മണ്ണുംചാരി നിന്ന രണ്ടുപേര്‍ വിഴിഞ്ഞത്തിന്‍റെ പിതൃത്വം ഏറ്റെടുക്കാന്‍ മത്സരിക്കുന്നു -കെ. സുധാകരന്‍
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ കടിപിടി കൂട്ടുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. പദ്ധതിയില്‍ ഇരുവര്‍ക്കും ഒരു പങ്കുമില്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
30ന് ഇംഗ്ലീഷ് ദിനപത്രങ്ങളില്‍ പ്രധാനമന്ത്രിയുടെ മാത്രം പടംവച്ച് കേന്ദ്രസര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതിയുടെ പരസ്യം നൽകിയത് അൽപത്തമാണ്. കേരള മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനെയും ഒഴിവാക്കി. മണ്ണും ചാരിനിന്ന രണ്ടു പേര്‍ വിഴിഞ്ഞം പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാന്‍ തമ്മില്‍ മത്സരിക്കുമ്പോള്‍ യഥാർഥത്തില്‍ ക്രെഡിറ്റ് കിട്ടേണ്ട മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഇരുവരും ചേര്‍ന്നു തമസ്‌കരിക്കുന്നു.
അദാനി പോര്‍ട്ടും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് ഇതുവരെ ചെലവാക്കിയ 8,867 കോടി രൂപയില്‍ കേന്ദ്രം വയബിലിറ്റി ഗ്യാപ് ഫണ്ടായി (വിജിഎഫ്) 818 കോടി രൂപയാണ് മുടക്കുന്നത്. സാധാരണഗതിയില്‍ ഇതു ഗ്രാന്റാണെങ്കിലും മോദി സര്‍ക്കാര്‍ വായ്പയായാണ് കേരളത്തിന് നൽകുന്നത്. പത്തു ശതമാനത്തില്‍ താഴെ മുതല്‍ മുടക്കിയിട്ടാണ് കേന്ദ്രം ഇതു വികസിത ഭാരത് പദ്ധതിയുടെ ഭാഗമാക്കി അവതരിപ്പിക്കുന്നത്. കേരളത്തെപ്പറ്റി പരസ്യത്തില്‍ പരാമര്‍ശം പോലുമില്ല.
വിഴിഞ്ഞം പദ്ധതിയെപ്പറ്റി മുഖ്യമന്ത്രി പത്രങ്ങള്‍ക്കു നൽകിയ ലേഖനം യു.ഡി.എഫ് സര്‍ക്കാരുകളുടെ സംഭാവനകളെ പൂര്‍ണമായി തമസ്‌കരിച്ചു. വിഴിഞ്ഞം പദ്ധതിയെന്ന സങ്കൽപം രൂപപ്പെടുന്നത് 1996ല്‍ ഇടതു സര്‍ക്കാരിന്റെ കാലത്താണ് എന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പൂര്‍ണമായും തെറ്റാണ്. 1991-95ല്‍ കെ. കരുണാകരന്‍ - എ.കെ. ആന്റണി സര്‍ക്കാരുകളുടെ കാലത്ത് തുറമുഖ മന്ത്രി എം.വി. രാഘവന്റെ ശ്രമഫലമായാണ് തുടക്കം. 1995ല്‍ മലേഷ്യന്‍ കണ്‍സോര്‍ഷ്യവുമായി ധാരണാപത്രം ഒപ്പുവക്കുകവരെ ചെയ്തു.
2006ല്‍ വി.എസ്. അച്യുതാന്ദന്‍ സര്‍ക്കാറിന്റെ കാലത്താണ് പദ്ധതിക്ക് പുനര്‍ജീവനുണ്ടായത് എന്ന അവകാശവാദവും തെറ്റ്. 2004ല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായതോടെ സ്വകാര്യപങ്കാളിത്വത്തില്‍ പദ്ധതി നടപ്പാക്കാനുള്ള രൂപരേഖ തയാറാക്കുകയും 2004 ഡിസംബര്‍ 15ന് വിസില്‍ (വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ്) രൂപീകരിക്കുകയും ചെയ്തു. 2005ല്‍ പി.പി.പി മാതൃകയില്‍ ടെണ്ടര്‍ വിളിച്ചെങ്കിലും സൂം ഡെവലപേഴ്‌സ് കമ്പനിയുടെ ചൈനാബന്ധം കാരണം സുരക്ഷാ അനുമതി നിഷേധിച്ചു. 2006-11ല്‍ രണ്ടു ടെണ്ടറുകള്‍ കൂടി വിളിച്ചെങ്കിലും ഫലമുണ്ടായില്ല.
2011ല്‍ അധികാരമേറ്റ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കിയ കാര്യങ്ങളും മുഖ്യമന്ത്രി ലേഖനത്തില്‍ പൂര്‍ണമായി തമസ്‌കരിച്ചു. രണ്ടു വര്‍ഷത്തെ പരിസ്ഥിതിക പഠനം പൂര്‍ത്തീകരിച്ചു 2014യില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പാരിസ്ഥിതിക അനുമതിയും പദ്ധതിക്കുള്ള സെക്യൂരിറ്റി ക്ലിയറന്‍സും നേടി. തുടര്‍ന്ന് പദ്ധതിക്ക് ആവശ്യമായ 90% ഭൂമി ഏറ്റെടുത്തു. കേന്ദ്രസര്‍ക്കാറിന്റെ വി.ജി.എഫ് ഉറപ്പാക്കിയ ശേഷം അന്താരാഷ്ട്ര ടെന്‍ഡറിലൂടെ പങ്കാളിയെ കണ്ടെത്തി കരാര്‍ ഒപ്പുവെച്ചു. കൂടാതെ മികച്ച പുനരധിവാസ പാക്കേജും നടപ്പാക്കി 2015 ഡിസംബറില്‍ തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചു.
ഈ സമയത്ത് പിണറായി വിജയനും കൂട്ടരും പദ്ധതിക്കെതിരേ മനുഷ്യച്ചങ്ങല ഉള്‍പ്പെടെയുള്ള സമര പരിപാടികളിലായിരുന്നു. കരാര്‍ പ്രകാരമുള്ള റോഡ്, റെയില്‍ കണക്ടിവിറ്റി പോലും പിണറായി സര്‍ക്കാറിന് പൂര്‍ത്തികരിക്കാനായില്ല. മോദിക്കോ, പിണറായിക്കോ നാണമോ ഉളുപ്പോ ഉണ്ടെങ്കില്‍ പദ്ധതിക്ക് ഉമ്മന്‍ ചാണ്ടിയുടെ പേരുനൽകി മാപ്പ് പറയുകയാണു ചെയ്യേണ്ടതെന്ന് കെ. സുധാകരന്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

