ഉദ്ഘാടന യാത്രയ്ക്കുള്ള പാസുകൾ നൽകിയത് ബി.ജെ.പി ഓഫിസിൽ നിന്ന്, ജ്യോതി മൽഹോത്രക്ക് ആരാണ് പാസ് നൽകിയതെന്ന് സുരേന്ദ്രൻ വെളിപ്പെടുത്തണം -സന്ദീപ് വാര്യർ
text_fieldsപാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ യൂട്യൂബർ ജ്യോതി മൽഹോത്രക്ക് ആരാണ് വന്ദേ ഭാരത് ഉദ്ഘാടന ദിവസം പാസ് നൽകിയത് എന്ന് അന്നത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ വെളിപ്പെടുത്തണമെന്ന് കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ. വന്ദേ ഭാരത് ട്രെയിൻ ഉദ്ഘാടന യാത്രയ്ക്കുള്ള പാസുകൾ ബി.ജെ.പി ഓഫിസിൽ നിന്നാണ് നേരിട്ട് വിതരണം ചെയ്തതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ജ്യോതി മൽഹോത്ര വന്ദേഭാരത് എക്സ്പ്രസിന്‍റെ ഉദ്ഘാടന വേളയിൽ അന്നത്തെ കേന്ദ്ര മന്ത്രി വി. മുരളീധരനും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനുമൊപ്പം യാത്ര ചെയ്ത വിവരം പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം.
'വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന യാത്രയ്ക്കുള്ള പാസുകൾ ബി.ജെ.പി ഓഫിസിൽ നിന്നാണ് നേരിട്ട് വിതരണം ചെയ്തത്. പാകിസ്താൻ ചാരയായ ജ്യോതി മൽഹോത്രക്ക് ബി.ജെ.പി ഓഫിസിൽ നിന്ന് ആരാണ് വന്ദേ ഭാരത് പാസ് നൽകിയത് എന്ന് അന്നത്തെ സംസ്ഥാന പ്രസിഡന്‍റ് വെളിപ്പെടുത്തണം. അദ്ദേഹത്തിന്‍റെയും കേന്ദ്ര മന്ത്രി മുരളീധരന്റെയും "വേണ്ടപ്പെട്ടവർക്കൊക്കെ" വന്ദേ ഭാരത് ഉദ്ഘാടന പാസ് നൽകിയിട്ടുണ്ട്. ജ്യോതി മൽഹോത്രയ്ക്കും അങ്ങനെ കിട്ടിയതാവാനെ തരമുള്ളൂ. നാട്ടിലുള്ള സകലരേയും രാജ്യദ്രോഹികളായി മുദ്രകുത്തുന്ന സംഘികൾക്ക് സ്വന്തം ആരോപണം ഇതുപോലെ ബൂമാറാങ്ങായി തിരിച്ചു കിട്ടുമെന്ന് സ്വപ്നത്തിൽ കരുതിയിട്ടുണ്ടാവില്ല' -സന്ദീപ് വാര്യർ പറഞ്ഞു.
2023 ഏപ്രിലിൽ തിരുവനന്തപുരം - കാസർകോട് വന്ദേഭാരതിന്‍റെ ഉദ്ഘാടന ദിവസമാണ് ജ്യോതി മൽഹോത്ര വി. മുരളീധരനും കെ. സുരേന്ദ്രനുമൊപ്പം യാത്രചെയ്തത്. വി. മുരളീധരനോട് ജ്യോതി മൽഹോത്ര പ്രതികരണം തേടുന്നതും അദ്ദേഹം ട്രെയിൻ യാത്രയെ കുറിച്ച് സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ജ്യോതി മൽഹോത്ര കേരളത്തിൽ വിനോദസഞ്ചാര വകുപ്പിന്‍റെ ക്ഷണപ്രകാരം എത്തിയത് ബി.ജെ.പി രാഷ്ട്രീയ ആയുധമായി ഉയർത്തുന്നതിനിടെയാണ് വി. മുരളീധരനൊപ്പം ഇവർ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

