ഞാൻ മൂലക്കിരിക്കുന്നവനല്ല, ഞാനൊന്ന് ഞൊടിച്ചാൽ പത്തിരട്ടി ഞൊടിക്കുന്ന അണികള്‍ കൂടെയുണ്ട് -കെ. സുധാകരൻ
text_fieldsകണ്ണൂർ: കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ രൂക്ഷ പ്രതികരണവുമായി കെ. സുധാകരൻ എം.പി. ഞാനൊന്ന് ഞൊടിച്ചാൽ പത്തിരട്ടി ഞൊടിക്കുന്ന അണികള്‍ കൂടെയുണ്ടെന്ന് സുധാകരൻ പറഞ്ഞു.
അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന ഒരു സൂചന പോലും കോൺഗ്രസ് ഹൈക്കമാൻഡ് തന്നിട്ടില്ല. സ്ഥാനത്ത് നിന്ന് മാറ്റിയതിൽ പരാതിയില്ല. പദവിയിൽ നിന്ന് മാറ്റുന്നതിന് പറഞ്ഞ കാരണത്തോടാണ് തനിക്ക് വിയോജിപ്പ്. കിട്ടേണ്ട സ്ഥലത്ത് നിന്ന് സംരക്ഷണം കിട്ടിയില്ല.
പാർട്ടിക്കുള്ളിൽ സ്ഥാനങ്ങൾ വരും പോകും. അതിൽ നിരാശയുടെ കാര്യമില്ല. ഒന്നുമില്ലാത്തതിൽ നിന്ന് വളർന്നുവന്ന ആളാണ് താൻ. ഇത്രയും സ്ഥാനങ്ങൾ തന്ന പാർട്ടിയെ വെറുക്കാൻ സാധിക്കില്ല. അധ്യക്ഷ പദവിയിൽ നിന്ന് മാറ്റേണ്ട സാഹചര്യമില്ലെന്നാണ് തന്‍റെ കാഴ്ചപ്പാട്. മാറ്റിയതിന്‍റെ കാരണം മാറ്റിയവരോട് ചോദിക്കണം.
നേതൃമാറ്റം ആവശ്യമില്ലായിരുന്നുവെന്ന് കോൺഗ്രസിനുള്ളിൽ അഭിപ്രായമുണ്ട്. ഷാഫി പറമ്പിൽ അടക്കമുള്ളവർ മുന്നോട്ടു പോകേണ്ടവരാണ്. മലപ്പട്ടത്തെ പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ മുമ്പിൽ നിന്നാണ് നയിച്ചത്. രാഹുൽ പോലുള്ളവരുടെ പിന്നിൽ യാന്ത്രികമായി അണികൾ ഉണ്ടാകും. ചെറുപ്പക്കാർക്ക് തന്‍റെ പിന്തുണയുണ്ടാകുമെന്നും സുധാകരൻ പറഞ്ഞു.
'എന്‍റെ വികാരം അണികളാണ്, ഞാൻ മൂലക്കിരിക്കുന്നവനല്ല. എന്‍റെ അണികൾ എന്‍റെ അണികൾ തന്നെയാണ്. പാർട്ടി നേതൃത്വം പറഞ്ഞാൽ പോലും ഞാൻ പറഞ്ഞതിന് അപ്പുറം അവർ പോകില്ല. അണികളുടെ പിന്തുണയും പിൻബലവും ഉള്ളടത്തോളം കാലം ഇതൊന്നും എന്നെ ബാധിക്കില്ല. പാർട്ടിയാകുമ്പോൾ ലോബികളുണ്ടാകും. ഉയരുന്നവനെ പിടിച്ചു കെട്ടാനും നിലക്ക് നിർത്താനും ലോബികളുണ്ടാകും.
സണ്ണി ജോസഫ് എന്‍റെ സെലക്ഷൻ അല്ലെങ്കിലും കോൺഗ്രസ് കേന്ദ്രനേതൃത്വത്തിന്‍റെ തീരുമാനത്തിൽ 100 ശതമാനം സമ്മതമാണ്. എന്‍റെ കൂടെ നിന്ന് വളർന്നു വന്ന ആളാണ് സണ്ണി. ആന്‍റോ ആന്‍റണിയെക്കാൾ കഴിവും പ്രാപ്തിയും ജനസമ്പർക്കവും സണ്ണിക്കാണ്. സമുദായ പ്രാതിനിധ്യം അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഇല്ല. എന്നാൽ, പ്രാതിനിധ്യം നൽകിയത് കൊണ്ട് കുഴപ്പമില്ല. ഈ വിഷയത്തിൽ കേന്ദ്രനേതൃത്വം എന്നോട് ചർച്ച നടത്തിയിട്ടില്ല.
പാർട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ എനിക്ക് ആരുടെയും ചീട്ട് വേണ്ട. എനിക്ക് സ്നേഹം തരുന്ന അണികൾ എല്ലാ ജില്ലയിലും ഒരുപാടുണ്ട്. എനിക്ക് വേണ്ടി ജീവൻ തരുന്ന പ്രവർത്തകർ ആയിരങ്ങളുണ്ട്. അവരെ കൊണ്ടു നടക്കാൻ ഒരു പ്രയാസവുമില്ല. ഏത് നേതാക്കൾ പറഞ്ഞാലും ഞാൻ പറഞ്ഞതിന് അപ്പുറത്തേക്ക് നടക്കാത്തവരുണ്ട്. അവർ ഇന്നുമുണ്ട്, നാളെയുമുണ്ടാകും.
എന്നെ മാറ്റുമെന്ന തരത്തിലുള്ള ചർച്ച വേണ്ടിയിരുന്നില്ല. നേതാക്കളെ ഒരുമിച്ചിരുത്തി തീരുമാനം എടുത്തിരുന്നെങ്കിൽ പ്രശ്നമില്ലായിരുന്നു. നേതൃസമിതി ചർച്ച ചെയ്ത് തീരുമാനമെടുത്തിരുന്നെങ്കിൽ പ്രശ്നമില്ലായിരുന്നു. അതായിരുന്നു ഉചിതം. കേരളത്തിലുള്ള ഹൈക്കമാൻഡ് പ്രതിനിധി എതിരായ റിപ്പോർട്ട് ആണ് നൽകിയത്. ഹൈക്കമാൻഡ് പ്രതിനിധിയിൽ നിന്ന് ന്യായമായ പ്രവർത്തനമല്ല ഉണ്ടായത്' -കെ. സുധാകരൻ ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.