പ്രഫഷനൽ കോൺഗ്രസ് കോൺക്ലേവിൽ തരൂരിനൊപ്പം കെ. സുധാകരൻ പങ്കെടുക്കില്ല
text_fieldsകൊച്ചി: ഞായറാഴ്ച കൊച്ചിയിൽ ശശി തരൂർ എം.പി പങ്കെടുക്കുന്ന ചടങ്ങിൽ ഉദ്ഘാടകനായ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എത്തില്ലെന്ന് സൂചന. ഓൾ ഇന്ത്യ പ്രഫഷനൽസ് കോൺഗ്രസ് (എ.ഐ.പി.സി) സംസ്ഥാന സമ്മേളനത്തിൽ ഇരുവരും ഒരുമിച്ച് പങ്കെടുക്കുമെന്നാണ് സംഘാടകർ പറഞ്ഞിരുന്നത്. എന്നാൽ, ശനിയാഴ്ച വൈകീട്ടാണ് സുധാകരൻ പങ്കെടുക്കില്ലെന്ന അറിയിപ്പുണ്ടായത്. എ.ഐ.പി.സി ദേശീയ പ്രസിഡന്റാണ് തരൂർ.
കെ.പി.സി.സി പ്രസിഡന്റ് നിർദേശിച്ചതനുസരിച്ചാണ് സമ്മേളനം തീരുമാനിച്ചതെന്നും അദ്ദേഹത്തിന്റെ സൗകര്യം അനുസരിച്ചാണ് ഞായറാഴ്ച നിശ്ചയിച്ചതെന്നും എ.ഐ.പി.സി സംസ്ഥാന പ്രസിഡന്റ് ഡോ. എസ്.എസ് ലാൽ പറഞ്ഞു. നേരത്തേ മറ്റ് പല തീയതികൾ തീരുമാനിച്ചിരുന്നുവെങ്കിലും അന്നെല്ലാം അദ്ദേഹത്തിന് അസൗകര്യമായിരുന്നു. ഓൺലൈനിലെങ്കിലും അദ്ദേഹം പങ്കെടുക്കുമെന്നും ലാൽ പറഞ്ഞു.
ഞായറാഴ്ച എറണാകുളം പ്രസിഡൻസി ഹോട്ടലിൽ നടക്കുന്ന സമ്മേളനം രാവിലെ 9.30ന് സുധാകരൻ ഉദ്ഘാടനം ചെയ്യുമെന്നാണ് ഡോ. ലാൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നത്. വൈകീട്ട് നടക്കുന്ന ലീഡേഴ്സ് ഫോറത്തിന്റെ ഉദ്ഘാടകൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ്. ഹൈബി ഈഡൻ എം.പിയും മാത്യു കുഴൽനാടൻ എം.എൽ.എയും ഉദ്ഘാടന സെഷനിൽ തരൂരിനൊപ്പം പങ്കെടുക്കും.
ജില്ലകൾതോറും തരൂർ പങ്കെടുക്കുന്ന പരിപാടികളെ ചൊല്ലി കോൺഗ്രസിൽ വിവാദം പുകയുന്നതിനിടെയാണ് അദ്ദേഹവുമായി വേദി പങ്കിടുന്നതിൽനിന്ന് അവസാന നിമിഷം സുധാകരൻ പിന്മാറിയത്.

