വിദ്യയുടെ പിഎച്ച്.ഡി പ്രവേശനം കാലടി സർവകലാശാല ലീഗൽ സ്റ്റാൻഡിങ് കമ്മിറ്റി അന്വേഷിക്കും
text_fieldsകാലടി: എസ്.എഫ്.ഐ നേതാവും പിഎച്ച്.ഡി വിദ്യാർഥിനിയുമായ കെ. വിദ്യയുടെ വ്യാജ സർട്ടിഫിക്കറ്റ് വിവാദം കാലടി സംസ്കൃത സർവകലാശാല ലീഗൽ സ്റ്റാൻഡിങ് കമ്മിറ്റി അന്വേഷിക്കും. പരാതികൾ പരിശോധിച്ച് നടപടി ശിപാർശ ചെയ്യാനാണ് വൈസ് ചാൻസലർ നിർദേശം നൽകിയിട്ടുള്ളത്.
വിദ്യയുടെ പിഎച്ച്.ഡി പ്രവേശനത്തിൽ സംവരണ അട്ടിമറി നടന്നുവെന്ന് വാർത്ത വന്നിരുന്നു. കൂടാതെ, പിഎച്ച്.ഡി പ്രവേശനത്തിൽ അപാകതയുണ്ടെങ്കിൽ അക്കാര്യം സമഗ്രമായി അന്വേഷിക്കണമെന്ന് ചൂണ്ടിക്കാട്ടി സിൻഡിക്കേറ്റ് അംഗവും മലയാളം വിഭാഗം അധ്യാപികയുമായ ഡോ. ബിച്ചു എക്സ്. മലയിൽ വി.സിക്ക് കത്ത് നൽകിയിരുന്നു. ഈ രണ്ട് കാര്യങ്ങൾ പരിഗണിച്ചാണ് വൈസ് ചാൻസലർ അന്വേഷണത്തിന് ഉത്തരവിട്ടത്. വിദ്യയുടെ പിഎച്ച്.ഡി പ്രവേശനം സംബന്ധിച്ച് സിൻഡിക്കേറ്റ് ഉപസമിതിയും അന്വേഷിക്കുന്നുണ്ട്.
ഡോ. ബിച്ചു എക്സ്. മലയിലിന് കീഴിലാണ് വിദ്യ ഗവേഷണം നടത്തിരുന്നത്. റിസർച് ഗൈഡ് സ്ഥാനത്തു നിന്ന് പിന്മാറുകയാണെന്ന് കാണിച്ച് ഡോ. ബിച്ചു, മലയാള വിഭാഗം മേധാവി എസ്. പ്രിയക്ക് കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു.
അതേസമയം, വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് അധ്യാപനത്തിന് ശ്രമിച്ച കെ. വിദ്യയെ സർവകലാശാലയിൽ നിന്ന് പുറത്താക്കിയേക്കുമെന്നാണ് സൂചന. വിദ്യാർഥിയെ സർവകലാശാലയിൽ നിന്ന് പുറത്ത് ആക്കണമെങ്കിൽ സിൻഡിക്കേറ്റിന്റെ അനുമതി വേണം. അടുത്ത ദിവസം ചേരുന്ന സിൻഡിക്കേറ്റ് ഇക്കാര്യം ചർച്ച ചെയ്യും.