മുഖ്യമന്ത്രിക്ക് രാജിവെക്കാൻ പറ്റിയ ദിവസം ഇന്ന് -കെ. സുരേന്ദ്രൻ
text_fieldsകോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ രാജി അനിവാര്യമാണ് എന്ന് തെളിയിക്കുന്നതാണ് ഓരോ ദിവസവും പുറത്തുവരുന്ന തെളിവുകളെന്നും മുഖ്യമന്ത്രിക്ക് രാജിവെക്കാൻ പറ്റിയ ദിവസം ഇന്നാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
മയക്കുമരുന്ന് ഇടപാടിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻെറ മകനെക്കുറിച്ച് പാർട്ടി എന്താണ് ഒരക്ഷരം മിണ്ടാത്തത്? സാമ്പത്തിക സഹായം നൽകിയത് ബിനീഷ് കോടിയേരിയാണെന്ന് ബംഗളൂരുവിൽ അറസ്റ്റിലായ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘാംഗം അനൂപ് മുഹമ്മദ് മൊഴി നൽകിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അന്താരാഷ്ട്ര കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് മാത്രമല്ല, എ.കെ.ജി സെൻററും ഭാഗമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക കള്ളൻമാരുടെ താവളമായി മാറി. രാഷ്ട്രീയത്തിൽ അൽപമെങ്കിലും ധാർമ്മികത അവശേഷിക്കുന്നുണ്ടെങ്കിൽ മുഖ്യമന്ത്രിക്ക് രാജിവെക്കാൻ പറ്റിയ ദിവസം ഇന്നാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

