Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെളിവില്ലാകേസില്‍...

തെളിവില്ലാകേസില്‍ പ്രതിയാക്കാൻ സര്‍ക്കാറിന്റെ ജാഗ്രത പ്രശംസനീയം -കെ. സുധാകരന്‍ എംപി

text_fields
bookmark_border
തെളിവില്ലാകേസില്‍ പ്രതിയാക്കാൻ സര്‍ക്കാറിന്റെ ജാഗ്രത പ്രശംസനീയം -കെ. സുധാകരന്‍ എംപി
cancel

കണ്ണൂർ: തെളിവില്ലാത്ത കേസുകളില്‍ തന്നെ പ്രതിയാക്കാന്‍ സര്‍ക്കാര്‍ കാട്ടുന്ന ജാഗ്രത പ്രശംസനീയമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. 1995 ലെ ട്രെയിനിലെ വെടിവെയ്പ് കേസിലും മോന്‍സന്‍ മാവുങ്കല്‍ കേസിലും തന്നെ പ്രതിസ്ഥാനത്ത് നിര്‍ത്താനാണ് സര്‍ക്കാരും ആഭ്യന്തരവകുപ്പും ശ്രമിക്കുന്നത്. എന്നാല്‍ ഈ രണ്ടു കേസുകളില്‍ തനിക്കെതിരായി ഒരു തെളിവും സര്‍ക്കാരിന്റെ കയ്യിലില്ലെന്നതാണ് വാസ്തവം -സുധാകരൻ പ്രസ്താവനയിൽ പറഞ്ഞു.

ഏകപക്ഷീയമായ നടപടികളിലൂടെ തന്നെ കുടുക്കാനുള്ള സര്‍ക്കാരിനെ പ്രേരിപ്പിക്കുന്ന ചേതോവികാരം അത്ഭുതപ്പെടുത്തുന്നതാണ്. രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ടുനേരിടുന്നതാണ് ജനാധിപത്യ ശൈലി. മറിച്ച് ഗൂഡാലോചന നടത്തിയും വളഞ്ഞ വഴിയിലൂടെയും വേട്ടയാടാന്‍ ശ്രമിക്കുന്നത് ഭീരുത്വമാണ്.

ഭരണഘടനയെ ബഹുമാനിക്കാത്ത, രാജ്യത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ജനപ്രതിനിധികളുടെ കൂടാരമാണ് എല്‍ഡിഎഫ്. ദേശവിരുദ്ധ പരാമര്‍ശം നടത്തിയ കെടി ജെലീലിനെ സംരക്ഷിക്കുകയാണ് സിപിഎമ്മും മുഖ്യമന്ത്രിയും. ജലീല്‍ നടത്തിയ പരാമര്‍ശത്തിന്റെ ഗൗരവം ചൂണ്ടിക്കാണിക്കാനും തെറ്റുതിരുത്തി മാപ്പ് പറയാനും നിര്‍ദ്ദേശിക്കാനുമുള്ള ആര്‍ജ്ജവം കൈമോശം വന്നവരാണ് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും തലപ്പത്ത് ഇരിക്കുന്നത്. കഴിവും പ്രാപ്തിയുമുള്ള മന്ത്രിമാര്‍ കുറവെന്ന് പരസ്യമായി സമ്മതിക്കേണ്ട ഗതികെട്ട മുഖ്യമന്ത്രിയുടെ തനിക്കെതിരായ രാഷ്ട്രീയ പ്രതികാര നടപടിയെ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും കെ.സുധാകരന്‍ പറഞ്ഞു.

രാഷ്ട്രീയ വൈര്യത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ താല്‍പ്പര്യം കാട്ടുന്ന ആഭ്യന്തരവകുപ്പ് എന്തുകൊണ്ടാണ് എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരായ കേസ് അന്വേഷണത്തില്‍ അലംഭാവം കാണിക്കുന്നത്. വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിർദേശിച്ചിട്ടും അതിന് ആഭ്യന്തരവകുപ്പിന് ഒട്ടും താല്‍പര്യമില്ല. എല്‍ഡിഎഫ് കണ്‍വീനറെ ഒന്നു വിളിച്ച് എന്താണ് നടന്നതെന്ന് ചോദിക്കാന്‍ പോലും പൊലീസിന് മുട്ട് വിറയ്ക്കുന്നു. സിപിഎമ്മിന്റെ ആസ്ഥാനമായ എകെജി സെന്ററില്‍ പടക്കം എറിഞ്ഞ അജ്ഞാത ശക്തിയെ കണ്ടെത്താന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും എല്ലാം ഇക്കാര്യത്തില്‍ ഇരുട്ടില്‍ത്തപ്പുകയാണ്. എകെജി സെന്ററിലെ പടക്കമേറുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയില്‍ പോയാല്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ജയിലില്‍ കിടക്കുമെന്ന് സിപിഎമ്മിനും കേരള സര്‍ക്കാരിനും ഉത്തമബോധ്യമുള്ളത് കൊണ്ടാണ് ആ കേസിലെ പ്രതി ഇപ്പോഴും കാണാമറയത്ത് നില്‍ക്കുന്നതെന്നും സുധാകരന്‍ പരിഹസിച്ചു.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ പൊലീസ് രാഷ്ട്രീയം കളിക്കുകയാണ്. എകെജി സെന്ററിന്റെയും ജില്ലാ സെക്രട്ടറിയേറ്റുകളുടെയും ആജ്ഞയും തിട്ടൂരവും അനുസരിക്കുക മാത്രമാണ് കേരള പൊലീസിന്റെ പണി. മോന്തായം വളഞ്ഞാല്‍ അറുപത്തിനാലും വളയും എന്ന പഴഞ്ചൊല്ല് അര്‍ത്ഥവത്താക്കുന്ന വിധമാണ് സംസ്ഥാന ഭരണം. സ്വര്‍ണ്ണക്കടത്ത്, കറന്‍സിക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ മുഖ്യമന്ത്രിയും കുടുംബവും പ്രതിസ്ഥാനത്താണ്. ആരോപണം ഉന്നയിച്ച വ്യക്തിക്കെതിരെ കോടതിയില്‍ നിയമപോരാട്ടം നടത്താന്‍പോലും ധൈര്യമില്ലാത്ത മുഖ്യമന്ത്രിയും പൊലീസുമാണ് ഇത്തരം ഓലപാമ്പ് കാട്ടി തന്നെ പേടിപ്പിക്കാന്‍ നോക്കുന്നത്. മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെടെയുള്ള തനിക്കെതിരായ കള്ളക്കേസുകളെ വെല്ലുവിളിച്ച് കോടതിയില്‍ താന്‍ നിയമപോരാട്ടം നടത്തുകയാണ്. മടിയില്‍ കനമില്ലെന്ന പരസ്യബോര്‍ഡ് വെച്ചിട്ട് കാര്യമില്ല. അത് പ്രവൃത്തിയിലൂടെ തെളിയിക്കുകയാണ് വേണ്ടത്. അതിനുള്ള തന്റേടവും ചങ്കൂറ്റവും ഇല്ലാത്ത വ്യക്തിയാണ് ആഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രി -സുധാകരൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k sudhakaranLDFMonson MavunkalPinarayi Vijayan
News Summary - k sudhakaran against LDF govt
Next Story