‘ഈ സാരി സെക്കൻഡ് ഹാൻഡ്, എട്ടുവർഷമായി ഉപയോഗിക്കുന്നു’ -സദസ്സിനെ ഞെട്ടിച്ച് കെ. വാസുകി ഐ.എ.എസ്
text_fieldsപുനരുപയോഗ സ്റ്റാളിൽനിന്ന് എട്ട് വർഷം മുമ്പ് ലഭിച്ച സാരിയുടുത്ത് കെ. വാസുകി
തൃശൂർ: ‘ഞാൻ ധരിച്ചിരിക്കുന്ന ഈ സാരി എങ്ങനെയുണ്ട്? നല്ലതല്ലേ? ഇത് പുനരുപയോഗ ഷോപ്പിൽനിന്ന് ലഭിച്ചതാണ്. അന്ന് വാങ്ങുമ്പോൾ തന്നെ സെക്കൻഡ് ഹാൻഡായിരുന്നു. ഇപ്പോൾ എട്ട് വർഷമായി ഈ സാരി എനിക്കൊപ്പമുണ്ട്’... സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ. വാസുകിയുടെ ഈ വാക്കുകൾക്ക് നിറഞ്ഞ കൈയടിയോടെയായിരുന്നു സദസ്സിന്റെ മറുപടി.
സംസ്ഥാന സ്കൂൾ കലോത്സവത്തെ ഉത്തരവാദിത്ത ബോധമുള്ള തലമുറയുടെ സൃഷ്ടിക്കായി കൂടി ഉപയോഗിക്കുന്നതിന്റെ പ്രഖ്യാപനത്തിനിടയിലായിരുന്നു മെറൂൺ നിറത്തിലുള്ള സാരിയെ കുറിച്ച് കെ. വാസുകി പറഞ്ഞത്. 2018ൽ തിരുവനന്തപുരം കലക്ടർ ആയിരുന്നപ്പോൾ അവിടെയുള്ള റെസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച പുനരുപയോഗ സ്വാപ് ഷോപ്പിൽ (ഉപയോഗിച്ച സാധനങ്ങളുടെ മാറ്റക്കട) നിന്നാണ് ഈ സാരി ലഭിച്ചത്.
എട്ട് വർഷമായി ഉപയോഗിച്ചിട്ടും ഒരു കുഴപ്പമില്ലെന്നും അവർ ‘മാധ്യമ’ത്തോട് പറഞ്ഞു. തന്റെ സാരികളിൽ 80 ശതമാനവും ഇത്തരത്തിൽ സ്വാപ് ഷോപ്പുകളിൽ നിന്ന് ശേഖരിച്ചതാണ്. 25 വർഷം പഴക്കമുള്ള സാരിയും താൻ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു.
താൻ ശുചിത്വ മിഷന്റെ ചുമതലയിൽ ഇരിക്കുമ്പോഴാണ് ഇത്തരത്തിലുള്ള ചിന്തയിലേക്ക് എത്തുന്നത്. ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപയോഗിച്ച സാധനങ്ങളുടെ വിതരണ കേന്ദ്രങ്ങളുണ്ട്. കുട്ടികളിലേക്ക് ഈ ആശയം കൈമാറാനും ഉപഭോഗം പരമാവധി കുറക്കാനും പരിസ്ഥിതി സൗഹൃദമാക്കാനുമാണ് കലോത്സവത്തിന്റെ പ്രധാന വേദിയിൽ തന്നെ സ്വാപ് ഷോപ്പ് ആരംഭിച്ചത്. ഉപഭോഗം കുറക്കുന്നതിലൂടെ പരിസ്ഥിതി ഏറെ സൗഹൃദമാകുമെന്നും അവർ പറഞ്ഞു. കലോത്സവ നഗരിയിലെ സ്വാപ് ഷോപ്പിന്റെ ഉദ്ഘാടനവും കെ. വാസുകി നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

