‘പിണറായി നിങ്ങൾ വിചാരിക്കും പോലെ വലിയ ഒലക്കയും കുന്തവും ഒന്നുമല്ല; പദവിയില്ലെങ്കിലും പിണറായിയെ എതിർക്കും’
text_fieldsകണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ. സുധാകരൻ എം.പി. പിണറായി വിജയൻ നിങ്ങൾ വിചാരിക്കും പോലെ വലിയ ഒലക്കയും കുന്തവും ഒന്നുമല്ലെന്ന് സുധാകരൻ പറഞ്ഞു. കെ.പി.സി.സി അധ്യക്ഷ പദവിയിൽ നിന്ന് മാറ്റിയതിന് പിന്നാലെ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പിണറായിക്കെതിരെ സുധാകരൻ ആഞ്ഞടിച്ചത്.
ഔദ്യോഗിക സ്ഥാനമില്ലെങ്കിലും കോൺഗ്രസ് നേതാവ് എന്ന നിലയിൽ പിണറായിയെ എതിർക്കാൻ താനുണ്ടാകുമെന്നും അതിന് തനിക്ക് സാധിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.
പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ പിണറായി വിജയന്‍റെ ധർമ്മടം നിയോജക മണ്ഡലത്തിലെ പിണറായിയിലും തനിക്കാണ് ഭൂരിപക്ഷം ലഭിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ തളിപ്പറമ്പ് മണ്ഡലത്തിൽ 8000 വോട്ടിന്‍റെ ഭൂരിപക്ഷമുണ്ട്. സി.പി.എം അണികൾ തന്നെ പിണറായിക്ക് എതിരായി തിരിയുന്ന കാലമാണ്.
ഔദ്യോഗിക പദവികൾ ഇല്ലെങ്കിൽ ഉത്തരവാദിത്തം നിറവേറ്റാൻ തനിക്കറിയാം. പറയുന്ന ഇടത്ത് നിൽക്കുന്ന പ്രവർത്തകർ കണ്ണൂരിലും കേരളത്തിലും തനിക്കുണ്ട്. അതിന് പാർട്ടിയുടെ അംഗീകാരവും അഭിനന്ദനവും വേണ്ടെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
'എന്‍റെ വികാരം അണികളാണ്, ഞാൻ മൂലക്കിരിക്കുന്നവനല്ല. എന്‍റെ അണികൾ എന്‍റെ അണികൾ തന്നെയാണ്. പാർട്ടി നേതൃത്വം പറഞ്ഞാൽ പോലും ഞാൻ പറഞ്ഞതിന് അപ്പുറം അവർ പോകില്ല. അണികളുടെ പിന്തുണയും പിൻബലവും ഉള്ളടത്തോളം കാലം ഇതൊന്നും എന്നെ ബാധിക്കില്ല. ഞാനൊന്ന് ഞൊടിച്ചാൽ പത്തിരട്ടി ഞൊടിക്കുന്ന അണികള്‍ കൂടെയുണ്ട്.
പാർട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ എനിക്ക് ആരുടെയും ചീട്ട് വേണ്ട. എനിക്ക് സ്നേഹം തരുന്ന അണികൾ എല്ലാ ജില്ലയിലും ഒരുപാടുണ്ട്. എനിക്ക് വേണ്ടി ജീവൻ തരുന്ന പ്രവർത്തകർ ആയിരങ്ങളുണ്ട്. അവരെ കൊണ്ടു നടക്കാൻ ഒരു പ്രയാസവുമില്ല. ഏത് നേതാക്കൾ പറഞ്ഞാലും ഞാൻ പറഞ്ഞതിന് അപ്പുറത്തേക്ക് നടക്കാത്തവരുണ്ട്. അവർ ഇന്നുമുണ്ട്, നാളെയുമുണ്ടാകും'.-സുധാകരൻ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.