ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയുമടക്കമുള്ളവർ സി.എം.ആർ.എല്ലിൽ നിന്ന് മാസപ്പടി വാങ്ങി -കെ.സുരേന്ദ്രൻ
text_fieldsകോഴിക്കോട്: എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും പ്രധാന നേതാക്കൾ കാലാകാലങ്ങളായി സി.എം.ആർ.എല്ലിൽ നിന്നു കോടിക്കണക്കിന് രൂപ മാസപ്പടി വാങ്ങുന്നുണ്ടെന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ബി.ജെ.പി മാത്രമാണ് ഇത്തരം പ്രകൃതിയെ ചൂഷണം ചെയ്യുന്ന കമ്പനികളിൽ നിന്നു പണം വാങ്ങാത്തതെന്നും കോഴിക്കോട് ബാലുശ്ശേരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും മാത്രമല്ല യു.ഡി.എഫ് വന്നാൽ മുഖ്യമന്ത്രി ആകുമെന്ന് പറയുന്ന ചെന്നിത്തലയും മാസപ്പടി വാങ്ങിയിട്ടുണ്ട്. ഉപമുഖ്യമന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്കും മറ്റു പ്രധാനപ്പെട്ട എല്ലാ നേതാക്കൾക്കും മാസപ്പടി ലഭിച്ചിട്ടുണ്ട്.
പൊലീസ് ഉദ്യോഗസ്ഥർക്കും ഐ.എ.എസ് ഉദ്യോഗസ്ഥർക്കും ചില പ്രമുഖർക്കും ഇങ്ങനെ മാസപ്പടി കൊടുത്തിട്ടുണ്ട്. എന്തിനാണ് സി.എം.ആർ.എൽ ഇത്തരത്തിൽ മാസപ്പടി നൽകുന്നത്. എസ്.എഫ്.ഐ അന്വേഷണത്തിന് ശേഷമാണ് കാര്യങ്ങൾ എല്ലാവർക്കും ബോധ്യമാകുന്നത്. രണ്ട് മുന്നണികളുടെയും മുഖംമൂടി വലിച്ചു കീറുന്ന സംഭവങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ബാങ്ക് വഴി വാങ്ങിച്ച പണത്തെക്കാൾ എത്രയോ ഇരട്ടി അല്ലാതെ കൈപ്പറ്റിയവരാണ് ഇപ്പോഴത്തെ ആരോപണവിധേയരെന്ന് ഉറപ്പാണ്. എൽ.ഡി.എഫും യു.ഡി.എഫും കരിമണൽ കമ്പനിയിൽ നിന്നു എന്തിനാണ് മാസപ്പടി വാങ്ങിയതെന്ന് ജനങ്ങളോട് തുറന്നു പറയണം. എസ്.എഫ്.ഐയുടെ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് ഇതുവരെ രാജ്യത്ത് ആരും പറഞ്ഞിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടി നിരവധി പേരാൽ തുടർച്ചയായി പീഡിപ്പിക്കപ്പെടുന്നു. എന്നിട്ടും സർക്കാരോ ആഭ്യന്തര വകുപ്പോ ഒന്നുമറിയുന്നില്ല. കേരളത്തിന് അപമാനമാകുന്ന കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്.
ഒരു ചർച്ചയിലെ നാക്കു പിഴയുടെ പേരിൽ മാപ്പ് പറഞ്ഞിട്ടും പി.സി. ജോർജിനെ വേട്ടയാടുകയാണ്. മുജാഹിദ് ബാലുശ്ശേരിയെ പോലെയുള്ളവർ എന്തെല്ലാം പറഞ്ഞിട്ടും ഒരു നടപടിയും സർക്കാർ എടുക്കുന്നില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു. മതമൗലികവാദികളെ സന്തോഷിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കോൺഗ്രസിൽ ആറു മുഖ്യമന്ത്രി സ്ഥാനാർഥികളാണുള്ളത്. അവരുടെ മുഖ്യമന്ത്രി തർക്കം യു.ഡി.എഫിന്റെ വിനാശത്തിലേക്ക് കൊണ്ടെത്തിക്കും. കോൺഗ്രസിനോ യു.ഡി.എഫിനോ പിണറായി വിജയന്റെ ദുർഭരണത്തെ തുറന്നു കാണിക്കാൻ ആവില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

