പിണക്കത്തിന് താൽക്കാലിക വിരാമം; ശോഭക്കായി സുരേന്ദ്രനെത്തി
text_fieldsതിരുവനന്തപുരം: സംസ്ഥാന ബി.ജെ.പിയിലെ പടലപ്പിണക്കങ്ങൾക്കും ശീതയുദ്ധങ്ങൾക്കും താൽക്കാലിക വിരാമമിട്ട് സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ ശോഭ സുരേന്ദ്രനായി കഴക്കൂട്ടത്ത് റോഡ് ഷോ നടത്തി. കെ.സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്‍റായത് മുതൽ നേതൃത്വവുമായി നിരന്തരം കലഹിച്ചിരുന്ന ശോഭയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സുരേന്ദ്രൻ എത്തിയത് ബി.ജെ.പി കേന്ദ്രങ്ങൾക്ക് ആശ്വാസമായിട്ടുണ്ട്.
ബി.ജെ.പി വലിയ പ്രതീക്ഷ വെക്കുന്ന കഴക്കൂട്ടത്ത് ദേശീയനേതൃത്വത്തിെൻറ ഇടപെടലിൽ അവസാന നിമിഷമാണ് ശോഭ സ്ഥാനാർഥിയായത്. ശോഭ സ്ഥാനാർഥിയായപ്പോൾ തന്നെ കഴിഞ്ഞ തവണ മത്സരിച്ച സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ അവർക്കായി മണ്ഡലത്തിൽ എത്തി പ്രചാരണം നടത്തിയിരുന്നു. അപ്പോഴും സംസ്ഥാന അധ്യക്ഷൻ എത്തുമോയെന്നതായിരുന്നു സംശയം. ബുധനാഴ്ചയാണ് സുരേന്ദ്രൻ കഴക്കൂട്ടത്ത് പ്രചാരണത്തിന് എത്തിയത്. ശോഭാ സുരേന്ദ്രനൊപ്പം അദ്ദേഹം റോഡ് ഷോ നടത്തുകയും ചെയ്തു. മണ്ണന്തല നിന്നായിരുന്നു ഇരുവരും തുറന്ന വാഹനത്തിൽ റോഡ് ഷോ നടത്തിയത്.