കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പൊലീസ് സുരക്ഷ നല്‍കണമെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം. എക്‌സ് കാറ്റഗറി സുരക്ഷ നല്‍കണമെന്ന് എസ്.പി സുകേശന്‍ സിറ്റി പൊലീസ് കമീഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിൽ ശിപാർശ ചെയ്യുന്നു.
സെപ്റ്റംബർ 22നാണ് സിറ്റി പൊലീസ് കമീഷണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയത്. നിലവിലെ സാഹചര്യത്തില്‍ സുരക്ഷ അനിവാര്യമാണെന്നും സുരക്ഷ നല്‍കിയ ശേഷം ഇന്‍റലിജന്‍സ് ആസ്ഥാനത്ത് വിവരം അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
കേരള പൊലീസിന്‍റെ സുരക്ഷ തൽകാലം ആവശ്യമില്ലെന്നും ഇതില്‍ കൂടുതല്‍ സുരക്ഷ ജനങ്ങൾക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ തനിക്ക് ലഭിക്കുന്നുണ്ടെന്നും കെ. സുരേന്ദ്രൻ പ്രതികരിച്ചു. തനിക്ക് ഒരു തരത്തിലുമുള്ള ഭീഷണിയുമില്ല. ആകെ മുഖ്യമന്ത്രി മാത്രമാണ് ഭീഷണിപ്പെടുത്തിയതെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.