Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടുക്കം മാറുന്നില്ല;...

നടുക്കം മാറുന്നില്ല; നിയമലംഘനം തടഞ്ഞേ മതിയാകൂ -കെ. സുധാകരന്‍ എം.പി

text_fields
bookmark_border
നടുക്കം മാറുന്നില്ല; നിയമലംഘനം തടഞ്ഞേ മതിയാകൂ -കെ. സുധാകരന്‍ എം.പി
cancel

പാലക്കാട്: വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ്സും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് ഒമ്പതുപേര്‍ മരിച്ച സംഭവത്തിന്റെ വേദനയും നടുക്കവും വിട്ടുമാറിയിട്ടില്ലെന്നും റോഡിലെ നിയമലംഘനം തടഞ്ഞേ മതിയാകൂ എന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. വാഹനാപകടത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിക്കുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്തു.

ടൂറിസ്റ്റ് ബസ്സിന്റെ അമിതവേഗമാണ് അപകടകാരണമെന്നാണ് മാധ്യമങ്ങളിലൂടെ അറിയാന്‍ സാധിച്ചത്. വാഹനങ്ങളുടെ അമിതവേഗവും മത്സര ഓട്ടവും നിയന്ത്രിക്കാനും തടയാനും നിയമപരമായ സംവിധാനങ്ങള്‍ ഉണ്ടായിട്ടും അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംവിധാനമാണോ നമുക്ക് വേണ്ടതെന്ന് ചിന്തിക്കേണ്ട സമയം കൂടിയാണ്.

സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്ക് നാലുവരി ദേശീയപാതയില്‍പ്പോലും 60 മുതല്‍ 70 കിലോമീറ്റര്‍ വേഗതയാണ് നിയമപരമായി അനുവദനീയം. എന്നാല്‍ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ്സ് 97.7 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചാണ് അപകടത്തില്‍പ്പെട്ടതെന്നാണ് ആർ.ടി.ഒ പരിശോധനയില്‍ വ്യക്തമായത്. അമിതവേഗം നിയന്ത്രിക്കാനുള്ള സ്പീഡ് ഗവര്‍ണര്‍ സംവിധാനം വേര്‍പ്പെടുത്തി പായുന്ന വാഹനങ്ങളെ പിടികൂടുന്ന നിലവിലെ പരിശോധന സംവിധാനത്തിന്റെ ഗുരുതര വീഴ്ചയിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്.

ഹെഡ് ലൈറ്റുകളിലെ തീവ്ര പ്രകാശം, ലേസര്‍ ലൈറ്റുകളുടെ ഉപയോഗം, അലങ്കാര ലൈറ്റുകളുടെ അമിത ഉപയോഗം എന്നിവ കണ്ടെത്താന്‍ എംവിഡിയുടെ നേതൃത്വത്തില്‍ രാത്രികാല സ്‌പെഷ്യല്‍ ഡ്രൈവുകള്‍ നടത്താറുണ്ടെങ്കിലും അതൊന്നും ഫലം കാണുന്നില്ല. മേല്‍പ്പറഞ്ഞ എല്ലാ അലങ്കാരങ്ങളോടും ആലഭാരങ്ങളോടും കൂടിയാണ് ഒന്‍പതുപേരുടെ ജീവനെടുത്ത ടൂറിസ്റ്റ് വാഹനവും അപകടത്തിലേക്ക് ചീറിപ്പാഞ്ഞത്. തുടര്‍ച്ചയായി നിയമലംഘനം നടത്തിയ ഇതുപോലുള്ള ബസ്സുകളെ വീണ്ടും സര്‍വീസ് നടത്താന്‍ അനുവദിച്ച മോട്ടോര്‍ വാഹനവകുപ്പും വകുപ്പിലെ ഇത്തരം നിയമവിരുദ്ധ പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കുന്ന നടപടികളെ തടയുന്നതില്‍ പരാജയപ്പെട്ട മന്ത്രിയും സര്‍ക്കാരും ഒരുപോലെ കുറ്റക്കാരാണ്.

വാഹനങ്ങളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഒരു സര്‍ക്കുലറോ ഉത്തരവോ ഇറക്കിയിട്ട് കാര്യമില്ല. അവ കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്ന പരിശോധനകള്‍ ഉണ്ടാകണം. തുടര്‍ച്ചയായി നിയമലംഘനം നടത്തുന്നവര്‍ക്ക് പിഴ ഒടുക്കി വീണ്ടും അതേ കുറ്റം ആവര്‍ത്തിക്കാനുള്ള അവസരം നല്‍കരുത്. ഒരു നേരത്തെ അശ്രദ്ധ കൊണ്ട് നഷ്ടമായ ജീവനുകള്‍ക്ക് പകരം വയ്ക്കാന്‍ മറ്റൊന്നിനും ആകില്ല. ഗാതഗത നിയമലംഘനങ്ങള്‍ കര്‍ശനമായി നിയന്ത്രിച്ചില്ലെങ്കില്‍ നിരത്തുകളില്‍ ഇനിയുമേറെ ജീവനുകള്‍ പൊലിയുന്ന സാഹചര്യമുണ്ടാകും. അലംഭാവവും നിസ്സംഗതയും കൊണ്ടുണ്ടാകുന്ന മനുഷ്യക്കുരുതികള്‍ക്ക് അറുതിവരുത്തിയേ മതിയാകൂയെന്നും സുധാകരന്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vadakkanchery bus accident
News Summary - k sudhakaran about vadakkanchery bus accident
Next Story