എ.കെ.എം അഷ്റഫിനെ മന്ത്രിയാക്കാത്തത് വേദനാജനകമെന്ന് കെ. സുരേന്ദ്രൻ: ‘രാഷ്ട്രീയത്തിൽ ശത്രുക്കളില്ല, എതിരാളികൾ മാത്രം’
text_fieldsകോഴിക്കോട്: മഞ്ചേശ്വരത്ത് തന്നെ തോൽപ്പിച്ച മുസ്ലിം ലീഗിലെ എ.കെ.എം അഷറഫിന് മന്ത്രി പദവ ലഭിക്കണമായിരുന്നുവെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. മികച്ച ഭൂരിപക്ഷം നേടി മഞ്ചേശ്വരത്ത് വിജയിച്ച എ.കെ.എം അഷറഫിന് മന്ത്രി പദവി ലഭിക്കാതെ പോയത് അങ്ങേയറ്റം വേദനാജനകമാണെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
‘രാഷ്ട്രീയത്തിൽ എതിരാളികളേയുള്ളൂ ശത്രുക്കളില്ലാ എന്നതാണ് ഞാൻ വിശ്വസിക്കുന്നത്. എന്തിനിതു പറയുന്നു എന്ന് ചോദിച്ചാൽ കാസർകോടിന് ഒരു മന്ത്രി പദവി ലഭിക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു. അതിനുള്ള കാരണം കേരളത്തിലെ ഏറ്റവും അവികസിത ജില്ല കാസർകോടാണ് എന്നുള്ളതാണ്. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും. മികച്ച ഭൂരിപക്ഷം നേടി മഞ്ചേശ്വരത്ത് വിജയിച്ച ശ്രീ. എ. കെ. എം അഷ്റഫിന് മന്ത്രി പദവി ലഭിക്കാതെ പോയത് അങ്ങേയറ്റം വേദനാജനകമാണ്’ -സുരേന്ദ്രൻ കുറിപ്പിൽ പറഞ്ഞു. അഷ്റഫിന്റെ ഫോട്ടോ സഹിതമാണ് ഫേസ്ബുക് പോസ്റ്റ്.
‘കുത്തിത്തിരിപ്പില്ലാതെ മനസ്സറിഞ്ഞു പറഞ്ഞതെന്ന് വിശ്വസിക്കുന്നു..പറഞ്ഞത് നൂറ് ശതമാനം കറക്റ്റ് .. എന്നും കാസറഗോഡിന് അവഗണന തന്നെ..ഇദ്ദേഹത്തെ മന്ത്രിയാക്കണമായിരുന്നു ലീഗ്..’ എന്നാണ് ഒരാൾ ഇതിന് കമൻറ് ചെയ്തത്. ‘മുതലക്കണ്ണീർ’ എന്ന് പരിഹസിക്കുന്നവരും ഉണ്ട്. ‘കുത്തിത്തിരിപ്പ് വേണ്ട. വികസനം കേരളം മൊത്തം ഉണ്ടാവും. വേർതിരിവ് ഉണ്ടാവില്ല. അത് ബിജെപി ജയിച്ച മണ്ഡലമായാലും’ എന്നായിരുന്നു മറ്റൊരു കമന്റ്.
വി.ഡി സതീശൻ സർക്കാറിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് പുറമെയുള്ള നാല് പേരും മന്ത്രിസഭയിൽ പുതുമുഖങ്ങളാണ്. എൻ. ഷംസുദ്ധീൻ, കെ.എം ഷാജി, പി.കെ ബഷീർ, വി.ഇ അബ്ദുൽ ഗഫൂർ എന്നിവരാണ് മറ്റ് മന്ത്രിമാർ. രണ്ടര വർഷം പൂർത്തിയാകുമ്പോൾ ഇതിൽ ഒരാൾ മാറി പകരം പാറക്കൽ അബ്ദുല്ല മന്ത്രിയാകും. വി.ഇ അബ്ദുൽ ഗഫൂറിനെ മാറ്റി പാറക്കൽ അബ്ദുല്ലയെ മന്ത്രിയാക്കാനാണ് പാർട്ടി തലത്തിലെ ധാരണ.
പി.കെ കുഞ്ഞാലിക്കുട്ടി, എൻ. ഷംസുദ്ധീൻ, കെ.എം ഷാജി എന്നിവർ നേരത്തെ തന്നെ മന്ത്രിസ്ഥാനം ഉറപ്പിച്ചപ്പോൾ മറ്റ് രണ്ട് പേരുടെ കാര്യത്തിൽ അനിശ്ചിതത്വം തുടർന്നു. പി.കെ ബഷീർ പുറത്താകുമെന്ന വാർത്ത പരന്നതോടെ പാർട്ടി കേന്ദ്രങ്ങളിൽ പ്രതിഷേധമുയർന്നു. പകരം പാറക്കൽ അബ്ദുല്ലയെ പരിഗണിക്കുന്നുവെന്നായിരുന്നു വാർത്ത. പിന്നാലെ പി.കെ ബഷീറിനെ നിലനിർത്തി വി.ഇ അബ്ദുൽ ഗഫൂറിനെയും പാറക്കൽ അബ്ദുല്ലയെയും ടേം വ്യവസ്ഥയിൽ പരിഗണിക്കാൻ തീരുമാനിച്ചു. ആദ്യമായി സഭയിലെത്തുന്ന വി.ഇ അബ്ദുൽ ഗഫൂറിനെ, സീനിയർ അംഗങ്ങളെ തഴഞ്ഞ് മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിൽ പാർട്ടിക്കകത്ത് പ്രതിഷേധം ഉയർന്നു.
കഴിഞ്ഞ യു.ഡി.എഫ് സർക്കാറിൽ ലീഗ് കൈകാര്യം ചെയ്ത വകുപ്പുകൾ അതേപടി തുടരാനായിരുന്നു ആദ്യധാരണ. എന്നാൽ, പൊതുവിദ്യാഭ്യാസ വകുപ്പ് നിലനിർത്തി ഉന്നത വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസിന് നൽകാൻ ഉഭയകക്ഷി ചർച്ചയിൽ ഏറെക്കുറെ ധാരണയായി. പകരം ഫിഷറീസ് വകുപ്പ് ലീഗിന് നൽകും. പി.കെ കുഞ്ഞാലിക്കുട്ടി വ്യവസായം, ഐ.ടി, ഹജ്ജ്-വഖഫ് വകുപ്പുകളാകും കൈകാര്യം ചെയ്യുക. എൻ. ഷംസുദ്ധീൻ -പൊതുവിദ്യാഭ്യാസം, കെ.എം ഷാജി -തദ്ദേശ സ്വയംഭരണം, പി.കെ ബഷീർ -പൊതുമരാമത്ത്, വി.ഇ അബ്ദുൽ ഗഫൂർ -ഫിഷറീസ് എന്നിങ്ങനെയാണ് ലീഗ് മന്ത്രിമാരുടെ വകുപ്പുകളിലെ ധാരണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

