കണ്ണുപൂട്ടി എല്ലാം നിഷേധിച്ച് സുരേന്ദ്രൻ
text_fieldsന്യൂഡൽഹി: തനിക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ച് ബി.െജ.പി പ്രസിഡൻറ് കെ. സുരേന്ദ്രൻ. തെരഞ്ഞെടുപ്പുതോൽവിയെക്കുറിച്ചും ഉൾപോരിനെക്കുറിച്ചും സി.വി. ആനന്ദബോസ്, ഇ. ശ്രീധരൻ, ജേക്കബ് തോമസ് എന്നിവരോട് കേന്ദ്രനേതൃത്വം റിപ്പോർട്ട് വാങ്ങിയെന്നത് കെട്ടുകഥയാണെന്ന് സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. അത് പ്രചാരണവും ഭാവനയും മാത്രമാണ്.
അന്വേഷണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അഖിലേന്ത്യ പ്രസിഡൻറ് ജെ.പി. നഡ്ഡയോടും ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിനോടും ചോദിച്ച ശേഷമാണ് പറയുന്നത്. ബി.ജെ.പിക്ക് കേരളത്തിൽ ഉണ്ടായിരുന്ന ഒരു സീറ്റുപോയി. അതിലപ്പുറമൊന്നും സംഭവിച്ചിട്ടില്ല. രാഷ്ട്രീയത്തിൽ പലപ്പോഴും അങ്ങനെയൊക്കെ സംഭവിക്കും. 35 കൊല്ലം ഭരിച്ച പശ്ചിമബംഗാളില്‍ ഒറ്റ സീറ്റും സി.പി.എമ്മിന് കിട്ടിയില്ല. നെഹ്റുവിന് ശേഷം ഇ.എം.എസ് ഇന്ത്യ ഭരിക്കുമെന്ന് സി.പി.എം പറഞ്ഞുനടന്നിട്ടെന്തായി? ജനങ്ങള്‍ക്കറിയാം, വോട്ടുബാങ്ക് എവിടെയാണെന്ന്. ബി.ജെ.പി അടിത്തറയില്‍ ഒരു വിള്ളലും ഉണ്ടായിട്ടില്ല.
ഒരുവിഷയത്തിലും ബി.ജെ.പി പ്രതിരോധത്തിലല്ല. മഞ്ചേശ്വരത്ത് എന്താണ് ആരോപണം? സുന്ദരക്ക് ആര് പണം കൊടുത്തു? കാശു കൊടുത്ത് മൊഴിയുണ്ടാക്കുന്നതിന് താൻ എന്തുചെയ്യാനാണ്? ആരോപണം തെളിയിക്കട്ടെ. ബാലിശ ആരോപണങ്ങള്കൊണ്ടൊന്നും പുകമറ ഉണ്ടാക്കാനാവില്ല. കള്ളപ്പണത്തെക്കുറിച്ച് പറച്ചിൽ നിലച്ചു. എന്തായി അന്വേഷണം?
മരംമുറി ഭീകരകൊള്ളയുടെ രൂപത്തിലാെണന്നാണ് മനസ്സിലാകുന്നത്. വയനാട്ടിൽ മാത്രം നടന്നതല്ല. ഒന്നാം പിണറായി സര്‍ക്കാറിെൻറ അവസാനകാലത്ത് നടന്ന വലിയ കടുംവെട്ടിലൊന്നാണ് മരംമുറി. ഉദ്യോഗസ്ഥർ മാത്രമല്ല ഉത്തരവാദി. രാഷ്ട്രീയതീരുമാനം ഉണ്ട്. മുഖ്യമന്ത്രി അറിഞ്ഞാണ് നടന്നത്.
പഴയ വനംമന്ത്രിയോ വനംമന്ത്രിയുടെ പാര്‍ട്ടിയോ എന്താണ് മിണ്ടാത്തത്? കാനം രാജേന്ദ്രെൻറ മൗനത്തിന് വലിയ അർഥമുണ്ട്. പരിസ്ഥിതിവാദി ബിനോയ് വിശ്വം വായ് തുറക്കണം. വനംവകുപ്പ് ചര്‍ച്ചപോലും കൂടാതെ സി.പി.ഐ എന്‍.സി.പിക്ക് വിട്ടുകൊടുത്തതെന്താണ്? എല്ലാം പ്രതീക്ഷിച്ചിരുന്നു എന്നാണ് ഇത് കാണിക്കുന്നത്. ഇതിനെല്ലാമെതിരെ ബി.ജെ.പി സമരം ശക്തിപ്പെടുത്തും. നാലുദിവസം ഡൽഹിയിൽ തങ്ങിയ സുരേന്ദ്രൻ ഞായറാഴ്ച കേരളത്തിലെത്തും. പാർട്ടി നേതാക്കളായ ജെ.പി. നഡ്ഡ, ബി.എൽ. സന്തോഷ് എന്നിവരൊഴികെ മറ്റ് നേതാക്കളെയോ മന്ത്രിമാരെയോ കാണാൻ കഴിഞ്ഞിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.