കെ ടെറ്റ് കാറ്റഗറി 4 ഫലം: എല്ലാ ഉത്തരക്കടലാസുകളും പുനഃപരിശോധിക്കുമെന്ന് പരീക്ഷഭവൻ
text_fieldsതിരൂർ (മലപ്പുറം): കെ.ടെറ്റ് കാറ്റഗറി നാല് പരീക്ഷയുടെ മൂല്യനിർണയത്തിൽ വ്യാപക അപാകതകളെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ പരീക്ഷ എഴുതിയ എല്ലാ ഉദ്യോഗാർഥികളുടെയും ഉത്തരക്കടലാസുകൾ പുനഃപരിശോധിക്കാൻ പരീക്ഷാഭവൻ തീരുമാനിച്ചു. സെക്രട്ടറി എസ്. സന്തോഷ്കുമാറാണ് ഇക്കാര്യമറിയിച്ചത്. യു.പി വിഭാഗത്തിലെ ഭാഷാധ്യാപകരും സ്പെഷലിസ്റ്റ്, ഫിസിക്കൽ എജുക്കേഷൻ അധ്യാപകരുമാണ് കാറ്റഗറി 4 വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഫെബ്രുവരിയിൽ നടന്ന പരീക്ഷയുടെ പുതുക്കിയ ഉത്തരസൂചിക മെയ് 22നും ഫലം മെയ് 26നുമാണ് പ്രസിദ്ധീകരിച്ചത്. എന്നാൽ, ഉത്തരസൂചിക പ്രകാരം വിജയിക്കാനുള്ള 90 മാർക്കിന് മുകളിലുള്ള സ്കോർ ഉറപ്പിച്ചിരുന്ന നിരവധി ഉദ്യോഗാർഥികൾ ഫലം വന്നപ്പോൾ പരാജയപ്പെട്ടതായി കണ്ടെത്തിയതോടെയാണ് പരാതികൾ ഉയർന്നത്. ഈ വിഷയത്തിൽ കഴിഞ്ഞദിവസം ‘മാധ്യമം’ വാർത്ത നൽകിയിരുന്നു.
ഒ.എം.ആർ മൂല്യനിർണയത്തിലെ സാങ്കേതിക പിശക്, ശരിയുത്തരങ്ങൾക്ക് മാർക്ക് ലഭിക്കാതിരിക്കുക, ഒഴിവാക്കിയ ചോദ്യങ്ങളുടെ മാർക്ക് നൽകാതിരിക്കുക തുടങ്ങിയ ആരോപണങ്ങളാണ് പരീക്ഷാർഥികൾ ഉന്നയിച്ചത്. ഇതുസംബന്ധിച്ച് നിരവധി പേർ പരീക്ഷാഭവനെയും വിദ്യാഭ്യാസ വകുപ്പിനെയും സമീപിച്ചിരുന്നു. പരാതികൾ പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ വ്യക്തമാക്കിയിരുന്നു. പരാതി നൽകിയവരുടേത് മാത്രമല്ല, നൽകാത്തവരുടേയും ഉത്തരക്കടലാസുകൾ പരിശോധിക്കുമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു. മൂല്യനിർണയ നടപടികളിലോ ഉത്തരസൂചികയിലോ സാങ്കേതിക പിശകുണ്ടായിട്ടുണ്ടോയെന്ന് പ്രത്യേക പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മൂല്യനിർണയ ഘട്ടത്തിൽ തെറ്റായതായി കണ്ടെത്തിയ ചോദ്യങ്ങളുടെ മാർക്ക് എല്ലാ ഉദ്യോഗാർഥികൾക്കും നൽകുന്നതാണ് രീതി. എന്നാൽ, ഇത്തവണ പലർക്കും ആ ആനുകൂല്യം ലഭിച്ചിട്ടില്ലെന്നാണ് പരാതി. പാർട്ട് രണ്ട് -ഒന്ന്, അറബിക് -ഒന്ന്, സംസ്കൃതം -നാല്, ഡ്രോയിങ് -രണ്ട്, മ്യൂസിക് -ഒന്ന്, തുന്നൽ -മൂന്ന്, ഫിസിക്കൽ എജുക്കേഷൻ -ഒന്ന് എന്നിങ്ങനെ വിവിധ വിഷയങ്ങളിലെ ചോദ്യങ്ങളാണ് ഒഴിവാക്കിയത്. തുന്നൽ പരീക്ഷ എഴുതിയ ചിലർക്ക് പാർട്ട് മൂന്നിൽ പൂജ്യം മാർക്ക് ലഭിച്ചതായും ശരിയുത്തരം നൽകിയിട്ടും മാർക്ക് ലഭിക്കാത്ത സംഭവങ്ങളുണ്ടായതായും ഉദ്യോഗാർഥികൾ പറയുന്നു. റെക്ടിഫൈഡ്, പ്രൊവിഷണൽ ഉത്തര സൂചികകൾ പരിശോധിച്ചപ്പോൾ വിജയിച്ചെന്ന് ഉറപ്പിച്ചിരുന്ന പലരും അന്തിമ ഫലത്തിൽ പരാജയപ്പെട്ടു. സർവിസിലുള്ള അധ്യാപകർക്ക് കെ.ടെറ്റ് യോഗ്യത നേടാൻ 2028 ആഗസ്റ്റ് 31 വരെയാണ് സമയമുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

