Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസിനെ മുഖ്യമന്ത്രി...

പൊലീസിനെ മുഖ്യമന്ത്രി വന്ധ്യംകരിച്ച് റെഡ് വളന്റിയര്‍മാരാക്കി -കെ. സുധാകരന്‍

text_fields
bookmark_border
k sudhakaran 9876856
cancel

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള പൊലീസിനെ വന്ധ്യംകരിച്ച് റെഡ് വളന്റിയര്‍ സേനയാക്കി തരംതാഴ്ത്തിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തി ആഭ്യന്തരം ഭരിക്കുമ്പോള്‍ കണ്‍മുന്നില്‍ തെളിവുകളുണ്ടായാലും പ്രതിയെ പിടിക്കാന്‍ കേരള പൊലീസിനാവില്ല. അതിന് ഉദാഹരണമാണ് ഭരണഘടനയിലെ മതേതരത്വം, ജനാധിപത്യം എന്നീ മൂല്യങ്ങളെ കുന്തം, കുടചക്രം എന്ന് വിളിച്ച് അധിക്ഷേപിച്ച മുന്‍മന്ത്രിയും എം.എല്‍.എയുമായ സജി ചെറിയാനെതിരായ കേസില്‍ തെളിവില്ലെന്ന് കണ്ട് തീര്‍പ്പാക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ ശ്രമം.

അഞ്ചുമാസം മുമ്പ് അദ്ദേഹം നടത്തിയ ഭരണഘടന വിരുദ്ധ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും ലഭ്യമാണെങ്കിലും പൊലീസ് ഭാഷ്യം തെളിവില്ലെന്നാണ്. പൊലീസിന്റെ ചരിത്രത്തില്‍ ഇത്രയും വിരോധാഭാസ നിലപാട് സ്വീകരിച്ച കാലഘട്ടം ഉണ്ടാവില്ല.

ഭരണഘടനയോട് തെല്ലും ആദരവില്ലാത്ത സി.പി.എം അന്നു മുതല്‍ സജി ചെറിയാനെ കുറ്റവിമുക്തനാക്കാനുള്ള തത്രപ്പാടിലായിരുന്നു. പേരിനൊരു കേസെടുത്തതല്ലാതെ മറ്റുനടപടികളിലേക്ക് കടക്കാത്തതും അതിനാലാണ്. ധാര്‍മികമൂല്യങ്ങള്‍ക്ക് നേരെ സി.പി.എമ്മും സര്‍ക്കാരും കൊഞ്ഞനം കാട്ടുകയാണെന്നും സുധാകരന്‍ പറഞ്ഞു.

എല്ലാ വിധ്വംസക ശക്തികള്‍ക്കും സംരക്ഷണം ഒരുക്കുക എന്നത് സി.പി.എമ്മിന്റെ പ്രഖ്യാപിത നയമാണ്. അതിനാലാണ് സി.പി.എമ്മുകാര്‍ പ്രതികളാകുന്ന എല്ലാ കേസുകളിലും തുടര്‍ച്ചയായി തെളിവുകളുടെ അഭാവം എന്ന വിചിത്ര കണ്ടെത്തല്‍ കേരള പൊലീസ് നടത്തുന്നത്. എന്നാല്‍, നിരപരാധികളായ സാധാരണക്കാരെ മര്‍ദ്ദിച്ച് ജീവച്ഛവമാക്കി കേസില്‍കുടുക്കുന്ന ക്രൂരവിനോദം പൊലീസ് യഥേഷ്ടം തുടരുകയും ചെയ്യുന്നു.

കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളികളെ തല്ലിയൊതുക്കാന്‍ കേന്ദ്രസേനയെ വിളിക്കാന്‍ എതിര്‍പ്പില്ലെന്ന് അറിയിച്ച ആഭ്യന്തരമന്ത്രി രാഷ്ട്രീയ കൊലയാളികള്‍ക്ക് ശിക്ഷായിളവ് പ്രഖ്യാപിച്ചതില്‍ അത്ഭുതപ്പെടാനില്ല. സി.പി.എമ്മിന്റെ സെല്‍ഭരണം ക്രിമിനലുകള്‍ക്ക് വേണ്ടിയാണെന്ന് അടിവരയിടുന്ന തീരുമാനം കൂടിയാണിത്. ടി.പി. ചന്ദ്രശേഖരന്റെയും ഷുഹൈബിന്റെയും ശരത്‍ലാലിന്റെയും കൃപേഷിന്റെയും ഘാതകരെ മോചിപ്പിക്കാനുള്ള ഗൂഢനീക്കമാണിത്. നാളിതുവരെ സി.പി.എം സംരക്ഷണയിലാണ് ഈ കൊലയാളികള്‍ കഴിഞ്ഞത്. ജയിലില്‍ കഴിയുന്ന കൊടിസുനിക്ക് ലക്ഷങ്ങള്‍ വിലയുള്ള ആഡംബര സൗധം പണിയാന്‍ സാധിക്കുന്നതും പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളുടെ ബന്ധുക്കള്‍ക്ക് പിന്‍വാതില്‍ നിയമനം ഉറപ്പാക്കിയതും അതിന് തെളിവാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

എ.കെ.ജി സെന്ററിലെയും സി.പി.എം നേതാക്കളുടെയും തിട്ടൂരം അനുസരിച്ചാണ് കേരള പൊലീസ് പ്രവര്‍ത്തിക്കുന്നത്. എ.കെ.ജി സെന്ററിലെ പടക്കം ഏറിലും തിരുവനന്തപുരം കോര്‍പറേഷനിലെ മേയറുടെ സ്വജനപക്ഷപാത ഇടപാടിലും പൊലീസിന്റെ നിലപാട് പരിശോധിച്ചാല്‍ അത് വ്യക്തമാകും. പടക്കം ഏറില്‍ തെളിവുകളില്ലാഞ്ഞിട്ടും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കള്ളക്കേസില്‍ ജയിലിലടച്ചു. തുടര്‍ന്ന് തെളിവുകളുടെ അഭാവത്തില്‍ കോടതി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് ജാമ്യം നല്‍കി.

എന്നാല്‍, പിന്‍വാതില്‍ നിയമനത്തില്‍ മുന്‍ഗണനാപട്ടിക ആവശ്യപ്പെട്ട് മേയറുടെ ലെറ്റര്‍പാഡില്‍ എഴുതിയ കത്തും സി.പി.എം ജില്ല സെക്രട്ടറിയുടെ കത്തും പുറത്ത് വന്നിട്ടും കത്തിന്റെ ഉറവിടവും അത് എഴുതിയവരെ കണ്ടെത്താനും ക്രൈംബ്രാഞ്ച് സംഘത്തിന് ശുഷ്‌കാന്തിയില്ല. ശബ്ദിക്കുന്ന തെളിവുകള്‍ പുറത്ത് വന്നിട്ടും ആരോപണവിധേയരുടെ മൊഴി നേരിട്ടെത്തി എടുക്കാന്‍പോലും പൊലീസിന് ധൈര്യമില്ല.

സി.പി.എമ്മാണ് ഈ കേസിന്റെ ചരട് നിയന്ത്രിക്കുന്നത്. പൊലീസ് അതിനനുസരിച്ച് ചാടിക്കളിക്കുന്ന പാവയാണ്. മേയര്‍ക്ക് ചുവന്ന കാര്‍ഡ് കാട്ടാനുള്ള ഭയം കാരണം വിജിലന്‍സ് നേരത്തെ കൈകഴുകി. ഇഴഞ്ഞുനീങ്ങുന്ന ക്രൈംബ്രാഞ്ച് അന്വേഷണവും ഉടന്‍ തന്നെ സ്വാഹയാകുമെന്നും സുധാകരന്‍ പരിഹസിച്ചു.

ഭരണഘടനയെ അവഹേളിച്ച സജി ചെറിയാനെ കേസില്‍ നിന്നും ഒഴിവാക്കി മന്ത്രിപദത്തിലേക്ക് മടങ്ങാനും സ്വജനപക്ഷപാതം നടത്തിയ മേയറെ അധികാരത്തില്‍ തുടരാനുമുള്ള കളം ഒരുക്കുകയാണ് പൊലീസ്. എന്നാല്‍ ജനാധിപത്യബോധമുള്ള കേരളീയ സമൂഹം അതിനെ എതിര്‍ക്കുമെന്നും അവരുടെ വികാരം ഏറ്റെടുത്ത് ശക്തമായ പ്രക്ഷോഭം കോണ്‍ഗ്രസ് നടത്തുമെന്നും സുധാകരന്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K Sudhakarankerala policepinarayi vijayan
News Summary - K Sudhakaran against pinarayi vijayan and kerala police
Next Story