തരൂരിനെതിരെയുള്ള സ്വകാര്യ സംഭാഷണത്തിലെ വിമർശനം വാർത്തയാക്കിയത് മാധ്യമങ്ങളുടെ മര്യാദകേട് -സുധാകരൻ
text_fieldsതിരുവനന്തപുരം: ശശി തരൂരുമായി എല്ലാ കാര്യങ്ങളും സംസാരിച്ചെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പി. തരൂരിനോട് നേരിട്ടു തന്നെ കാര്യങ്ങൾ വിശദീകരിച്ചു. തന്‍റെ അഭിപ്രായം എന്താണ് അദ്ദേഹത്തിന് അറിയാമെന്നും സുധാകരൻ പറഞ്ഞു.
മാധ്യമപ്രവർത്തകയുമായുള്ള സ്വകാര്യ സംഭാഷണത്തിനിടെയാണ് തരൂരിനെ വിമർശിച്ചത്. മര്യാദയില്ലാതെ ഇത് വാർത്തയാക്കുകയായിരുന്നുവെന്നും കെ. സുധാകരൻ കുറ്റപ്പെടുത്തി.
ഡൽഹിയിൽ ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കെ. സുധാകരൻ തരൂരിനെ വിമർശിച്ചത്. കോൺഗ്രസ് പാർട്ടിയെ തരൂർ പൂർണമായി അവഗണിക്കുകയാണെന്നും പാർട്ടിയുമായി ആലോചിച്ച് കാര്യങ്ങൾ ചെയ്യണമെന്ന നിർദേശം പാലിക്കുന്നില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.
മര്യാദയില്ലാത്ത പ്രവർത്തനങ്ങളാണ് അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. സ്വന്തമായി തീരുമാനങ്ങളെടുക്കുകയും നടപ്പാക്കുകയും ചെയ്യുന്നു. കെ.പി.സി.സി അധ്യക്ഷനായ തന്നെ ഫോണിൽ പോലും തരൂർ വിളിക്കുന്നില്ലെന്നും സുധാകരൻ അഭിമുഖത്തിൽ ആരോപിച്ചിരുന്നു.

