‘അങ്ങനെയൊരു സർട്ടിഫിക്കറ്റ് കൈയിലില്ല, കൊടുത്തിട്ടുമില്ല’; ആരോപണത്തോട് പ്രതികരിച്ച് കെ. വിദ്യ
text_fieldsകൊച്ചി: ഗെസ്റ്റ് ലെക്ചററാകാൻ ഉണ്ടാക്കിയെന്ന് പറയുന്ന വ്യാജരേഖ കാണുന്നത് മാധ്യമങ്ങളിലൂടെയാണെന്നും അങ്ങനെയൊന്ന് തന്‍റെ കൈയില്‍ ഇല്ലെന്നും കേസിൽ പ്രതിയായ മുൻ എസ്.എഫ്.ഐ നേതാവ് കെ. വിദ്യ. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണെന്നും ചാനൽ അഭിമുഖത്തിൽ അവർ പറഞ്ഞു.
അട്ടപ്പാടി ഗവ. കോളജില്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റിന്‍റെ അസ്സല്‍ പൊലീസിന് കണ്ടെടുക്കേണ്ടി വരുമെന്നിരിക്കെയാണ് അങ്ങനെ ഒരു രേഖ താൻ നൽകിയിട്ടില്ലെന്ന വാദം വിദ്യ ഉയർത്തുന്നത്. ഒളിവില്‍ കഴിയുകയാണ് വിദ്യ. അട്ടപ്പാടി ആര്‍.ജി.എം ഗവ. കോളജിലെ മലയാളം വിഭാഗം ഗെസ്റ്റ് ലെക്ചറര്‍ നിയമനത്തിനായി വ്യാജ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല. മാധ്യമങ്ങളിൽ കണ്ട അറിവ് മാത്രമാണുള്ളത്.
അതേസമയം, ഗെസ്റ്റ് ലെക്ചറര്‍ നിയമനത്തിനുള്ള അഭിമുഖത്തിൽ പങ്കെടുത്തതായി വിദ്യ സമ്മതിച്ചു. മഹാരാജാസ് കോളജില്‍ ഗെസ്റ്റ് ലെക്ചററായി ജോലി ചെയ്തുവെന്ന സര്‍ട്ടിഫിക്കറ്റാണ് അട്ടപ്പാടി കോളജിലെ ഗെസ്റ്റ് ലെക്ചറർ നിയമനത്തിന് വിദ്യ ഹാജരാക്കിയത്. ഇത് വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് കേസും രാഷ്ടീയ വിവാദവും ഉടലെടുത്തത്.