Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എമ്മിന്‍റെ...

സി.പി.എമ്മിന്‍റെ സമരപ്പേക്കൂത്ത് വിദ്യാഭ്യാസ മേഖലയെ 50 വര്‍ഷം പിന്നോട്ടടിച്ചെന്ന് കെ. സുധാകരൻ

text_fields
bookmark_border
K Sudhakaran
cancel

തിരുവനന്തപുരം: സ്വകാര്യ, കല്‍പിത സര്‍വകലാശാലകള്‍ ആരംഭിക്കാൻ തീരുമാനിച്ച മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തെഴുതി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍ എം.പി. കേരളത്തിലെ വിദ്യാഭ്യാസ മേഖല 50 വര്‍ഷം പിന്നോട്ട് പോയതിന് കേരള ജനതയോട് മാപ്പുപറയാൻ സി.പി.എം തയാറാകണമെന്ന് കത്തിൽ സുധാകരൻ ആവശ്യപ്പെട്ടു. കഴിഞ്ഞ 65 വര്‍ഷങ്ങള്‍ക്ക് ഇടയില്‍ നിങ്ങള്‍ തിരുത്തിയ തെറ്റുകളുടെ ശേഖരം പരിശോധിച്ചാല്‍ അത് കൊടുമുടിയെക്കാള്‍ ഉയര്‍ന്ന് നില്‍ക്കുന്നത് കാണാം. അറിഞ്ഞ് കൊണ്ട് തെറ്റ് ചെയ്യുകയും പിന്നീട് അത് തിരുത്തുകയും ചെയ്യുന്ന തെറ്റുതിരുത്തല്‍ പാര്‍ട്ടിയായി നിങ്ങളുടെ പാര്‍ട്ടി അധഃപതിച്ചു. നിങ്ങള്‍ കാട്ടിക്കൂട്ടിയ സമരങ്ങളുടെ പേക്കൂത്ത് കാരണം വിദ്യാഭ്യാസ മേഖല 50 വര്‍ഷം പിന്നോട്ടടിച്ചെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

കെ. സുധാകരന്‍റെ കത്തിന്‍റെ പൂർണരൂപം:

മുഖ്യമന്ത്രിക്ക്,

ഇക്കഴിഞ്ഞ ഇടതു മുന്നണി യോഗത്തില്‍ സ്വകാര്യ, കല്‍പിത സര്‍വകലാശാലകള്‍ ആരംഭിക്കുന്നതിന് സ്വകാര്യ ഏജന്‍സികള്‍ക്ക് അനുമതി നല്‍കാം എന്ന തീരുമാനം എടുത്തിരിക്കുകയാണല്ലോ. ഇത് മുന്‍ കാലങ്ങളിലെ പോലെ സര്‍ക്കാരിന്റെ വെറുമൊരു ചുവട് മാറ്റമായി കാണാനാകില്ല. കമ്യൂണിസ്റ്റ് സഹയാത്രികരും ഇടതു

സാംസ്‌കാരിക നായകരും പിണറായി സര്‍ക്കാരിന്റെ ഈ നയം മാറ്റത്തിലേക്ക് ഒരു എത്തി നോട്ടം നടത്തുന്നത് നന്നായിരിക്കും. രാജ്യത്തിന്റെ സാഹചര്യങ്ങള്‍ക്കും പരിസ്ഥിതിക്കും അനുസൃതമല്ലാത്ത വിദേശ മാതൃകകളെ കൂട്ടുപിടിച്ച് കെട്ടിപ്പടുത്ത ഒരു പ്രസ്ഥാനം തദ്ദേശീയമായ സാഹചര്യങ്ങള്‍ക്കനുസൃതമായ നയം മാറ്റത്തിലേക്കുള്ള ചുവട് വയ്പ്പായി ഇതിനെ കണക്കാക്കാമോ എന്നതാണ് ചോദ്യം.

ഓരോ വര്‍ഷവും ഉന്നതവിദ്യാഭ്യാസത്തിനായി വിദേശ സര്‍വകലാശാലകളെ ആശ്രയിക്കുന്ന നമ്മുടെ വിദ്യാർഥികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. വിദേശമന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം പതിമൂന്ന് ലക്ഷം വിദ്യാർഥികളാണ് ഇന്ത്യയില്‍ നിന്നും പഠനത്തിനായി വിദേശത്തേക്ക് പറക്കുന്നത്. അതില്‍ നല്ലൊരു ശതമാനം കേരളത്തില്‍ നിന്നുള്ള വിദ്യാർഥികളാണ്. വലിയ തുകയാണ് ഇവരുടെ പഠനത്തിനായി ഓരോ രക്ഷകര്‍ത്താവും കണ്ടെത്തേണ്ടിവരിക. ഇത് വലിയ സാമ്പത്തിക ഭാരമാണ് ഇവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. കേരളത്തിലെ ലക്ഷോപലക്ഷം വിദ്യാർഥികളെ വലിയ സാമ്പത്തിക കടക്കാരാക്കി ഇവിടെ നിന്നും പുറംതള്ളിയത് സി.പി.എം കാലാകലങ്ങളായി പിന്തുടര്‍ന്ന് വന്ന പിന്തിരിപ്പന്‍ നയങ്ങളുടെ ഭാഗമാണ്. ഇപ്പോഴെങ്കിലും ആ നയം തിരുത്താന്‍ അവര്‍ക്ക് ഉണ്ടായ വൈകിവന്ന വീണ്ടുവിചാരം സ്വാഗതാര്‍ഹമാണ്.

1985ല്‍ കരുണാകരന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കം ഇട്ടിരുന്നു. ഇതിനായി ആ സര്‍ക്കാര്‍ നിയോഗിച്ച മാല്‍ക്കം എസ്. ആദിശേഷയ്യ കമീഷന്റെ നിഗമനങ്ങളെ പാടെ തള്ളിക്കളയണമെന്നായിരുന്നു അന്നത്തെ സി.പി.എമ്മിന്റേയും ഡി.വൈ.എഫ്‌.ഐയുടേയും എസ്.എഫ്. എയുടേയും പ്രധാന ആവശ്യം. ഈ കമീഷനാണ് തിരഞ്ഞെടുക്കപ്പെട്ട ഏതാനും കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കണമെന്നും മറ്റു സംസ്ഥാനങ്ങള്‍ക്ക് സമാനമായി പ്രീഡിഗ്രി കോളജുകളില്‍ നിന്നും ഡി ലിങ്ക് ചെയ്യണമെന്നും ആദ്യമായി ആവശ്യപ്പെട്ടത്. സ്വയംഭരണ കോളജുകള്‍ എന്നത് പൊതു വിദ്യാഭ്യാസത്തിന്റെ കടക്കല്‍ കത്തിവെക്കുന്നതാണെന്നും നമുക്കത് സങ്കല്‍പ്പിക്കാന്‍ പോലും ആവില്ലെന്നായിരുന്നു അന്നത്തെ കമ്യൂണിസ്റ്റ് ബുദ്ധി ജീവികളുടെ പരിഹാസം.

പ്രീഡിഗ്രി ബോര്‍ഡിനെതിരെ 1986 ലാണ് കേരളം കണ്ട ഏറ്റവും വലിയ വിദ്യാർഥി, അധ്യാപക സമരം നടന്നത്. ആശ്ചര്യമെന്ന് പറയട്ടെ, തുടര്‍ന്ന് അധികാരത്തില്‍ വന്ന നായനാര്‍ സര്‍ക്കാര്‍ കോളജില്‍ പ്രീഡിഗ്രി നിലനിര്‍ത്തിക്കൊണ്ട് പ്ലസ് ടു സ്‌കൂളുകള്‍ ആരംഭിക്കുന്നതിന് 1991ല്‍ തന്നെ തുടക്കം കുറിച്ചു. കൂടാതെ 1996 മുതല്‍ 2001 വരെ അധികാരത്തില്‍ ഇരുന്ന നായനാര്‍ സര്‍ക്കാര്‍ പ്രീഡിഗ്രി പൂര്‍ണ്ണമായും സര്‍വകലാശാലകളില്‍ നിന്നും ഡി ലിങ്ക് ചെയ്യുകയും പ്ലസ് ടു സ്‌കൂളുകള്‍ വ്യാപകമായി ആരംഭിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ ഈ നടപടികള്‍ക്ക് പിന്നില്‍ വന്‍ കോഴയിടപാട് നടന്നതായി പിന്നീട് ആരോപണമായി ഉയര്‍ന്ന് വന്നിട്ടുണ്ടെന്നത് ചരിത്രം.

പ്രഫഷണല്‍ വിദ്യാഭ്യാസത്തിന് കേരളത്തിന് വേണ്ടത്ര സൗകര്യം ഇല്ലെന്ന കാര്യം പരിഗണിച്ച് 94-96 കാലഘട്ടത്തില്‍ എ.കെ ആന്റണി നേതൃത്വം നല്‍കിയ യു.ഡി.എഫ് സര്‍ക്കാര്‍ സ്വാശ്രയ മേഖലയില്‍ എന്‍ഞ്ചിനിയറിങ്-മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. സി.പി.എം ഈ നീക്കത്തിനെതിരെ സൃഷ്ടിച്ച പ്രതിരോധവും തുടര്‍ന്നുണ്ടായ കൂത്തുപറമ്പ് വെടിവെപ്പും സമീപകാല സംഭവങ്ങളായി മലയാളികളുടെ മനസ്സില്‍ പച്ചപിടിച്ച് നില്‍ക്കുന്നു. അഞ്ച് വിലപ്പെട്ട മനുഷ്യ ജീവന്‍ അപഹരിച്ച ഈ സമരത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് പുഷ്പന്‍. 2014ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സ്വയംഭരണ കോളജ് തുടങ്ങാനുള്ള നടപടി ആരംഭിക്കുകയും അതനുസരിച്ച് സര്‍ക്കാര്‍ കോളജായ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ പരിശോധനക്കെത്തിയ യു.ജി.സി സംഘത്തെ എസ്.എഫ്‌.ഐ ക്രിമിനലുകളും കമ്യൂണിസ്റ്റ് അധ്യാപക സംഘടനയിലെ ചട്ടമ്പികളും ചേര്‍ന്ന് വിരട്ടി ഓടിച്ചത് മലയാളികളാരും മറന്നിട്ടില്ല.

അന്ന് താങ്കളും താങ്കളുടെ പാര്‍ട്ടിയിലെ ബുദ്ധി ജീവികളും ഉയര്‍ത്തിയ പ്രധാനവാദം സ്വയംഭരണം നല്‍കിയാല്‍ വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ നഷ്ടപ്പെടുമെന്നും വിദ്യാർഥികളില്‍ നിന്നും അമിതമായ ഫീസ് ഈടാക്കേണ്ടി വരുമെന്നും ആയിരുന്നു. വിദേശ സര്‍വകലാശാലകള്‍ കേരളത്തില്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കോവളത്ത് നടത്തിയ ഗ്ലോബല്‍ മീറ്റിങ്ങില്‍ പങ്കെടുക്കാനെത്തിയ അന്നത്തെ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ വൈസ് ചെയര്‍മാനായിരുന്ന ടി.പി. ശ്രീനിവാസന്റെ കരണത്തടിച്ച് നിലത്തിട്ട എസ്.എഫ്‌.ഐക്കാരുടെ തോന്ന്യാസം മലയാളികള്‍ക്ക് മറക്കാന്‍ ആവുന്നതല്ല.

2016ല്‍ അധികാരത്തില്‍ വന്ന ഒന്നാം പിണറായി സര്‍ക്കാര്‍ മറവിരോഗം ബാധിച്ചത് പോലെ സ്വയംഭരണ കോളേജുകള്‍ ഇന്‍ഞ്ചിയറിങ് മേഖലയില്‍ ഉള്‍പ്പെടെ കൂടുതലായി അനുവദിച്ചതും മലയാളികള്‍ മറന്നിട്ടില്ല. 94 ല്‍ ഇ.ടി മുഹമ്മദ് ബഷീര്‍ വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോള്‍ ഓപ്പണ്‍ സര്‍വകലാശാലകളെ കുറിച്ച് സ്‌പെഷ്യല്‍ ഓഫീസറെ വച്ച് നടത്തിയ പഠനത്തെയും എതിര്‍ത്ത് തോല്‍പ്പിച്ച് അട്ടിമറിച്ചത് ഇതേ ആളുകളായിരുന്നു. സമൂഹത്തില്‍ രണ്ടുതരം ബിരുദം നല്‍കുന്നത് വിദ്യാർഥി സമൂഹത്തിന് ഗുണകരമല്ലെന്നും നിലവിലുള്ള സര്‍വകലാശാലകളെ ഇത് സാമ്പത്തികമായി തകര്‍ത്തുകളയുമെന്നാണ് ഈ എതിര്‍പ്പിന് ഉപോല്‍ബലകമായി ഇടതുപക്ഷം ഉയര്‍ത്തിയ വാദം. അത് അങ്ങ് മറന്ന് കാണാന്‍ ഇടിയില്ലല്ലോ.

വിദ്യാഭ്യാസ മേഖലയെ കുറിച്ച് പറയുമ്പോള്‍ ഡോ. ജെ.വി. വിളനിലത്തെ ഓര്‍ക്കാതിരിക്കുന്നത് ശരിയല്ല. അദ്ദേഹം കേരള വിസി ആയിരിക്കുമ്പോള്‍ 1995ല്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ നടപ്പാക്കിയ കെഡ്രിറ്റ് ആന്റ് സെമസ്റ്റര്‍ സിസ്റ്റത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തതും നിങ്ങളുടെ കുട്ടി സഖാക്കളായിരുന്നു. അന്ന് പൊതു സമൂഹത്തിന് മുമ്പ് നിങ്ങളുയര്‍ത്തിയ വാദം ഇത് അമേരിക്കന്‍ വിദ്യാഭ്യാസ മാതൃകയാണെന്നതാണ്. എന്നാല്‍ അതിന് ശക്തിയുക്തം പ്രതിരോധിച്ച് നിന്ന് അദ്ദേഹം അത് നടപ്പിലാക്കുകയാണ് ചെയ്തത്. ഇതേ സമ്പ്രദായം പില്‍ക്കാലത്ത് കേരളത്തിലെ മഴുവന്‍ കോളജുകളിലും നടപ്പാക്കുന്നതില്‍ താങ്കള്‍ക്കോ താങ്കളുടെ പാര്‍ട്ടിക്കോ,

സാംസ്‌കാരിക നായകര്‍ക്കോ, ബുദ്ധി ജീവികള്‍ക്കോ യാതൊരു സങ്കോചവും ഉള്ളതായി കണ്ടില്ല.

സ്വജനപക്ഷപാതവും പിന്‍വാതില്‍ നിയമനവും നടത്തി സര്‍വകലാശാലകളെ ഈജ്ജിയന്‍ തൊഴുത്താക്കിയ സി.പി.എം ഉന്നത വിദ്യാഭ്യാസ മേഖലയിലെ സകല പ്രശ്‌നങ്ങള്‍ക്കും കാരണം ഗവര്‍ണറാണെന്ന തിരിച്ചറിവില്‍ ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്നും മാറ്റുന്ന നിങ്ങള്‍ ഇനിയൊരിക്കല്‍ നിങ്ങളുടെ മുന്‍കാല ചരിത്രം അറിയാവുന്നവര്‍ ഗവര്‍ണര്‍ തന്നെ ചാന്‍സിലറായി വേണമെന്ന് ആവശ്യപ്പെടുമെന്ന് വിശ്വസിച്ചാല്‍ അവരെ കുറ്റം പറയാന്‍ താങ്കള്‍ക്ക് ആകുമോ.

കഴിഞ്ഞ 65 വര്‍ഷങ്ങള്‍ക്ക് ഇടയില്‍ നിങ്ങള്‍ തിരുത്തിയ തെറ്റുകളുടെ ശേഖരം പരിശോധിച്ചാല്‍ അത് കൊടുമുടിയെക്കാള്‍ ഉയര്‍ന്ന് നില്‍ക്കുന്നത് കാണാം. അറിഞ്ഞ് കൊണ്ട് തെറ്റ് ചെയ്യുകയും പിന്നീട് അത് തിരുത്തുകയും ചെയ്യുന്ന തെറ്റുതിരുത്തല്‍ പാര്‍ട്ടിയായി നിങ്ങളുടെ പാര്‍ട്ടി അധഃപതിച്ചു. നിങ്ങള്‍ കാട്ടിക്കൂട്ടിയ സമരങ്ങളുടെ പേക്കൂത്ത് കാരണം കേരളത്തിലെ വിദ്യാഭ്യാസ മേഖല 50 വര്‍ഷം പിന്നോട്ട് പോയതിന് കേരള ജനതയോട് കുറഞ്ഞ പക്ഷം മാപ്പുപറയാനെങ്കിലും താങ്കള്‍ തയ്യാറാകണം.

എന്ന്,

കെ. സുധാകരന്‍ എം.പി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K Sudhakarandeemed universityPinarayi Vijayanprivate university
News Summary - K Sudhakaran written letter to Pinarayi Vijayan in starting private and fictitious universities
Next Story