‘യാതൊരു ഹോം വർക്കും ചെയ്തില്ല’; ബജറ്റ് അവതരണം മൈതാന പ്രസംഗം പോലെയെന്ന് കെ. സുരേന്ദ്രൻ
text_fieldsകെ. സുരേന്ദ്രൻ
തിരുവനന്തപുരം: പുത്തരിക്കണ്ടത്തെ മൈതാനപ്രസംഗം പോലെയാണ് ധനമന്ത്രി കെ. ബാലഗോപാലിന്റെ ബജറ്റ് അവതരണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ധനപ്രതിസന്ധി ഉൾപ്പെടെയുള്ള അടിസ്ഥാന പ്രശ്നങ്ങൾക്ക് ഒരു പരിഹാരവുമില്ല. കേന്ദ്ര അവഗണനയെന്ന തേഞ്ഞൊട്ടിയ രാഷ്ട്രീയ ആയുധം മാത്രമാണ് ബജറ്റിലുടനീളമെന്നും സുരേന്ദ്രൻ പരിഹസിച്ചു.
“ബജറ്റ് കാണുമ്പോൾ, പുത്തരിക്കണ്ടം മൈതാനത്ത് കെ.എൻ. ബാലഗോപാൽ പ്രസംഗിക്കുന്നതു പോലെയുണ്ട്. മൈതാന പ്രസംഗം പോലെയാണ് ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചത്. യാതൊരു ഹോം വർക്കുമില്ലാതെ അവതരിപ്പിച്ച ബജറ്റ്. കേരളം നേരിടുന്ന ഒരു പ്രശ്നത്തെയും ബജറ്റ് സംബോധന ചെയ്യുന്നില്ല. ഇന്ത്യയില്‍ ഏറ്റവുമധികം തൊഴിലില്ലായ്മ ശരാശരിയുള്ള സംസ്ഥാനമാണ് കേരളം. ഈ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള ഒരു നടപടിയും ബജറ്റില്‍ നിര്‍ദേശിക്കുന്നില്ല.
കേരളത്തിലെ തകര്‍ന്നടിഞ്ഞ വ്യവസായ രംഗത്തെ പുനരുജ്ജീവിപ്പിക്കാന്‍ ഉതകുന്ന യാതൊരു നിര്‍ദേശവും ബജറ്റ് മുന്നോട്ട് വെച്ചിട്ടില്ല. തുടക്കം മുതൽ ഓരോ വിഷയവും സംസാരിക്കുമ്പോൾ കേന്ദ്രത്തിന്റെ അവഗണന എന്ന തേഞ്ഞൊട്ടിയ രാഷ്ട്രീയ ആയുധം പ്രയോഗിക്കാൻ മാത്രമാണ് ധനമന്ത്രി തയാറായത്” -സുരേന്ദ്രൻ പറഞ്ഞു.
നേരത്തെ ബജറ്റ് കേരള ജനതയെ പരിഹസിക്കുന്നതാണെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തുവന്നിരുന്നു. സർക്കാർ ജീവനക്കാർ ഒരു ഗഡു നൽകുമെന്ന് ധനമന്ത്രി പറഞ്ഞു. എന്നാൽ, പി.എഫിൽ ലയിപ്പിക്കും. ഇതോടെ, ജീവനക്കാരുടെ കൈയിൽ പണം ലഭിക്കില്ല. ലീവ് സറണ്ടർ 2027ൽ ലഭിക്കുമെന്നാണ് പറയുന്നത്. ജീവനക്കാർ കൊടുക്കാനുള്ളത് 65,000 കോടിയാണ്.
ഭൂനികുതി ഉയർത്തിയത് ഭീകരകൊള്ളയാണ്. സാധാരണക്കാരായ, പാവപ്പെട്ട ആളുകളെ പിഴിയുന്നതിന് വേണ്ടിയാണിത്. നികുതി പിരിവിൽ സർക്കാർ ദയനീയ പരാജയമാണ്. ജലജീവൻ മിഷന് സംസ്ഥാന വിഹിതമായി കൊടുക്കേണ്ടത് 4500 കോടിയാണ്. സംസ്ഥാന വിഹിതം കൊടുക്കാത്തത് കൊണ്ട് കേന്ദ്ര വിഹിതം കേരളത്തിന് കിട്ടിയില്ല. ജലജീവൻ മിഷൻ വർക്ക് എടുത്തവർ ആത്മഹത്യയുടെ വക്കിലാണ്. 4500 കോടി കൊടുക്കാനുണ്ട്. പൊള്ളയായ വാക്കുകളും ആവർത്തനവുമാണ് ബജറ്റിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ 24 വർഷത്തിനിടെ ഇതുപോലൊരു ബജറ്റ് കണ്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം ക്ഷേമപെൻഷനിൽ ഒരു രൂപയുടെ പോലും വർധന വരുത്താതെയാണ് പിണറായി വിജയൻ സർക്കാറിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരിപ്പിച്ചത്. ക്ഷേമ പെൻഷൻ സമയബന്ധിതമായി കൊടുത്ത് തീർക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ബജറ്റിൽ തലോടൽ ലഭിച്ചത് സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമാണ്. അർഹതപ്പെട്ട ക്ഷാമബത്ത, ശമ്പളപരിഷ്‍കരണ കുടിശ്ശികകൾ നൽകുമെന്ന പ്രഖ്യാപനം ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസകരമാണ്. എന്നാൽ, ശമ്പളപരിഷ്‍കരണത്തെ കുറിച്ച് ധനമന്ത്രി ബജറ്റിൽ മൗനം പാലിച്ചു.
രണ്ട് തെരഞ്ഞെടുപ്പുകൾ മുന്നിൽനിൽക്കെ കേരളത്തിലെ വലിയ വിഭാഗം സംസ്ഥാന ജീവനക്കാരേയും പെൻഷൻകാരേയും ഒപ്പം കൂട്ടാൻ ലക്ഷ്യമിട്ടാണ് സർക്കാർ പ്രഖ്യാപനം.കേന്ദ്രസർക്കാർ പൂർണമായും അവഗണിച്ച വയനാട് പുനരധിവാസത്തിനായി 750 കോടി വകയിരുത്തി. ലൈഫ് മിഷൻ, കാരുണ്യ, റീബിൽഡ് കേരള തുടങ്ങിയ സംസ്ഥാന സർക്കാറിന്റെ പദ്ധതിക്കായി പണംനീക്കിവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

