സുധാകരനെ മാറ്റിയതിൽ പ്രതിഷേധം: കോൺഗ്രസ് മണ്ഡലം കമ്മിറ്റി രാജിവെച്ചു
text_fieldsമുഴപ്പിലങ്ങാട്: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ മാറ്റിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജി പ്രഖ്യാപിച്ചു. മണ്ഡലം കമ്മിറ്റി യോഗം നടന്നുകൊണ്ടേയിരിക്കെയാണ് അഖിലേന്ത്യാ കമ്മിറ്റി വാർത്താക്കുറിപ്പ് ഇറക്കിയ വാർത്ത വന്നത്. ഇതിനു പിന്നാലെയാണ് കമ്മിറ്റി ഒന്നടങ്കം രാജി പ്രഖ്യാപിച്ചത്.
യോഗത്തിൽ എൻ.പി. ചന്ദ്രദാസ് അധ്യക്ഷതവഹിച്ചു. ധർമടം ബ്ലോക്ക് പ്രസിഡന്റ് കെ.വി. ജയരാജൻ, ബ്ലോക്ക് ഭാരവാഹികളായ സി. ദാസൻ, കെ. സുരേഷ്, എ. ദിനേശൻ, സി.എം. അജിത്ത് കുമാർ, പി. ഗംഗാധരൻ, പി.കെ. വിജയൻ, ഇ.കെ. രേഖ, മഹിള കോൺഗ്രസ് ധർമടം ബ്ലോക്ക് പ്രസിഡന്റ് ബീന വട്ടക്കണ്ടി, സേവാദൾ ധർമടം നിയോജക മണ്ഡലം പ്രസിഡന്റ് ആർ. മഹാദേവൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കെ. സുധാകരനെ മാറ്റി അഡ്വ. സണ്ണി ജോസഫ് എം.എൽ.എയെയാണ് പുതിയ കെ.പി.സി.സി അധ്യക്ഷനായി നിയമിച്ചത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് പുതിയ പ്രസിഡന്റിനെ പ്രഖ്യാപിച്ചത്. സുധാകരന്റെ വലംകൈയാണ് കണ്ണൂർ പേരാവൂരിൽ നിന്നുള്ള എം.എൽ.എയായ സണ്ണി ജോസഫ്.
എം.എം. ഹസ്സനെ മാറ്റി അടൂർ പ്രകാശ് എം.പിയെ യു.ഡി.എഫ് കൺവീനറായും നിയമിച്ചു. പി.സി. വിഷ്ണുനാഥ് എം.എൽ.എ, ഷാഫി പറമ്പിൽ എം.പി, എ.പി. അനിൽകുമാർ എം.എൽ.എ എന്നിവരെ കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റുമാരായും നിയമിച്ചു. സ്ഥാനമൊഴിഞ്ഞ കെ. സുധാകരനെ കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

