കണ്ണൂർ: വിമാനയാത്രക്കിടെ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയെന്ന വാർത്ത നിഷേധിച്ച് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പി. ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യവേ ഒഴിഞ്ഞ സീറ്റിൽ ഇരിക്കാൻ ശ്രമിച്ച തന്നെ വിമാന ജീവനക്കാർ തടഞ്ഞുവെന്നും ഒപ്പമുള്ളവർ ബഹളംവെച്ചുവെന്നും ജീവനക്കാർക്കെതിരെ കെ. സുധാകരൻ നൽകിയ പരാതിയിൽ നടപടിയെടുത്തുവെന്നുമുള്ള വാർത്തകളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു സുധാകരൻ.
വിമാനത്തിനകത്ത് ഒരു ബഹളവും ഉണ്ടായിട്ടില്ല. ഒഴിവുള്ള സീറ്റിൽ ഇരിക്കാൻ ശ്രമിച്ചപ്പോൾ ജീവനക്കാർ തടഞ്ഞു. ഞാനായി ഒരു പരാതിയും കൊടുത്തിട്ടില്ല. എന്നാൽ, ആരോ കൊടുത്ത പരാതിയിൽ ജീവനക്കാർക്കെതിരെ നടപടിയെടുത്തതായി വിമാന അധികൃതർ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
മോൻസൻ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് പെൺകുട്ടി തനിക്കെതിരെ നൽകിയ മൊഴിയെന്ന പേരിൽ ചില ചാനലുകൾ നൽകിയ വ്യാജ വാർത്തക്കെതിരെ നിയമ നടപടി സ്വീകരിക്കും. പെൺകുട്ടി നൽകിയ മൊഴിയുടെ വിവരങ്ങൾ മുഴുവൻ തെൻറ കൈയിലുണ്ട്. ഇതിനേക്കാൾ വലിയ പാമ്പ് കൊത്താൻ വന്നിട്ടുണ്ട്. അതിനെയൊന്നും പേടിച്ചിട്ടില്ലെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.