകക്ഷികൾക്കും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘2015 ലെ തെരഞ്ഞെടുപ്പിൽ കേരളത്തിൽ വെൽഫെയർ പാർട്ടിയും ഇടതുപക്ഷവും തമ്മിലാണ് ധാരണ. അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഞങ്ങളും തമ്മിലായിരുന്നു ചർച്ച. അദ്ദേഹവും ഞങ്ങളുമായി നേരിട്ട് മുഖാമുഖം നടത്തിയ ചർച്ചകളിൽ പങ്കെടുത്തയാളാണ് ഞാൻ. തിരുവനന്തപുരം എ.കെ.ജി സെന്ററിന്റെ എതിർവശത്തുള്ള സഖാവിന്റെ (കോടിയേരി) ഫ്ലാറ്റ്, പിന്നീട് എ.കെ.ജി സെന്റർ, ആലപ്പുഴ ജില്ല കമ്മിറ്റി ഓഫിസ് എന്നിവിടങ്ങളിലാണ് ചർച്ച നടന്നത്. ഇവിടെ എല്ലാം നടന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് കേരളത്തിൽ 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി -സി.പി.എം സഹകരണമുണ്ടാകുന്നത്. അന്ന് ആലപ്പുഴ ജില്ലയിൽ ഈ തീരുമാനം നടപ്പാക്കാൻ അന്നത്തെ മന്ത്രി ജി. സുധാകരന്റെ വസതിയിൽ ചർച്ച നടത്തിയിരുന്നു. അന്നത്തെ ജില്ല സെക്രട്ടറിയായ മന്ത്രി സജി ചെറിയാനുമായും സംസാരിച്ചിട്ടാണ് ആലപ്പുഴ ജില്ലയിലെ വെൽഫെയർ-സി.പി.എം ധാരണ രൂപപ്പെടുത്തുന്നത്. അരൂക്കുറ്റി, പാണാവള്ളി തുടങ്ങിയ പഞ്ചായത്തുകളിൽ സഹകരിച്ച് മത്സരിച്ചു, ഒരുമിച്ച് ഭരിച്ചു മുന്നോട്ടുപോയി.
നിങ്ങളുടെ നയം അവസരവാദപരമാണ്. ഞങ്ങളും നിങ്ങളും ധാരണയിൽ മത്സരിച്ച് ഒരുമിച്ച് ഭരിച്ച എത്ര തദ്ദേശ സ്ഥാപനങ്ങളുണ്ട്. നിങ്ങളുടെ പ്രസിഡൻറും ഞങ്ങളുടെ വൈസ് പ്രസിഡന്റുമായി കൂട്ടിലങ്ങാടി ഭരിച്ചില്ലേ നമ്മൾ? കാരശ്ശേരി ഭരിച്ചില്ലേ? കൊടിയത്തൂർ ഭരിച്ചില്ലേ? മുക്കം നഗരസഭ നമ്മൾ ഭരിച്ചില്ലേ? അരൂക്കുറ്റി ഭരിച്ചില്ലേ? അപ്പോൾ ഈ സഖാക്കളൊന്നും ഇവിടെ ഉണ്ടായിരുന്നില്ലേ? ഈ അവസരവാദം ജനങ്ങൾക്ക് മനസ്സിലാകും. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടണം. അതിന് പകരം, സമുദായം പറഞ്ഞ്, മതം തിരിച്ച്, ധ്രുവീകരണം നടത്തി വോട്ട് നേടാൻ ശ്രമിച്ചാൽ അതിന്റെ ഗുണം ബി.ജെ.പി കൊണ്ടുപോകും.
മലപ്പുറം ജില്ലയിൽ 23 തദ്ദേശ സ്ഥാപനങ്ങളിലാണ് സി.പി.എം -വെൽഫെയർ പാർട്ടി ധാരണ ഉണ്ടായിരുന്നത്. കോഴിക്കോട് ജില്ലയിൽ 12 സ്ഥാപനങ്ങളിലായിരുന്നു ധാരണ. പാലക്കാട്, കണ്ണൂർ തുടങ്ങി കേരളത്തിൽ പല ജില്ലകളിലും ഞങ്ങളും സി.പി.എമ്മും തമ്മിൽ ധാരണ ഉണ്ടായിരുന്നു. ഈ ജില്ലകളിൽ പ്രസ്‍തുത സീറ്റുകളിൽ സി.പി.എമ്മുകാർ ആർക്കാണ് വോട്ടുചെയ്തതെന്ന് പാർട്ടി നേതാക്കളോട് അന്വേഷിക്കണം. ഞങ്ങൾ മത്സരിച്ച് ജയിച്ച സ്ഥലങ്ങളിൽ സി.പി.എമ്മിനും ഇടതുപക്ഷത്തിനും സ്ഥാനാർഥിയുണ്ടായിരുന്നോ? -അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

