‘തമ്പ്രാനല്‍പ്പം കട്ടുഭുജിച്ചാല്‍ അമ്പലവാസികളൊക്കെ കക്കും’; മുഖ്യമന്ത്രിയെ പരിഹസിച്ച് കെ. സുധാകരൻ
text_fieldsതിരുവനന്തപുരം: അഴിമതിയില്‍ ഡോക്ടറേറ്റ് എടുത്ത മുഖ്യമന്ത്രി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഗുണദോഷിക്കുന്നത് ഏറ്റവും വലിയ തമാശയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. സര്‍ക്കാര്‍ നടപ്പാക്കിയ ഓരോ പദ്ധതിയിലും തട്ടിപ്പ് അരങ്ങേറുന്ന വിചിത്രമായ കാഴ്ചയാണ് കേരളത്തിലുള്ളതെന്നും സുധാകരൻ പറഞ്ഞു.
തമ്പ്രാനല്‍പ്പം കട്ടുഭുജിച്ചാല്‍ അമ്പലവാസികളൊക്കെ കക്കും എന്നു പറഞ്ഞതു പോലെ സര്‍ക്കാര്‍ ജീവനക്കാര്‍ വെട്ടിപ്പു നടത്താന്‍ മുഖ്യമന്ത്രിയുമായി മത്സരിക്കുകയാണ്. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുടെ റോള്‍മോഡല്‍ മുഖ്യമന്ത്രിയാണെന്നും സുധാകരൻ പരിഹസിച്ചു.
മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും അഴിമതിയിലേക്കു കൂപ്പുകുത്തിയപ്പോള്‍ സി.പി.എം അതുക്കുംമേലെ അഴിമതിയുടെ കൊടിക്കൂറ പാറിച്ചു. തൊട്ടതിനും പിടിച്ചതിനുമെല്ലാം സഖാക്കള്‍ കൈമടക്കിന് പറന്നിറങ്ങി. പാര്‍ട്ടി ഓഫീസുകള്‍ ഡീലുകള്‍ നടത്തുന്ന ഇടമായി മാറി.
പാര്‍ട്ടിയുടെയും യൂണിയനുകളുടെയും പിന്‍ബലവും ഒത്താശയും ഉള്ളതുകൊണ്ടാണ് ഒരു മറയുമില്ലാതെ സര്‍ക്കാര്‍ ഓഫീസുകള്‍ ഇടപാടുകേന്ദ്രങ്ങളായി മാറിയത്. ഇത്തരമൊരു സാഹചര്യത്തിലാണ് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പോലും ഒരു കോടി രൂപയോളം അഴിമതി നടത്താന്‍ ധൈര്യപ്പെട്ടതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.