ബി.ജെ.പിയെ മാറ്റിനിർത്താൻ ശ്രമിച്ചാൽ പല കൊലകൊമ്പൻമാരും നിയമസഭ കാണില്ല -കെ. സുരേന്ദ്രൻ
text_fieldsകോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റവും മികച്ച മുന്നേറ്റമാണ് എൻ.ഡി.എ നടത്തിയതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സീറ്റിലും വോട്ടിലും വർധനവുണ്ടാക്കിയത് ബി.ജെ.പിയാണ്. എട്ടു ലക്ഷത്തിലധികം വോട്ടുകൾ ബി.ജെ.പിക്ക് വർധിച്ചു. ജില്ലാ പഞ്ചായത്തിലും മുൻസിപ്പാലിറ്റികളിലുമായി 35,75000 വോട്ടുകളാണ് എൻ.ഡി.എക്ക് കിട്ടയത്. 300ൽ അധിക പഞ്ചായത്തുകളിൽ സീറ്റും ലഭിച്ചുവെന്ന് സുരേന്ദ്രൻ പറഞ്ഞു.
എൻ.ഡി.എക്ക് ഭരണം കിട്ടാനിടയുള്ള 25 സ്ഥലങ്ങളിൽ എൽ.ഡി.എഫും യു.ഡി.എഫും ചേർന്ന് ധാരണയുണ്ടാക്കിയിരിക്കുന്നു. പ്രതികാര നടപടിയോടു കൂടി ബി.ജെ.പിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താൻ ശ്രമിച്ചാൽ വെറുതെയിരിക്കില്ല. ബി.ജെ.പിക്ക് അധികാരം കിട്ടേണ്ട 25 ഇടങ്ങളിൽ എൽ.ഡി.എഫും യു.ഡി.എഫും നിർലജ്ജം കൂട്ടുകൂടുകയാെണങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ പല കൊലകൊമ്പൻമാരും നിയമസഭ കാണില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ചിലയാളുകൾ പ്രവർത്തിച്ചില്ല എന്നത് സത്യമാണ്. എന്നാൽ അത് ഫലത്തെ സ്വാധീനിച്ചിട്ടില്ല. ബി.ജെ.പി ആശയത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പാർട്ടിയാണ്. ആളുകളെ കണ്ടല്ല വോട്ട് ചെയ്യുന്നത്. തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കാത്തവരെ സംബന്ധിച്ച് പാർട്ടിയിൽ ചർച്ച ചെയ്ത് ആവശ്യമായ നടപടിെയടുക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
എല്ലാ സ്ഥലങ്ങളിലും ക്രോസ് വോട്ടിങ് നടന്നിട്ടുണ്ട്. സി.പി.എമ്മിന്‍റെ ഉരുക്കുകോട്ടയായ തലശ്ശേരിയിൽ സി.പി.എമ്മിന് 70 വോട്ടാണ് കിട്ടിയത് എന്നത് തെളിയിക്കുന്നത് ഇതുതന്നെയാണ്. ബി.ജെ.പിക്ക് കിട്ടേണ്ട 1200ഓളം വാർഡുകളിൽ എൽ.ഡി.എഫും യു.ഡി.എഫും ചേർന്ന് ബി.ജെ.പിയെ പരാജയപ്പെടുത്തുകയായിരുന്നു. ഇത് എൽ.ഡി.എഫിന് ഗുണം ചെയ്തുവെങ്കിലും യു.ഡി.എഫ് തകർന്നിരിക്കുകയാണ്. മുല്ലപ്പള്ളിയും ചെന്നിത്തലയും ചേർന്ന് കോൺഗ്രസിന് ചിതയൊരുക്കുകയാണ്. കേരളത്തിലെ യു.ഡി.എഫിനെ നേതൃത്വം രാഷ്ട്രീയ ആത്മഹത്യയിലേക്ക് നയിക്കുകയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.